ഭക്ഷ്യസുരക്ഷ: 160 സ്‌കൂളുകളില്‍ ഷുഗര്‍ ബോര്‍ഡുകള്‍ സ്ഥാപിച്ചു

 

 

പഞ്ചസാരയുടെയും കോളകളുടെയും അമിത ഉപയോഗത്തിനെതിരായ ബോധവത്കരണ പരിപാടിയുടെ ഭാഗമായി ജില്ലയിലെ 160 സ്‌കൂളുകളില്‍ ഷുഗര്‍ ബോര്‍ഡുകള്‍ സ്ഥാപിച്ചതായി അസി. കലക്ടര്‍ മോഹനപ്രിയയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഭക്ഷ്യ സുരക്ഷാ വകുപ്പ് ജില്ലാതല ഉപദേശക സമിതി യോഗം അറിയിച്ചു. ബാക്കിയുള്ള സ്‌കൂളുകളില്‍ ഉടന്‍ സ്ഥാപിക്കും. എസ്എന്‍എഫ് (സേഫ് ആന്‍ഡ് ന്യൂട്രീഷ്യസ് ഫുഡ്) അറ്റ് സ്‌കൂള്‍ പദ്ധതി ജില്ലയിലെ 30 സ്‌കൂളുകളിലും ഈറ്റ് റൈറ്റ് സ്‌കൂള്‍ പദ്ധതി 26 സ്‌കൂളുകളിലും ഹൈജീന്‍ റേറ്റിങ് ജില്ലയിലെ 520 ഭക്ഷ്യ സ്ഥാപനങ്ങളിലും നടപ്പാക്കുന്ന പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണെന്നും യോഗത്തില്‍ അറിയിച്ചു.

ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി ജില്ലയിലെ പരിശോധനകള്‍ ഊര്‍ജിതമാക്കണമെന്നും സ്‌കൂള്‍ കാന്റീനുകളിലും മറ്റും ജങ്ക് ഫുഡുകള്‍ക്ക് പകരം നാടന്‍ ഭക്ഷണങ്ങള്‍ ഉപയോഗിക്കുന്നത് പ്രോത്സാഹിപ്പിക്കണമെന്നും അസി. കലക്ടര്‍ മോഹനപ്രിയ നിര്‍ദേശിച്ചു.

ഭക്ഷ്യ സുരക്ഷാ വകുപ്പ് ഈ ക്വാര്‍ട്ടറില്‍ (ഏപ്രില്‍-ജൂണ്‍) ജില്ലയില്‍ നടത്തിയ പ്രവര്‍ത്തനങ്ങളുടെ അവലോകനവും ഭക്ഷ്യ വിഷബാധ ഒഴിവാക്കുന്നതിനുള്ള മുന്‍കരുതലുകളും യോഗം ചര്‍ച്ച ചെയ്തു. ഈ ക്വാര്‍ട്ടറില്‍ ജില്ലയില്‍ 1,553 ഭക്ഷ്യസുരക്ഷ ലൈസന്‍സും 5,983 രജിസ്‌ട്രേഷനുകളും അനുവദിച്ചു. 1,606 പരിശോധനകള്‍ നടത്തി. 473 സ്റ്റാറ്റിയൂട്ടറി സാമ്പിളുകളും 626 സര്‍വെയ്ലന്‍സ് സാമ്പിളുകളും ശേഖരിച്ച് പരിശോധന നടത്തി. സാമ്പിള്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ 37 കേസുകള്‍ ഫയല്‍ ചെയ്തു. ചെറിയ രീതിയിലുള്ള നിയമ ലംഘനങ്ങള്‍ കണ്ടെത്തിയ 106 സ്ഥാപനങ്ങള്‍ക്ക് തിരുത്തല്‍ നോട്ടീസ് നല്‍കുകയും വലിയ ലംഘനങ്ങള്‍ കണ്ടെത്തിയ 50 സ്ഥാപനങ്ങള്‍ക്ക് 2,04,000 രൂപ പിഴയിടുകയും ചെയ്തു.

യോഗത്തില്‍ ഭക്ഷ്യ സുരക്ഷാ വിഭാഗം അസി. കമീഷണര്‍ എ സക്കീര്‍ ഹുസൈന്‍, അസി. പോലീസ് കമീഷണര്‍ ദിനേഷ് കോറോത്ത്, ഡെപ്യൂട്ടി ഡിഎംഒ ഡോ. വി ആര്‍ ലതിക, ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥര്‍, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

 

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!