മാവേലിക്കസ് 2025, മുത്തു മഴയായ് ചിന്മയി സ്‌നേഹസാന്ദ്രം സംഗീത രാവ്

മഴ മാറി നിന്ന രാവില്‍, കോഴിക്കോടെ ആരാധക സദസ്സിനുമേൽ മുത്തു മഴയായി പെയ്‌തിറങ്ങി ഭാവനായിക ചിന്മയി ശ്രീപദ. സംസ്ഥാന സർക്കാരിൻ്റെ ഓണാഘോഷം മാവേലിക്കസ് 2025 ന്റെ സമാപന ദിനം ലുലു മാളിലെ വേദിയിൽ പിന്നണി ഗായിക ചിന്മയി ശ്രീപദയുടെ ശബ്ദ മാന്ത്രികതയിൽ കോഴിക്കോടെ സംഗീതാസ്വാദകൾ അലിഞ്ഞു ചേർന്നു. നിലപാട് കൊണ്ടും വേറിട്ട ശബ്ദം കൊണ്ടും ആലാപനം കൊണ്ടും തരംഗമായി മാറിയ ചിന്മയി ആദ്യമായാണ് കോഴിക്കോട് വേദിയിലെത്തുന്നത്.

കണ്ണത്തിൽ മുത്തമിട്ടാൻ സിനിമയിലെ അതിപ്രശസ്തമായ ഒരു ദൈവം തന്ത പൂവേ പാടിയാണ് ചിന്മയി ഷോ ആരംഭിച്ചത്. 1996 ലെ കാതലേ കാതലേ പാട് ഹർഷാരവത്തോടെയാണ് സദസ്സ് ഏറ്റെടുത്തത്. ആത്തങ്കര മനമേ, കുക്കൂ കുക്കൂ കുറുവാലി, ചിന്നമ്മ ചേകമ്മ, എന്നോട് നീ ഇരുന്താൽ, മൻ മസ്ത് മഗൻ, സെഹനനീബ് തുടങ്ങി ഹിറ്റ് ഗാനങ്ങളും ആടു ജീവിതത്തിലെ നിന്നെ കിനാവു കാണും പാട്ടും പാടിയ ചിന്മയി തഗ് ലൈഫിലെ മുത്തു മഴ പാട്ട് പാടുന്നതിനായി സദസ്സ് അക്ഷമരായി കാത്തുനിന്നു. ഈ പാട്ടിനായി സദസ്സിൽ നിന്ന് ആവശ്യം ഉയർന്നു കൊണ്ടേയിരുന്നു. എന്തിരനിലെ കിളിമഞ്ചാരോ, ദമാദം മസ്ത് കലന്ദർ പാട്ടുകൾക്കൊപ്പം സദസ്സ് ഒന്നടങ്കം താളമിട്ടും നൃത്തം ചെയ്തും മൊബൈൽ വീശിയും ഒപ്പം ചേര്‍ന്നു. കാത്തിരിപ്പിനൊടുവിൽ മുത്തു മഴ പെയ്തിറങ്ങിയപ്പോൾ നിറഞ്ഞ കരഘോഷത്തോടെ സദസ്സ് വരവേറ്റു.

 

 

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!