സപ്ലൈകോ മാവേലി സ്റ്റോറില്‍ മന്ത്രി ജി ആര്‍ അനിലിന്റെ അപ്രതീക്ഷിത സന്ദര്‍ശനം
കുന്ദമംഗലത്തെ സപ്ലൈകോ മാവേലി സ്റ്റോറില്‍ പൊതുവിതരണ-ഉപഭോക്തൃകാര്യ വകുപ്പ് മന്ത്രി ജി ആര്‍ അനിലിന്റെ അപ്രതീക്ഷിത സന്ദര്‍ശനം. എളേറ്റില്‍ വട്ടോളി, കൈതപ്പൊയില്‍ മാവേലി സൂപ്പര്‍ സ്റ്റോറുകളുടെ ഉദ്ഘാടനം കഴിഞ്ഞ് മടങ്ങുന്നതിനിടെയായിരുന്നു സന്ദര്‍ശനം.
കാറില്‍ നിന്നിറങ്ങി സപ്ലൈകോയുടെ മരുന്ന് കടയിലെത്തിയ മന്ത്രി നിലവിലെ മരുന്ന് വിതരണത്തിന്റെ സ്ഥിതി ചോദിച്ചറിഞ്ഞു. ശേഷം മാവേലി സ്റ്റോറിലേക്ക് കയറി സാധനങ്ങള്‍ പരിശോധിക്കുകയും സാധനങ്ങള്‍ വാങ്ങാനെത്തിയവരോട് അഭിപ്രായം തേടുകയും ചെയ്തു. സാധനങ്ങളുടെ ഗുണനിലവാരവും മികച്ച പാക്കേജിങ്ങും ഉറപ്പ് വരുത്തണമെന്നും കൂടുതല്‍ ഉപഭോക്താക്കളെ മാവേലി സ്റ്റോറുകളിലേക്ക് എത്തിക്കാനുള്ള ശ്രമം ഉണ്ടാവണമെന്നും എല്ലാ ദിവസവും ജോലിക്കെത്തണമെന്നും മന്ത്രി ജീവനക്കാരോട് നിര്‍ദേശിച്ചു. പാക്കേജിങ് ഏരിയയും സന്ദര്‍ശിച്ചു. പുതിയ നിര്‍ദേശങ്ങള്‍ കേള്‍ക്കാനും കുറവുകള്‍ ഉണ്ടെങ്കില്‍ പരിഹരിക്കാനുമാണ് ഇത്തരത്തില്‍ സന്ദര്‍ശനം നടത്തുന്നതെന്ന് മന്ത്രി പറഞ്ഞു.