സമഗ്ര വനനയത്തിലൂടെ ചന്ദനമരം വളര്‍ത്തി ലാഭമുണ്ടാക്കാന്‍ കര്‍ഷകര്‍ക്ക് അവസരമൊരുക്കും -മന്ത്രി എ കെ ശശീന്ദ്രന്‍

 

കോഴിക്കോട്: ചന്ദന തൈകള്‍ നട്ടുവളര്‍ത്തി കര്‍ഷകര്‍ക്ക് വരുമാനമുണ്ടാക്കാന്‍ അവസരമൊരുക്കുമെന്ന് വനം-വന്യജീവി സംരക്ഷണ വകുപ്പ് മന്ത്രി എ കെ ശശീന്ദ്രന്‍. ആദ്യപടിയായി സ്വകാര്യ ഭൂമിയിലെ ചന്ദനമരം വനം വകുപ്പ് മുഖേന മുറിച്ച് വില്‍പന നടത്താനുള്ള നിയമനിര്‍മാണം ഒരു വര്‍ഷത്തിനുള്ളില്‍ നടപ്പാക്കും. ഒരു കോടി ചന്ദന തൈകള്‍ കേരളത്തിലുടനീളം നട്ടുവളര്‍ത്തുമെന്നും വനം-വന്യജീവി വകുപ്പിന്റെ നേതൃത്വത്തില്‍ ഒക്ടോബര്‍ എട്ട് വരെ നടക്കുന്ന വന്യജീവി വാരാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിച്ചുകൊണ്ട് മന്ത്രി പറഞ്ഞു. വില്‍പ്പന നടത്തുന്ന ചന്ദന മരത്തിന്റെ വില കര്‍ഷകന് ലഭ്യമാകുന്നതിലൂടെ സംസ്ഥാനത്ത് ചന്ദനകൃഷി പ്രോത്സാഹിപ്പിക്കാന്‍ സാധിക്കും. സമഗ്ര വനനയം പ്രഖ്യാപിച്ച് മുന്നോട്ടുപോകാനാണ് സര്‍ക്കാര്‍ ആഗ്രഹിക്കുന്നതെന്നും മന്ത്രി പറഞ്ഞു.

സംസ്ഥാനത്തെ തെരഞ്ഞെടുത്ത 100 കോളേജുകളെ നോളജ് പാര്‍ട്ണര്‍ ഇന്‍സ്റ്റിറ്റിയൂഷന്‍സ് ആയി പ്രഖ്യാപിച്ച് വന മേഖലകളുമായി ബന്ധപ്പെട്ട ഗവേഷണ, അവബോധ, വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളില്‍ സ്ഥിര പങ്കാളികളാക്കാനുള്ള പദ്ധതിയുടെ പ്രഖ്യാപനവും മന്ത്രി നിര്‍വഹിച്ചു. ഈ സ്ഥാപനങ്ങളിലെ വിദ്യാര്‍ഥികള്‍ക്ക് വനം, വന്യജീവി വിഷയങ്ങളില്‍ ഇന്റേണ്‍ഷിപ്പ്, ചെറുഗവേഷണങ്ങള്‍തുടങ്ങിയവ ചെയ്യാന്‍ പദ്ധതിവഴി സാധിക്കും. മാനവരാശിയുടെ നിലനില്‍പ്പിന് വനങ്ങളും വന്യജീവികളെയും സംരക്ഷിക്കേണ്ടത് ഓരോരുത്തരുടെയും ആവശ്യമാണെന്നും കര്‍മനിരതരായ ഒരു സേനയായി വനം വകുപ്പിനെ മാറ്റിയെടുത്തതായും മന്ത്രി പറഞ്ഞു.

വനശ്രീയിലെ സോഷ്യല്‍ ഫോറസ്ട്രി വിഭാഗത്തിന്റെ നേതൃത്വത്തില്‍ ആരംഭിക്കുന്ന ട്രീ ബാങ്കിങ് പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനവും മന്ത്രി നിര്‍വഹിച്ചു. നക്ഷത്രവനം, ശലഭോദ്യാനം എന്നിവ വിജയകരമായി പൂര്‍ത്തിയാക്കിയ സ്‌കൂളുകള്‍ക്കും കോളേജുകള്‍ക്കും പുതുതായി അംഗീകാരം ലഭിച്ച സ്‌കൂളുകള്‍ക്കും കോളേജുകള്‍ക്കുമുള്ള ഉപഹാരങ്ങള്‍ മന്ത്രി എ കെ ശശീന്ദ്രന്‍, മേയര്‍ ബീനാ ഫിലിപ്പ് എന്നിവര്‍ ചേര്‍ന്ന് സമ്മാനിച്ചു. അരണ്യം മാസിക സ്‌പെഷ്യല്‍ പതിപ്പ് പ്രകാശനം വനം-വന്യജീവി വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി മിന്‍ഹാജ് ആലം നിര്‍വഹിച്ചു.

ചേളന്നൂര്‍ ശ്രീനാരായണഗുരു കോളേജില്‍ നടന്ന ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി അധ്യക്ഷയായി. വന്യജീവി വാരാഘോഷ സന്ദേശം ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസര്‍ വി പി ജയപ്രകാശ് കൈമാറി. എഴുത്തുകാരന്‍ റിഹാന്‍ റാഷിദ് മുഖ്യ പ്രഭാഷണം നടത്തി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ പി പി നൗഷീര്‍, കെ ടി പ്രമീള, സി എം ഷാജി, കൃഷ്ണവേണി മാണിക്കോത്ത്, എ സരിത, ജില്ലാ പഞ്ചായത്ത് അംഗം ഇ ശശീന്ദ്രന്‍, ചേളന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് വികസന സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സന്‍ ഹരിദാസന്‍ ഈച്ചരോത്ത്, ചേളന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് അംഗം ഐഷാബി, ചേളന്നൂര്‍ ഗ്രാമപഞ്ചായത്ത് അംഗങ്ങളായ കവിത, എന്‍ രമേശന്‍, കൗണ്‍സിലര്‍ എം എസ് തുഷാര, ചീഫ് വൈല്‍ഡ്‌ലൈഫ് വാര്‍ഡന്‍ ആന്‍ഡ് അഡീഷണല്‍ പ്രിന്‍സിപ്പല്‍ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ പ്രമോദ് ജി കൃഷ്ണന്‍, സോഷ്യല്‍ ഫോറസ്ട്രി ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ ആര്‍ കീര്‍ത്തി, വര്‍ക്കിങ് പ്ലാന്‍ ഓഫീസര്‍ പി കെ ആസിഫ്, ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസര്‍മാരായ വി സന്തോഷ് കുമാര്‍, യു ആഷിഖ് അലി, അസി. ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍മാരായ എ പി ഇംതിയാസ്, സത്യപ്രഭ, കെ നീതു, ശ്രീനാരായണഗുരു കോളേജ് പ്രിന്‍സിപ്പല്‍ എസ് പി കുമാര്‍, ഡോ. ഇ എസ് അഭിലാഷ്, ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് വയനാട് വന്യജീവി സങ്കേതം അസി. ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ എം ജോഷില്‍ നയിച്ച വൈല്‍ഡ് ലൈഫ് ക്വിസ് നടന്നു.

 

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!