സഹമിത്ര ഭിന്നശേഷി നിര്‍ണയ ക്യാമ്പ് സംഘടിപ്പിച്ചു
പേരാമ്പ്ര: ജില്ലയിലെ ഭിന്നശേഷിക്കാരുടെ സമഗ്ര പുരോഗതി ലക്ഷ്യമിട്ട് ജില്ലാ ഭരണകൂടം ആരംഭിച്ച ‘സഹമിത്ര’ പദ്ധതിയുടെ ഭാഗമായി ജില്ലാ സാമൂഹിക സുരക്ഷാ മിഷന്റെയും സാമൂഹികനീതി വകുപ്പിന്റെയും ആരോഗ്യ വകുപ്പിന്റെയും സഹകരണത്തോടെ സ്‌പെഷ്യല്‍ ഭിന്നശേഷി നിര്‍ണയ ക്യാമ്പ് സംഘടിപ്പിച്ചു. പേരാമ്പ്ര വി വി ദക്ഷിണാമൂര്‍ത്തി ടൗണ്‍ ഹാളില്‍ നടന്ന ക്യാമ്പ് ടി പി രാമകൃഷ്ണന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. ക്യാമ്പില്‍ പരിഗണിച്ച 120 അപേക്ഷകളില്‍ 99 പേര്‍ക്ക് മെഡിക്കല്‍ ബോര്‍ഡ് അംഗീകാരം നല്‍കി. 12 അപേക്ഷകള്‍ തുടര്‍പരിശോധനകള്‍ക്ക് ശിപാര്‍ശ ചെയ്തു. പേരാമ്പ്ര താലൂക്ക് ആശുപത്രിക്ക് കീഴില്‍ രജിസ്റ്റര്‍ ചെയ്ത അപേക്ഷകരെയാണ് ക്യാമ്പില്‍ പരിഗണിച്ചത്.
പേരാമ്പ്ര സി ഐ ജംഷീദ്, ദയ ചാരിറ്റബിള്‍ സൊസൈറ്റി ചെയര്‍മാന്‍ തറുവേയി ഹാജി, ബാബുരാജ് മാസ്റ്റര്‍ എന്നിവര്‍ സംസാരിച്ചു. സാമൂഹിക സുരക്ഷാ മിഷന്‍ റീജ്യണല്‍ ഡയറക്ടര്‍ ഡോ. പി സി സൗമ്യ, പ്രോഗ്രാം കോഓഡിനേറ്റര്‍ മുഹമ്മദ് ഫൈസല്‍, ജില്ലാ കോഓഡിനേറ്റര്‍ ജിഷോ ജെയിംസ്, ജില്ലാ കലക്ടറുടെ ഇന്റേണ്‍സ് തുടങ്ങിയവര്‍ ക്യാമ്പിന് നേതൃത്വം നല്‍കി. ഡിഗ്‌നിറ്റി കോളേജ് വിദ്യാര്‍ഥികളുടെ പിന്തുണയോടെയാണ് ക്യാമ്പ് സംഘടിപ്പിച്ചത്.