വീടുകളിലെ ബയോമെഡിക്കല്‍ മാലിന്യം ശേഖരിക്കാന്‍ പദ്ധതിയുമായി കൊയിലാണ്ടി നഗരസഭ

 

കൊയിലാണ്ടി: വീടുകളിലെ ബയോമെഡിക്കല്‍ മാലിന്യങ്ങള്‍ കത്തിക്കുന്നതും കുഴിച്ചുമൂടുന്നതും പൊതുസ്ഥലങ്ങളില്‍ തള്ളുന്നതും ഒഴിവാക്കാന്‍ പുതിയ പദ്ധതിയുമായി കൊയിലാണ്ടി നഗരസഭ. സാനിറ്ററി മാലിന്യങ്ങള്‍ ശേഖരിക്കാന്‍ സര്‍ക്കാര്‍ ചുമതലപ്പെടുത്തിയ ‘ആക്രി’ എന്ന ഏജന്‍സിയുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കുക. കുറഞ്ഞ യൂസര്‍ ഫീ ഈടാക്കി വീടുകളില്‍നിന്ന് ബയോമെഡിക്കല്‍ മാലിന്യം ശേഖരിച്ച് സംസ്‌കരിക്കും. ആവശ്യക്കാര്‍ ആപ്പില്‍ രജിസ്റ്റര്‍ ചെയ്ത് തീയതി അറിയിച്ചാല്‍ ഏജന്‍സി മാലിന്യം കൊണ്ടുപോകും. ഗൂഗിള്‍ പ്ലേ സ്റ്റോറിലും ആപ്പ് സ്റ്റോറിലും ‘ആക്രി’ ആപ്പ് ഡൗണ്‍ലോഡ് ചെയ്യാം.

മാലിന്യം സൂക്ഷിക്കാന്‍ ഓരോ വീടിനും അണുമുക്തമാക്കിയ സഞ്ചി നല്‍കും. ഉപയോഗിച്ച ഡയപറുകള്‍, സാനിറ്ററി പാഡുകള്‍, മെഡിസിന്‍ സ്ട്രിപ്പുകള്‍, ഡ്രസ്സിങ് കോട്ടണ്‍, സിറിഞ്ചുകള്‍, കാലഹരണപ്പെട്ട മരുന്നുകള്‍, മറ്റു ക്ലിനിക്കല്‍ ലബോറട്ടറി മാലിന്യങ്ങള്‍ എന്നിവയാണ് ശേഖരിക്കുക. ടോള്‍ ഫ്രീ നമ്പറില്‍ 08031405048 (വാട്സ്ആപ്പ് നമ്പര്‍ 7591911110) ബന്ധപ്പെട്ടാലും വീടുകളിലെത്തി മാലിന്യം ശേഖരിക്കും. തുടര്‍ന്ന് ശാസ്ത്രീയമായി സംസ്‌കരിക്കാന്‍ നിലവില്‍ ശുചിത്വമിഷന്റെ അംഗീകാരമുള്ള ആക്രി ഏജന്‍സി മുഖേന കെ.ഐ.എ.എല്ലിന് കൈമാറുന്നതാണ് പദ്ധതി.

വീടുകളില്‍ നിന്നുള്ള ബയോമെഡിക്കല്‍ മാലിന്യത്തിന് കിലോക്ക് 45 രൂപയും അഞ്ച് ശതമാനം ജിഎസ്ടിയും ഫീസായി നല്‍കണം. എട്ട് രൂപ വിലവരുന്ന നോണ്‍ ക്ലോറിനേറ്റഡ് ബാഗ് ഏജന്‍സി വിതരണം ചെയ്യും. ഈ ബാഗിലാണ് സാനിറ്ററി മാലിന്യങ്ങള്‍ കൈമാറേണ്ടത്. ആഴ്ചയിലൊരിക്കല്‍ വീടുകളില്‍നിന്ന് മാലിന്യം ശേഖരിക്കുമെന്ന് നഗരസഭചെയര്‍പേഴ്‌സണ്‍സുധ കിഴക്കേപ്പാട്ട് പറഞ്ഞു.

 

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!