പിഷാരികാവ് ക്ഷേത്രത്തിലെ ഉരുപ്പടികളും നിക്ഷേപവും കൈകാര്യം ചെയ്യുന്നത് സംബന്ധിച്ച് സമഗ്രമായ പരിശോധന വേണം; ക്ഷേത്രക്ഷേമ സമിതി

 

 

കൊയിലാണ്ടി: കൊല്ലം ശ്രീപിഷാരികാവ് ക്ഷേത്രത്തിലെ സ്വര്‍ണ്ണം , വെള്ളി ഉരുപ്പടികളും, കോടികളുടെ സ്ഥിര നിക്ഷേപവും കൈകാര്യം ചെയ്യുന്നത് സംബന്ധിച്ച് സമഗ്രമായ പരിശോധന വേണമെന്നും, ക്ഷേത്ര സമ്പത്ത് സംബന്ധിച്ച വിവരങ്ങള്‍ ഭക്തജനങ്ങളെ അറിയിക്കാന്‍ നടപടി വേണമെന്നും ക്ഷേത്രക്ഷേമ സമിതി ജനറല്‍ബോഡി യോഗം മലബാര്‍ ദേവസ്വം ബോര്‍ഡ് അധികൃതരോട് ആവശ്യപ്പെട്ടു.

ശബരിമലയിലും, മറ്റും ഉയര്‍ന്നു വന്നിട്ടുള്ള ആരോപണങ്ങള്‍ ഭക്തരെ ആശങ്കപ്പെടുത്തുന്നതാണ്. ക്ഷേത്രത്തില്‍ കാണിക്കയായി ലഭിക്കുന്ന സ്വര്‍ണ്ണവും പണവും സൂക്ഷിക്കുന്നതിനും വിനിയോഗിക്കുന്നതിനും മതിയായ സുരക്ഷാക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തണമെന്നും, പ്രായം ചെന്ന പാരമ്പര്യ ട്രസ്റ്റിമാരെ സ്വാധീനിച്ച് ഒരു മുന്‍ എക്‌സിക്യൂട്ടീവ് ഓഫീസര്‍ നിയമ വിരുദ്ധമായി ആറുലക്ഷത്തില്‍ പരം രൂപ ദേവസ്വം എക്കൗണ്ടില്‍ നിന്നും പിന്‍ വലിച്ചത് സംബന്ധിച്ച് ട്രസ്റ്റി ബോര്‍ഡ് അംഗങ്ങള്‍ തന്നെ ദേവസ്വം ബോര്‍ഡ് കമ്മീഷണര്‍ക്കും,പോലീസിലും പരാതി നല്കിയ പശ്ചാത്തലത്തില്‍ ക്ഷേത്രത്തിലെ സമ്പത്ത് കൈകാര്യം ചെയ്യുന്ന രീതിയെപ്പറ്റി ഭക്തജനങ്ങള്‍ക്കുള്ള ആശങ്ക ദുരീകരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു .

ക്ഷേത്രത്തില്‍ ദേവഹിതത്തിനു വിരുദ്ധമായി ഈശാനകോണില്‍ നിര്‍മ്മിക്കുന്ന ശൗചാലയത്തിന്റെയും മാലിന്യ സംസ്‌കരണ പ്ലാന്റിന്റേയും പ്രവൃത്തി നടത്തുന്നതിന് ചില വ്യാജ രേഖകള്‍ ഹാജരാക്കി ബഹു. കോടതിയെ തെറ്റിദ്ധരിപ്പിച്ചു നേടിയെടുത്ത അനുമതി റദ്ദാക്കുന്നതിന് നിയമനടപടി തുടരാനും യോഗം തീരുമാനിച്ചു.

രക്ഷാധികാരി ഇ. എസ്. രാജന്‍ ഉദ്ഘാടനം ചെയ്തു. പ്രസിഡണ്ട് വി.വി. ബാലന്‍ അദ്ധ്യക്ഷം വഹിച്ചു . ജനറല്‍ സെക്രട്ടറി വി.വി.സുധാകരന്‍ പ്രവര്‍ത്തനറിപ്പോര്‍ട്ടും, വരവ് – ചെലവ് കണക്കും അവതരിപ്പിച്ചു. അഡ്വ. ടി.കെ. രാധാകൃഷ്ണന്‍, എന്‍ വി വത്സന്‍, ശശീന്ദ്രന്‍ മുണ്ടയ്ക്കല്‍, പി.വേണു, എന്‍. എം. വിജയന്‍, മോഹനന്‍ പൂങ്കാവനം , സി.കെ. ശശീന്ദ്രന്‍, കെ. പി. ബാബു രാജ്, വി.കെ. ദാമോദരന്‍, കെ. എം. ബാലകൃഷ്ണന്‍, പ്രജോദ് . സി. പി, സുധീഷ് കോവിലേരി , നാരായണന്‍ നായര്‍.കെ, സജിത്ത് തെക്കെയില്‍, ടി.എം.പ്രതാപ്ചന്ദ്രന്‍, അശോകന്‍.കെ, എന്നിവര്‍ സംസാരിച്ചു.

 

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!