തോരായിക്കടവ് പാലത്തിൻ്റെ തകർച്ചയിൽ ആരോപണവുമായി കിഫ്ബി



കോഴിക്കോട്: തോരായിക്കടവ് പാലത്തിൻ്റെ തകർച്ചയിൽ ആരോപണവുമായി കിഫ്ബി. പാലത്തിന് അംഗീകൃത രൂപകൽപ്പനയിൽ നിന്ന് വ്യത്യാസം ഉണ്ടെന്ന് കിഫ്‌ബി സമൂഹമാധ്യമ കുറിപ്പിലൂടെ അറിയിച്ചു. P6-P7 സ്പാനിൻ്റെ സ്റ്റേജിങ് വർക്കിൽ കണ്ടെത്തിയ ഈ വ്യതിയാനം ചൂണ്ടിക്കാട്ടി മേയ് 19 ന് എസ്പിവി ആയ കെആർഎഫ്ബിക്ക് ഒബ്സർവേഷൻ മെമ്മോ (OM) നൽകിയിരുന്നു. അംഗീകൃത സ്റ്റേജിങ് ഡ്രോയിങ്ങിൽ ഉണ്ടായ വ്യതിയാനത്തിൻ്റെ കാരണം വിശദീകരിക്കാനും ഈ സെക്ഷനിൽ കൂടുതൽ പ്രവൃത്തികൾ തുടരുന്നതിന് മുൻപ് ഈ വ്യതിയാനത്തിന് അനുമതി നൽകിയതിൻ്റെ തെളിവ് നൽകാനും ഒബ്സെർവേഷൻ മെമ്മോയിൽ ആവശ്യപ്പെട്ടിരുന്നു. എന്നാൽ നാളിതുവരെ ഒരു പ്രതികരണവും ലഭിച്ചിട്ടില്ല
കഴിഞ്ഞ മേയ് മാസത്തിൽ നിർമാണം നടക്കുന്ന സൈറ്റിൽ കിഫ്ബി ഉദ്യോഗസ്ഥർ പരിശോധന നടത്തിയിരുന്നു. അതിൻ്റെ ഭാഗമായി സൈറ്റിൽ ലഭ്യമായിരുന്ന അംഗീകൃത സ്റ്റേജിങ് ഡ്രോയിങ് പരിശോധിച്ചതിൽ നിന്നും സ്റ്റേജിങ് വർക്കിൽ വ്യതിയാനം കണ്ടെത്തിയിരുന്നു എന്നാണ് കിഫ്ബി വ്യകതമാക്കുന്നത് എന്നും കിഫ്ബി പറയുന്നു.
ക്രിബ്ബുകൾ ക്ലാമ്പ് ഉപയോഗിച്ച് ലോക്ക് ചെയ്യപ്പെട്ടിരുന്നില്ല. ഇത് ലോഡ് കയറുമ്പോൾ അവയെ അസ്ഥിരമാക്കിയിട്ടുണ്ട്. താൽക്കാലിക സ്റ്റേജിങ്ങിന് ഉപയോഗിച്ച എൻട്രസുകൾ തുരുമ്പെടുത്ത അവസ്ഥയിലായിരുന്നു എന്ന് ചിത്രങ്ങളിൽ വ്യക്തമാണ്. ഭാരം വഹിക്കാനുള്ള അവയുടെ ശേഷിയെ കുറിച്ച് ഇതും ആശങ്കയുണർത്തുന്നു. ഏതായാലും അപകടത്തിന് ശേഷം ഉള്ള വിലയിരുത്തലിൽ P3 , P4 പൈൽ ക്യാപ്പുകളിൽ കാര്യമായ സ്ട്രചക്ചറൽ ഡാമേജുകൾ നിരീക്ഷിക്കപ്പെട്ടിട്ടില്ല. എന്നാൽ P4 ൽ എല്ലാ ക്രിബ്ബുകളും പുഴയിൽ വീണിട്ടുണ്ട്. P3 പൈൽ ക്യാപ്പിൽ അവശേഷിക്കുന്ന ക്രിബുകൾക്കും മരക്കട്ടകൾക്കും സ്ഥാനചലനം സംഭവിച്ചതായും കണ്ടെത്തിയിട്ടുണ്ട്.
കിഫ്ബി നൽകുന്ന മാർഗനിർദേശങ്ങൾക്ക് അനുസരിച്ച് കരാറുകാർ നിർമാണ പ്രവൃത്തികൾ പൂർത്തീകരിക്കുന്നതിന് മേൽനോട്ടം നിർവഹിക്കേണ്ടത് എസ്പിവി ആണ്. തോരായിക്കടവ് പാലം ഗുണനിലവാരം ഉറപ്പ് വരുത്തുന്നത് സംബന്ധിച്ച് കിഫ്ബി നൽകിയ മാർഗനിർദേശങ്ങളും തിരുത്തൽ നിർദേശങ്ങളും പാലിക്കപ്പെടും എന്നാണ് പ്രതീക്ഷ എന്നും കിഫ്ബി കുറിപ്പിലൂടെ വ്യക്തമാക്കി.










