സ്‌കൂള്‍ വിദ്യാര്‍ത്ഥി മിഥുന്‍ ഷോക്കേറ്റ് മരിച്ച സംഭവത്തില്‍ ഗുരുതര വീഴ്ച

കൊല്ലം തേലവക്കര സ്‌കൂള്‍ വിദ്യാര്‍ത്ഥി മിഥുന്‍ ഷോക്കേറ്റ് മരിച്ച സംഭവത്തില്‍ ഗുരുതര വീഴ്ച. സംഭവത്തില്‍ ഡിജിഇ അന്തിമ റിപ്പോര്‍ട്ട് കൈമാറി. സുരക്ഷ ഉറപ്പാക്കാന്‍ സാധിച്ചിട്ടില്ലെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നുണ്ട്. സുരക്ഷാ പ്രോട്ടോക്കോള്‍ ഒന്നും ഉറപ്പാക്കിയിട്ടില്ല. സംഭവത്തില്‍ ഹെഡ്മാസ്റ്ററുടെ വീഴ്ചയെ പറ്റിയും റിപ്പോര്‍ട്ടില്‍ പറയുന്നു. ലൈന്‍ അപകടാവസ്ഥയിലായിട്ട് വര്‍ഷങ്ങളായി. സ്കൂളിലെ അനധികൃത നിര്‍മ്മാണം തടയാനും സാധിച്ചിട്ടില്ല.

സംഭവത്തിൽ സ്കൂളിനും കെഎസ്‍ഇബിയ്ക്കും പഞ്ചായത്തിനും ഗുരുതരവീഴ്ചയാണ് സംഭവിച്ചിരിക്കുന്നത്. കാലങ്ങളായി വൈദ്യുതി ലൈൻ താഴ്ന്ന് കിടന്നിട്ടും ആരും അനങ്ങിയില്ല. അപായ ലൈനിന് കീഴെ സ്കൂൾ ഷെഡ് പണിയാൻ നിയമവിരുദ്ധമായാണ് അനുമതി ലഭിച്ചിരിക്കുന്നത്. ഈ വർഷം സ്കൂളിന് ഫിറ്റ്നസ് നൽകിയതും മതിയായ പരിശോധന ഇല്ലാതെയാണെന്ന് കണ്ടെത്തി. അതേസമയം, സംഭവത്തിൽ പ്രധാന അധ്യാപകനെതിരെ അടക്കം നടപടി വരും.

കുട്ടിയുടെ അമ്മ സുജ നാട്ടിൽ എത്തുംവരെ മിഥുന്‍റെ മൃതദേഹം ആശുപത്രി മോർച്ചറിയിൽ സൂക്ഷിക്കും. തുർക്കിയിലുള്ള അമ്മ നാളെ രാവിലെ നാട്ടിൽ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. അമ്മ എത്തുന്ന മുറയ്ക്ക് സംസ്കാര ചടങ്ങുകൾ തീരുമാനിക്കും. വിദ്യാർത്ഥിയുടെ മരണത്തിൽ സ്കൂൾ അധികൃതരുടെയും കെഎസ്ഇബിയുടെയും അടക്കം വീഴ്ച ചൂണ്ടിക്കാട്ടി വിവിധ സംഘടനകൾ ഇന്നും പ്രതിഷേധങ്ങൾ സംഘടിപ്പിക്കും. സംഘർഷ സാധ്യത കണക്കിലെടുത്ത് സ്കൂളും പരിസരവും കനത്ത പൊലീസ് സുരക്ഷയിലാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!