മേപ്പയ്യൂര്‍ ഗ്രാമപഞ്ചായത്ത് ജനകീയ ജൈവ വൈവിധ്യ രജിസ്റ്ററിന്റെ രണ്ടാം ഭാഗം പ്രകാശനം ചെയ്തു
മേപ്പയ്യൂര്‍: ജൈവവിഭവങ്ങളെക്കുറിച്ച് ജനങ്ങള്‍ക്കുള്ള അറിവുകള്‍ ശാസ്ത്രീയമായി രേഖപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ മേപ്പയ്യൂര്‍ ഗ്രാമപഞ്ചായത്തില്‍ തയാറാക്കിയ ജൈവ വൈവിധ്യ രജിസ്റ്ററിന്റെ രണ്ടാംഭാഗം ടി പി രാമകൃഷ്ണന്‍ എംഎല്‍എ പ്രകാശനം ചെയ്തു. കാലാവസ്ഥാ വ്യതിയാനത്താലും പൊതുസമൂഹത്തിന്റെ അലക്ഷ്യമായ ഇടപെടലുകളാലും വന്നുചേര്‍ന്ന മാറ്റങ്ങളും പുതിയ കണ്ടെത്തലും ഉള്‍പ്പെടുത്തിയും പ്രാദേശിക അറിവുകള്‍ പ്രയോജനപ്പെടുത്തിയുമുള്ള ജനകീയ ജൈവ വൈവിധ്യ രജിസ്റ്ററിന്റെ പരിഷ്‌കരിച്ച ഭാഗമാണ് പ്രസിദ്ധീകരിച്ചത്. ജൈവ വൈവിധ്യ നിയമത്തിലെ വ്യവസ്ഥകളനുസരിച്ച് 2012ലാണ് ആദ്യമായി ജൈവ വൈവിധ്യ പരിപാലന സമിതിയുടെ നേതൃത്വത്തില്‍ ജനകീയ വിവരശേഖരണം നടത്തി രജിസ്റ്റര്‍ തയാറാക്കിയത്. പൊതുജനങ്ങളുടെയും വിദ്യാര്‍ഥികളുടെയും അറിവിലേക്കായി ഡിജിറ്റല്‍ രൂപത്തില്‍ പിന്നീട് ലഭ്യമാക്കും.
ചടങ്ങില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ ടി രാജന്‍ അധ്യക്ഷനായി. മേലടി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി പ്രസന്ന, ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷന്‍ മഞ്ഞക്കുളം നാരായണന്‍, ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ വി സുനില്‍, ഭാസ്‌കരന്‍ കൊഴുക്കല്ലൂര്‍, വാര്‍ഡ് മെമ്പര്‍ റാബിയ എടത്തിക്കണ്ടി, പഞ്ചായത്ത് സെക്രട്ടറി ഷാജി എം സ്റ്റീഫന്‍, ഹരിതകേരളം മിഷന്‍ ടെക്‌നിക്കല്‍ അസിസ്റ്റന്റ് വിവേക് വിനോദ് എന്നിവര്‍ സംസാരിച്ചു. കെ.എസ്.ബി.ബി ജില്ലാ കോഓഡിനേറ്റര്‍ ഡോ മഞ്ജു, ജൈവ വൈവിധ്യ പരിപാലന സമിതി കണ്‍വീനര്‍ സത്യന്‍ മേപ്പയ്യൂര്‍ എന്നിവര്‍ വിഷയാവതരണം നടത്തി. ഗ്രാമപഞ്ചായത്തിലെ 16 സ്‌കൂളുകളിലെ പരിസ്ഥിതി ക്ലബ് ചുമതലയുള്ള അധ്യാപകര്‍, വിദ്യാര്‍ഥികള്‍, മേപ്പയ്യൂര്‍ ഹൈസ്‌കൂളിലെ ഗ്രീന്‍ കേഡറ്റ് കോര്‍പ്‌സ് അംഗങ്ങള്‍, ഹരിതകര്‍മസേന അംഗങ്ങള്‍, വാര്‍ഡ് വികസന സമിതി കണ്‍വീനര്‍മാര്‍, പരിസ്ഥിതി പ്രവര്‍ത്തകര്‍ എന്നിവര്‍ പങ്കാളികളായി.