സി.കെ ഫ്ലോര്‍ മില്ലില്‍ മോഷണം ; സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്


കൊയിലാണ്ടി: മേപ്പയ്യൂര്‍ ഇരിങ്ങത്ത് സി.കെ ഫ്ലോര്‍ മില്ലില്‍ മോഷണം നടത്തുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്, മൂന്ന് മുറികളുള്ള മില്ലില്‍ കൊപ്ര സൂക്ഷിച്ച മുറിയുടെ ലോക്ക് കട്ടര്‍ ഉപയോഗിച്ച് പൊട്ടിച്ച നിലയിലായിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ഒരു ചാക്ക് ഉണ്ട കൊപ്ര മോഷണം പോയതായി അറിഞ്ഞത്. ഇന്ന് പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് സംഭവം.
സ്ഥാപനത്തിലെ സി.സി.ടി.വി പരിശോധിച്ചതില്‍ നിന്നും യുവാക്കളെന്ന് തോന്നിക്കുന്ന രണ്ട് പേര്‍ മുറിയില്‍ കയറി ടോര്‍ച്ച് ഉപയോഗിച്ച് മുറി പരിശോധിക്കുന്ന ദൃശ്യങ്ങള്‍ ലഭിച്ചിട്ടുണ്ട്.
മുറിയില്‍ കയറിയ കള്ളന്മാര്‍ ഏറെ നേരം കഴിഞ്ഞാണ് സിസിടിവി ഉള്ളത് ശ്രദ്ധിച്ചത്. തുടര്‍ന്ന് പ്ലാസ്റ്റിക് കവര്‍ ഉപയോഗിച്ച് ക്യാമറ മറിച്ച് കൊപ്ര ചാക്കിലാക്കി കൊണ്ടുപോവുകയായിരുന്നു.
ചക്കിട്ടക്കണ്ടി ബാബുവിന്റെതാണ് മില്‍. രാവിലെയാണ് മോഷണ ശ്രമം പുറത്തറിയുന്നത്.
മുറിയില്‍ സൂക്ഷിച്ച കൊപ്ര ഇത്തരത്തില്‍ മോഷണം പോകുന്നതായി സംശയം തോന്നി മില്‍ ഉടമ ഒരു മാസം മുമ്പാണ് സ്ഥാപനത്തില്‍ സിസിടിവി സ്ഥാപിച്ചത്. മാത്രമല്ല ഒരു മാസം മുമ്പ് മില്ലിന് സമീപത്തെ രണ്ട് വീടുകളില്‍ മോഷണം നടക്കുകയും ചെയ്തിട്ടുണ്ട്.











