സിനിമ മേഖലയിലെ പ്രശ്‌നങ്ങളില്‍ ഇടപെടുന്നതില്‍ കേരളം മാതൃകയാകുന്നു- ഓപ്പണ്‍ ഫോറം



കോഴിക്കോട്: സിനിമ മേഖലയിലെ നയരൂപീകരണത്തിലൂടെയും സിനിമ നിര്‍മിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് നല്‍കുന്ന സഹായങ്ങളിലൂടെയും ഇന്ത്യയിലെ മറ്റെല്ലാ സംസ്ഥാനങ്ങള്‍ക്കും കേരളം മാതൃകയാണെന്ന് മേഖല രാജ്യാന്തര ചലച്ചിത്ര മേളയിലെ അവസാന ദിവസത്തെ ഓപ്പണ്‍ ഫോറം.
കൈരളി തിയേറ്ററിലെ ഷാജി എന്‍ കരുണ്‍- ചെലവൂര്‍ വേണു പവലിയനില്‍ റെസിസ്റ്റന്‍സ്: സിനിമയിലെ അതിജീവനവും പ്രതിരോധവും എന്ന വിഷയത്തില്‍ സംഘടിപ്പിച്ച ചര്‍ച്ച സിനിമ മേഖലയിലെ പ്രശ്‌നങ്ങള്‍ളുടെയും അതിജീവനത്തിന്റെയും തുറന്നു പറച്ചിലുകള്‍ക്ക് വേദിയായി. സിനിമ മേഖലയില്‍ ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗക്കാര്‍ക്ക് അവസരങ്ങള്‍ നിഷേധിക്കപെടുന്നുണ്ടെന്ന് കവയത്രി വിജയരാജ മല്ലിക അഭിപ്രായപെട്ടു. ഒരു പരിധി വരെ സഭ്യമായ കഥാപാത്രാവിഷ്‌കാരം ഉണ്ടാകുന്നുണ്ടെങ്കിലും അരികു വത്കരിക്കപ്പെടുന്നത് തുടകരുകയാണെന്നും അവര്‍ പറഞ്ഞു.
സിനിമ ചരിത്രത്തിന്റെ തുടക്കം മുതല്‍ സ്ത്രീകള്‍ ഉണ്ടായിരുന്നെങ്കിലും അവരെ നിശബ്ദരാക്കാനുള്ള ശ്രമങ്ങള്‍ എക്കാലത്തും ഉണ്ടായിരുന്നെന്ന് അധ്യാപിക ഡോ. ശ്രീദേവി അരവിന്ദ് പറഞ്ഞു. ഇവയെല്ലാം പ്രതിരോധിച്ച് കൊണ്ടാണ് ഇന്നും സ്ത്രീകള്‍ സിനിമയില്‍ അതിജീവിക്കുന്നതെന്നും അവര്‍ കൂട്ടിചേര്‍ത്തു. ആദിവാസി- സ്ത്രീ എന്നീ രീതികളില്‍ സിനിമ നിര്‍മിക്കാന്‍ പ്രതിസന്ധികള്‍ നേരിടുമ്പോഴും അതിനെ ജീവിതം കൊണ്ട് അതിജീവിക്കാന്‍ ശ്രമിക്കുകയാണെന്ന് സംവിധായിക ലീല സന്തോഷ് പറഞ്ഞു. നിര്‍മാതാവിനെ കിട്ടാന്‍ പ്രയാസമാണെന്നും അതിനെ അതിജീവിക്കാനുള്ള ശ്രമം തുടരുകയാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
സിനിമയില്‍ സാമ്പത്തികമാണ് എപ്പോഴും പ്രതിസന്ധി സൃഷ്ടിക്കുന്നതെന്ന് സംവിധായകന്‍ മിഥുന്‍ മുരളി അഭിപ്രായപ്പെട്ടു. എല്ലാ വിഭാഗം സിനിമകളെയും ചലച്ചിത്രോത്സവങ്ങളുടെ ഭാഗമാക്കനാകണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വലിയ സിനിമകള്‍ എടുക്കാനും കൂടുതല്‍ പരീക്ഷണങ്ങള്‍ നടത്താനും സാമ്പത്തികം പുതിയ തലമുറയിലെ സംവിധായകരെ പ്രതിരോധത്തിലാക്കുന്നുണ്ടെന്ന് സംവിധായകന്‍ വി കെ അഫ്രാദു അഭിപ്രായപെട്ടു. സിനിമ മേഖലയിലെ പ്രശ്‌നങ്ങള്‍ ചര്‍ച്ചകള്‍ ചെയ്യാനുള്ള ഇടങ്ങള്‍ കേരളത്തില്‍ മാത്രമാണ് ഉണ്ടാവുന്നതെന്ന് അധ്യാപിക ഇ പ സോണിയ പറഞ്ഞു. പി കെ റോസിയുടെ പേരില്‍ സ്മാരകമോ അവാര്‍ഡുകളോ ഏര്‍പ്പെടുത്തണമെന്നും അവര്‍ പറഞ്ഞു. വലതുപക്ഷ ജാതീയ മൂലധന പുരുഷാധിപത്യ ചിന്തകള്‍ സിനിമ മേഖലയില്‍ അതിജീവിക്കപ്പെടേണ്ടതുണ്ടെന്ന് നിരൂപകന്‍ അനില്‍ കുമാര്‍ തിരുവോത്ത് പറഞ്ഞു. മാധ്യമ പ്രവര്‍ത്തക ഷബിത വിഷയാവതരണം നടത്തി.










