മേഖല രാജ്യാന്തര ചലച്ചിത്രോത്സവത്തിന് സമാപനം



കോഴിക്കോട് : സാഹിത്യ നഗരിയിലേക്ക് ലോക സിനിമാ ജാലകം തുറന്ന മേഖല രാജ്യാന്തര ചലച്ചിത്രോത്സവത്തിന് സമാപനം. ഏഴ് വര്‍ഷത്തിനുശേഷം കോഴിക്കോട് തിരിച്ചെത്തിയ മേഖല ചലച്ചിത്രോത്സവം ഏറ്റവും ആവേശപൂര്‍വം ഏറ്റെടുത്ത ചലച്ചിത്രപ്രേമികള്‍ അടുത്ത പതിപ്പ് ജില്ലയില്‍ തന്നെ എത്തുമെന്ന പ്രതീക്ഷയിലും കാത്തിരിപ്പിലുമാണ്. പ്രേക്ഷക പങ്കാളിത്തം കൊണ്ടും സംഘാടന മികവ് കൊണ്ടും ശ്രദ്ധേയമായ മേള നാലു ദിനരാത്രങ്ങള്‍ക്കുശേഷം കൊടിയിറങ്ങുമ്പോള്‍ ഒരുപിടി നല്ല സിനിമകള്‍ക്കും സിനിമാചര്‍ച്ചകള്‍ക്കുമാണ് ജില്ല സാക്ഷിയായത്.
കൈരളി, ശ്രീ, കോറണേഷന്‍ തിയേറ്ററുകളിലായി 1200 സീറ്റുകളാണ് പ്രദര്‍ശനത്തിനായി ഒരുക്കിയത്. 400 സ്റ്റുഡന്റ് ഡെലിഗേറ്റുകളുള്‍പ്പെടെ 1500 ഡെലിഗേറ്റുകളാണ് മേളയ്ക്കായി രജിസ്റ്റര്‍ ചെയ്തത്. ഓണ്‍ലൈന്‍ രജിസ്‌ട്രേഷനു പുറമെ കൈരളി തിയേറ്ററില്‍ രജിസ്‌ട്രേഷന്‍ ഡെസ്‌കും പ്രവര്‍ത്തിച്ചു. മേള തുടങ്ങുന്നതിനു മുമ്പുതന്നെ 1500 ഡെലിഗേറ്റ് പാസുകളും വിറ്റുപോയിരുന്നു. മേളയുടെ ആദ്യ ദിവസം മുതല്‍ നിറഞ്ഞ തിയേറ്ററുകളിലാണ് പ്രദര്‍ശനങ്ങള്‍ നടന്നത്. പ്രദര്‍ശനത്തിനു മുന്നോടിയായി നീണ്ട ഡെലിഗേറ്റ് നിരയും കാണാമായിരുന്നു. മൂന്നു ദിവസങ്ങളിലായി നടന്ന ഓപ്പണ്‍ ഫോറത്തിനും നല്ല പങ്കാളിത്തമായിരുന്നു.
കേരള സംസ്ഥാന ചലച്ചിത്ര അക്കാദമിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന മേഖലാ രാജ്യാന്തര ചലച്ചിത്ര മേളയ്ക്ക് വരും വർഷങ്ങളിലും കോഴിക്കോട് തന്നെ വേദിയാകണമെന്ന് പൊതുമരാമത്ത് വിനോദസഞ്ചാര വകുപ്പു മന്ത്രി പി എ മുഹമ്മദ് റിയാസ്. ഓഗസ്റ്റ് എട്ട് മുതൽ 11 വരെ കോഴിക്കോട് നടന്ന മേഖല രാജ്യാന്തര ചലച്ചിത്ര മേളയുടെ സമാപന സമ്മേളനം കോഴിക്കോട് കൈരളി തിയേറ്ററിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. മേഖല ചലച്ചിത്രോത്സവം വരും വർഷങ്ങളിലും കോഴിക്കോട് എത്തിക്കുന്നതുമായി ബന്ധപ്പെട്ട വിഷയം സാംസ്കാരിക വകുപ്പുമായി സംസാരിക്കുമെന്നും ആവശ്യമായി നടപടികൾ സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.
നാടകം, സിനിമ തുടങ്ങി കലാ പ്രസ്ഥാനങ്ങള എന്നും പ്രോത്സാഹിപ്പിച്ച മണ്ണാണ് കോഴിക്കോട്. കൂടുതൽ ജനകീയമാക്കി ഏവരെയും ഉൾക്കൊള്ളിച്ചു കൊണ്ട് വരും വർഷങ്ങളിലും മേള സംഘടിപ്പിക്കണമെന്നും മന്ത്രി പറഞ്ഞു.
ചടങ്ങിൽ മേയര്‍ ഡോ. ബീന ഫിലിപ്പ് അധ്യക്ഷയായി. കെഎസ്എഫ്ഡിസി ചെയര്‍പേഴ്‌സണും സംവിധായകനുമായ കെ മധു, ചലച്ചിത്ര അക്കാദമി ചെയര്‍പേഴ്‌സണ്‍ പ്രേംകുമാര്‍, കെടിഐഎൽ ചെയർപേഴ്സൺ എസ് കെ സജീഷ്, തിരക്കഥാകൃത്ത് ദീദി ദാമോദരൻ, ചലച്ചിത്ര അക്കാദമി സെക്രട്ടറി സി അജോയ്, ഡെലിഗേറ്റ് രജിസ്ട്രേഷൻ കമിറ്റി കൺവീനർ പി കെ ബവേഷ് തുടങ്ങിയവര്‍ പങ്കെടുത്തു.
ചലച്ചിത്രോത്സവത്തിന്റെ ഭാഗമായി ‘കാലം മായാചിത്രങ്ങള്‍ എം.ടി യുടെ ചലച്ചിത്ര ജീവിതം’ എക്സിബിഷനും തിരക്കഥാകൃത്ത് എംടി വാസുദേവന്‍ നായര്‍ക്കും നിര്‍മാതാവ് പി വി ഗംഗാധരനും ഛായാഗ്രാഹകന്‍ രാമചന്ദ്രബാബുവിനും ആദരമര്‍പ്പിച്ചുകൊണ്ട് ‘ഒരു വടക്കന്‍ വീരഗാഥ’ ചിത്രത്തിന്റെ പുനരുദ്ധരിച്ച 4കെ പതിപ്പും പ്രദര്‍ശിപ്പിച്ചിരുന്നു.
ലോക സിനിമാ വിഭാഗത്തില്‍ 14, ഇന്ത്യന്‍ സിനിമാ വിഭാഗത്തില്‍ ഏഴ്, മലയാളം സിനിമാ വിഭാഗത്തില്‍ 11, അന്താരാഷ്ട്ര മത്സരവിഭാഗത്തില്‍ പ്രദര്‍ശിപ്പിച്ച 14 ചിത്രങ്ങള്‍ എന്നിവ കൂടാതെ കാലിഡോസ്‌കോപ്പ് വിഭാഗത്തില്‍ മലയാളം, ആസ്സാമീസ് ഭാഷകളില്‍ നിന്ന് ഓരോന്നു വീതം, ഫീമെയില്‍ ഗെയ്‌സ് വിഭാഗത്തില്‍ മൂന്ന് ഫെസ്റ്റിവല്‍ ഫേവറിറ്റ്‌സ് വിഭാഗത്തില്‍ അഞ്ച് എന്നിങ്ങനെ സിനിമകളാണ് പ്രദര്‍ശിപ്പിച്ചത്. ഇവ കൂടാതെ അഭിനേത്രി ശബാന ആസ്മിക്ക് ആദരവായി അങ്കുര്‍ എന്ന ചലച്ചിത്രവും പ്രദര്‍ശിപ്പിച്ചു. മേളയുടെ ഭാഗമായി വിവിധ വിഷയങ്ങളില്‍ വിദഗ്ധര്‍ പങ്കെടുക്കുന്ന ഓപ്പണ്‍ ഫോറവും നടന്നു.










