കണ്ണൂര്‍ തളിപ്പറമ്പില്‍ തീ പിടുത്തം; പത്ത് കടകളില്‍ തീ പടര്‍ന്നു
കണ്ണൂര്‍ : തളിപ്പറമ്പില്‍ വന്‍തീപ്പിടിത്തം. ബസ് സ്റ്റാന്‍ഡിന് സമീപം ദേശീയപാതയോട് ചേര്‍ന്നുള്ള കെട്ടിടത്തിലാണ് തീപ്പിടിച്ചിരിക്കുന്നത്. കളിപ്പാട്ടങ്ങൾ വിൽക്കുന്ന കടയിൽനിന്നാണ് ആദ്യം തീപടർന്നതെന്നാണ് വിവരം.
മൊബൈല്‍ ഷോപ്പുകളും തുണിക്കടകളും ഉള്‍ക്കൊള്ളുന്നതാണ് കെട്ടിടം. ഇതുവരെ ആളാപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. കണ്ണൂര്‍, പയ്യന്നൂര്‍ തുടങ്ങിയ സ്ഥലങ്ങളിൽനിന്ന് അഗ്നിശമനസേന പ്രദേശത്തേക്ക് തിരിച്ചിട്ടുണ്ട്.
വൈകീട്ട് അഞ്ചരയോടെയാണ് തീപിടത്തമുണ്ടായത്. ഒരു മണിക്കൂറിലേറെയായി തീ ആളി കത്തുകയാണ്. അഞ്ചോളം കടകള്‍ ഇതിനകം കത്തി നശിച്ചു. ഇതുവരെ തീ നിയന്ത്രണ വിധേയമാക്കാനായിട്ടില്ല.
തീയണയ്ക്കാന്‍ ആവശ്യമായ അഗ്നിശമനസേനാ യൂണിറ്റുകള്‍ എത്തിയിട്ടില്ലെന്നും അധികൃതര്‍ നിസ്സംഗത കാണിച്ചുവെന്നും നാട്ടുകാര്‍ ആരോപിച്ചു.
തീയണയ്ക്കാനുള്ള ശ്രമങ്ങള്‍ സജീവമായി നടക്കുന്നുണ്ടെന്ന് സ്ഥലം എംഎല്‍എയും സിപിഎം സംസ്ഥാന സെക്രട്ടറിയുമായ എം.വി.ഗോവിന്ദന്‍ പറഞ്ഞു. മുഖ്യമന്ത്രിയുടെ ഓഫീസ് നേരിട്ട് ഇടപെടല്‍ നടത്തുന്നുണ്ട്. കണ്ണൂര്‍ ജില്ലയിലെ എല്ലാ അഗ്നിശമനസേനാ യൂണിറ്റുകളോടും പ്രദേശത്തേക്ക് തിരിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.