ബൈപാസുകളെ തമ്മിൽ ബന്ധിപ്പിക്കുന്ന മാങ്കാവ്‌ – മേത്തോട്ട്‌ താഴം റോഡ്; ഏറ്റെടുത്ത ഭൂമിയുടെ രേഖ മന്ത്രി മുഹമ്മദ് റിയാസ് കൈമാറി

ജില്ലയിലെ പ്രധാന ബൈപാസുകളെ തമ്മിൽ ബന്ധിപ്പിക്കുന്ന മാങ്കാവ്‌–മേത്തോട്ട്‌ താഴം റോഡിനായി ഏറ്റെടുത്ത ഭൂമിയുടെ രേഖ കൈമാറൽ ചടങ്ങ് പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു കോഴിക്കോട് നഗരത്തിലെ ജനങ്ങളുടെ ഏറ്റവും വലിയ വികസന സ്വപ്നമാണ് സാക്ഷാത്കരിക്കപ്പെടുന്നതെന്നും
പതിറ്റാണ്ടുകളായി നടപ്പിലാക്കാൻ സാധിക്കാതെ പോയ പദ്ധതിയാണ് നടപ്പിലാവുന്നതെന്നും മന്ത്രി പറഞ്ഞു. മാങ്കാവ്‌ – മേത്തോട്ട്‌ താഴം റോഡിനായുള്ള ഭൂമി ഏറ്റെടുക്കലിന് നിരന്തരം പിന്തുണ നൽകിയ കോഴിക്കോട് കോർപ്പറേഷനെ മന്ത്രി അഭിനന്ദിച്ചു.

മാങ്കാവ് ശ്‌മശാനം മുതൽ മേത്തോട്ട് താഴം വരെ രണ്ട് കിലോമീറ്റർ നീളത്തിൽ 18 മീറ്റർ വീതിയിൽ പുതിയ റോഡ് നിർമ്മിക്കുന്നതിനായി കോഴിക്കോട് കോർപ്പറേഷൻ 9.12 ഏക്കർ സ്‌ഥലം 31 കോടി നൽകി വാങ്ങിയ ഭൂമിയുടെ രേഖ റവന്യൂവകുപ്പിൽ നിന്നും മന്ത്രി ഏറ്റുവാങ്ങി. സ്ഥലം വിട്ടുനൽകിയ ഉടമസ്ഥരെയും മന്ത്രി ചടങ്ങിൽ അനുമോദിച്ചു. ജില്ലയിലെ പ്രധാന ബൈപാസുകളെ തമ്മിൽ ബന്ധിപ്പിക്കുന്ന റോഡ്‌ നിലവിൽ വരുന്നതോടെ ഗതാഗതക്കുരുക്കിനും ആശ്വാസമാകും.

കൊമ്മേരി ബസാറിൽ നടന്ന ചടങ്ങിൽ മേയർ ഡോ. ബീന ഫിലിപ്പ് അധ്യക്ഷയായി. അഹമ്മദ് ദേവർകോവിൽ എംഎൽഎ, ഡെപ്യൂട്ടി മേയർ സി പി മുസാഫർ അഹമ്മദ്, സ്‌ഥിരം സമിതി ചെയർപേഴ്‌സൺ ഡോ. എസ് ജയശ്രീ, കോർപ്പറേഷൻ ക്ഷേമകാര്യ സ്ഥിരം സമിതി ചെയർമാൻ പി ദിവാകരൻ, പൊതുമരാമത്ത് സ്ഥിരം സമിതി ചെയർമാൻ പി സി രാജൻ, നികുതി അപ്പീൽ സ്ഥിരം സമിതി ചെയർമാൻ പി കെ നാസർ, വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഒ പി ഷിജിന, വാർഡ് കൗൺസിലർമാരായ എൻ സി മോയിൻകുട്ടി, കവിത അരുൺ, എം സി അനിൽകുമാർ, എം പി സുരേഷ്, ഓമന മധു, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!