കൊയിലാണ്ടിയില്‍ സമയം ചെലവഴിക്കാന്‍ നഗരസഭയുടെ ഹാപ്പിനെസ് പാര്‍ക്കുകള്‍

കൊയിലാണ്ടി നഗരസഭയിലെ മാലിന്യകൂനകളായിരുന്ന ഇടങ്ങളെല്ലാം ജനങ്ങള്‍ക്ക് വൈകുന്നേരങ്ങളില്‍ സൊറ പറഞ്ഞിരിക്കാനും കലാപരിപാടികള്‍ നടത്താനുമുള്ള മനോഹരമായ പാര്‍ക്കായി മാറ്റിയിരിക്കുകയാണ് നഗരസഭ. നഗര ഹൃദയത്തിലായി അഞ്ച് ഹാപ്പിനസ് പാര്‍ക്കുകളാണ് നഗരസഭ ഒരുക്കിയത്. നഗരസഭ ഫണ്ടിനൊപ്പം നഗരത്തിലെ വിവിധ വ്യക്തികളുടെയും സ്ഥാപനങ്ങളുടെയും പിന്തുണയും സ്‌പോണ്‍സര്‍ഷിപ്പും ഉപയോഗപ്പെടുത്തിയാണ് പാര്‍ക്കുകള്‍ നിര്‍മ്മിച്ചത്. സ്‌നേഹാരാമം, ഹാപ്പിനസ്സ് പാര്‍ക്ക്, യു എ ഖാദര്‍ പാര്‍ക്ക്, ജൈവ വൈവിധ്യ പാര്‍ക്ക്, സായാഹ്ന പാര്‍ക്ക് എന്നീ അഞ്ച് പാര്‍ക്കുകളാണ് നിലവിലുളളത്- നഗരത്തില്‍ ബസ് സ്റ്റാന്‍ഡിന് വശത്തായി മൂന്ന്, സിവില്‍ സ്റ്റേഷന് സമീപം ഒന്ന്, ജൈവവൈവിധ്യ കേന്ദ്രത്തില്‍ ഒന്ന്.

നഗര മുഖഛായക്ക്മങ്ങലേല്‍പ്പിക്കുന്ന വൃത്തിഹീനമായ അന്തരീക്ഷം ഇല്ലാതാക്കി നഗരത്തിലെത്തുന്നവര്‍ക്ക് ഒഴിവ് സമയം ചിലവിടാന്‍ വൃത്തിയും ചേലുമുളള ഇടങ്ങള്‍ സൃഷ്ടിക്കുന്നതാണ് ഹാപ്പിനസ് പാര്‍ക്കുകളുടെ നിര്‍മ്മാണത്തിന് പിന്നിലെ പ്രധാന ആശയമെന്ന് നഗരസഭ ചെയര്‍പേഴ്‌സണ്‍ സുധ കിഴക്കേപ്പാട്ട് പറഞ്ഞു.

കൊയിലാണ്ടി മിനി സിവില്‍ സ്റ്റേഷന്ന് സമീപത്ത് നാഷണല്‍ ഹൈവേയോട് ചേര്‍ന്ന് മാലിന്യനിക്ഷേപ കേന്ദ്രമായിരുന്ന സ്ഥലത്താണ് സ്‌നേഹാരാമം പദ്ധതിയില്‍ ഉള്‍പ്പെടുത്തി പാര്‍ക്ക് നിര്‍മ്മിച്ചത്. പൊതുജനങ്ങളുടെയും എന്‍എസ്എസ്മറ്റ് സന്നദ്ധ സംഘടനകളുടെയും സഹകരണത്തോടെയാണ് നിര്‍മ്മാണം. കൊയിലാണ്ടിയുടെ ചരിത്രം വിളിച്ചോതുന്ന ചിത്രങ്ങള്‍ ആലേഖനം ചെയ്തു നിര്‍മ്മിച്ച മനോഹരമായ പാര്‍ക്കില്‍ പൊതുജനങ്ങള്‍ക്ക് യോഗങ്ങള്‍ ചേരാനും സമയം ചെലവഴിക്കാനുമായി ഇരിപ്പിടങ്ങളും ഊഞ്ഞാല്‍ ഉള്‍പ്പെടെയുള്ള ഉല്ലാസ ഉപാധികളും സ്ഥാപിക്കുകയും ദീപാലംകൃതമാക്കുകയും ചെയ്തിട്ടുണ്ട്. പുനരുപയോഗ വസ്തുക്കള്‍കൊണ്ടാണ് സ്‌നേഹാരാമത്തിന്റെ പകുതി നിര്‍മ്മാണം പൂര്‍ത്തീകരിച്ചത്. ജനകീയ ഫണ്ട് സമാഹരണത്തിലൂടെ ഏഴ് ലക്ഷം രൂപ ചെലവിലാണ് ഇത് സാധ്യമാക്കിയത്

കൊയിലാണ്ടി നഗരത്തിന്റെ ഹൃദയഭാഗത്ത് പഴയ ബസ് സ്റ്റാന്റിന്റെ മുന്‍വശത്തായി നഗരത്തിലെത്തുന്നവര്‍ക്ക് മാനസിക ഉല്ലാസത്തിനായി പുതിയൊരിടം സമ്മാനിച്ചിരിക്കുകയാണ് ഹാപ്പിനസ്സ് പാര്‍ക്കിലൂടെ നഗരസഭ. വ്യാപാര സ്ഥാപനങ്ങളില്‍ നിന്നും പൊതുജനങ്ങളും മാലിന്യങ്ങള്‍ വലിച്ചെറിയുന്ന സ്ഥലത്താണ് സ്‌പോണ്‍സര്‍ഷിപ്പിലൂടെ 13 ലക്ഷം രൂപ ചെലവില്‍ ഹാപ്പിനസ് പാര്‍ക്ക് നിര്‍മ്മിച്ചത്. മനോഹരമായ പുല്‍ത്തകിട്, ഇരിപ്പിടങ്ങള്‍, ചെടികള്‍, മരങ്ങള്‍, കുടിവെള്ള സൗകര്യം, വൈഫൈ, റേഡിയോ, ടിവി കാണാനുള്ള സൗകര്യം, മൊബൈല്‍ ചാര്‍ജിംഗ് പോയിന്റ്, സിസിടിവി എന്നിവ ഇവിടെ ഒരുക്കിയിട്ടുണ്ട്. കലാസാംസ്‌കാരിക പരിപാടികള്‍ക്കായി സ്റ്റേജും ഒരുക്കിയിട്ടുണ്ട്.

 

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!