ചാമ്പ്യന്‍സ് ബോട്ട് ലീഗ് ന് വിപുലമായ സൗകര്യങ്ങള്‍

 

 

സംസ്ഥാന ടൂറിസം വകുപ്പ് സംഘടിപ്പിക്കുന്ന ചുണ്ടന്‍ വള്ളങ്ങളുടെ ഐപിഎല്‍ മാതൃകയിലുള്ള ലീഗ് മത്സരമായ ചാമ്പ്യന്‍സ് ബോട്ട് ലീഗ് കാണാന്‍ പരമാവധി പേര്‍ക്ക് സൗകര്യം ഒരുക്കും. ചാലിയാര്‍ പുഴയില്‍ ഒക്ടോബര്‍ 12ന് ഉച്ചക്ക് രണ്ട് മുതല്‍ നടക്കുന്ന സിബിഎല്‍ മത്സരങ്ങളുമായി ബന്ധപ്പെട്ട് ജില്ലാ കലക്ടര്‍ സ്നേഹില്‍ കുമാര്‍ സിംഗിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന അവലോകന യോഗത്തിലാണ് തീരുമാനം.

മത്സരം നടക്കുന്ന പ്രദേശം വൃത്തിയാക്കാനും ജനപങ്കാളിത്തം ഉറപ്പാക്കാന്‍ ആവശ്യമായ പ്രചാരണം നടത്താനും കലക്ടര്‍ നിര്‍ദേശം നല്‍കി. പരിപാടിയുടെ വിജയകരമായ നടത്തിപ്പിന് വിവിധ വകുപ്പുകളുടെ ഏകോപനം കലക്ടര്‍ ഉറപ്പുവരുത്തി. ചാലിയാര്‍ പുഴയില്‍ ഫറോക്ക് പുതിയ പാലത്തില്‍നിന്ന് ആരംഭിച്ച് പഴയ പാലത്തിന് സമീപം അവസാനിക്കുന്ന മത്സരത്തിന്റെ സുരക്ഷ സംവിധാനങ്ങള്‍ക്കായി അഗ്‌നിരക്ഷാ സേന, കോസ്റ്റ് ഗാര്‍ഡ്, സിവില്‍ ഡിഫന്‍സ് എന്നിവരുടെ സേവനം ഉറപ്പ് വരുത്തും.

കളക്ടറുടെ ചേംബറില്‍ ചേര്‍ന്ന യോഗത്തില്‍ കടലുണ്ടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി അനുഷ, ഫറോക്ക് നഗരസഭ കൗണ്‍സിലര്‍ എം സമീഷ്, ടൂറിസം ഡി ഡി പ്രദീപ് ചന്ദ്രന്‍, ഡി.ടി.പി.സി സെക്രട്ടറി ടി നിഖില്‍ ദാസ്, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.

 

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!