വനിത ഫോറസ്റ്റ് വാച്ചര്‍ നിയമനം

വനിത ഫോറസ്റ്റ് വാച്ചര്‍ നിയമനം

കോഴിക്കോട് വനം വകുപ്പില്‍ ഫോറസ്റ്റ് വാച്ചര്‍ (പ്രത്യേക നിയമനം) തസ്തികയിലേക്ക് വനത്തെ മാത്രം ആശ്രയിച്ചു കഴിയുന്ന പട്ടികവര്‍ഗ ആദിവാസി വനിതകളില്‍നിന്ന് അപേക്ഷ ക്ഷണിച്ചു (കാറ്റഗറി നമ്പര്‍: 120/2025, ഗസറ്റ് തീയതി: 17/06/2025).
അപേക്ഷകര്‍ കോഴിക്കോട് ജില്ലയിലെ വനാതിര്‍ത്തിയിലോ വനത്തിലോ ഉള്ള ആദിവാസി സെറ്റില്‍മെന്റുകളില്‍ താമസിക്കുന്ന ആരോഗ്യമുള്ളവരും സാക്ഷരരും ആയിരിക്കണം. ഇക്കാര്യം തെളിയിക്കുന്ന റേഞ്ച് ഫോറസ്റ്റ് ഓഫീസര്‍/ടിഇഒയുടെ സര്‍ട്ടിഫിക്കറ്റ്, വനം വകുപ്പില്‍ വാച്ചറായി സേവനമനുഷ്ഠിക്കുന്നുവെങ്കില്‍ അത് സംബന്ധിച്ച് റേഞ്ച് ഫോറസ്റ്റ് ഓഫീസറുടെ സര്‍ട്ടിഫിക്കറ്റ്, ജാതി സര്‍ട്ടിഫിക്കറ്റ്, ജനനതീയതി തെളിയിക്കുന്ന രേഖ എന്നിവ അപേക്ഷയോടൊപ്പം സമര്‍പ്പിക്കണം. അപേക്ഷയുടെ മാതൃകയും കൂടുതല്‍ വിവരങ്ങളും ഗസറ്റ് വിജ്ഞാപനത്തില്‍ ലഭ്യമാണ്. അപേക്ഷിക്കേണ്ട അവസാന തീയതി: ജൂലൈ 16.

വനമിത്ര അവാര്‍ഡിന് അപേക്ഷിക്കാം

ജൈവ വൈവിധ്യ സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്ക് വനം വകുപ്പ് നല്‍കുന്ന വനമിത്ര അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു. അതത് പ്രദേശങ്ങളില്‍ ജൈവവൈവിധ്യം നിലനിര്‍ത്തുന്നതിന് വിവിധ വൃക്ഷത്തൈകള്‍ വെച്ചുപിടിപ്പിച്ച് പരിപാലിക്കുന്നവര്‍ക്കും കാവുകള്‍, കണ്ടല്‍ക്കാടുകള്‍, ഔഷധ സസ്യങ്ങള്‍, കൃഷി തുടങ്ങിയ ജൈവവൈവിധ്യ രംഗങ്ങളില്‍ മികച്ച സംഭാവനകള്‍ നല്‍കിയവര്‍ക്കുമാണ് 25,000 രൂപയും ഫലകവുമടങ്ങിയ അവാര്‍ഡ് സമ്മാനിക്കുക. വ്യക്തികള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, സന്നദ്ധ സംഘടനകള്‍, കൃഷിക്കാര്‍ എന്നിവര്‍ക്ക് അപേക്ഷിക്കാം.

അവാര്‍ഡിനുള്ള അര്‍ഹത സാധൂകരിക്കുന്ന കുറിപ്പും വിശദവിവരങ്ങളും ഫോട്ടോയും സഹിതം കോഴിക്കോട് സോഷ്യല്‍ ഫോറസ്ട്രി വിഭാഗം അസി. ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ (വനശ്രീ), അരക്കിണര്‍ പി.ഒ, മാത്തോട്ടം എന്ന വിലാസത്തില്‍ ആഗസ്റ്റ് 11ന് വൈകീട്ട് അഞ്ചിനകം സമര്‍പ്പിക്കണം. ഫോണ്‍: 0495 2416900.


കാവുകള്‍ക്ക് ധനസഹായം

കാവുകളുടെ ജൈവവൈവിധ്യം സംരക്ഷിക്കുന്നതിനും വര്‍ധിപ്പിക്കുന്നതിനുമുള്ള പ്രവര്‍ത്തനങ്ങള്‍ക്കായി സംസ്ഥാന വനം-വന്യജീവി വകുപ്പ് നല്‍കുന്ന ധനസഹായത്തിന് അപേക്ഷ ക്ഷണിച്ചു. ദേവസ്വം/കാവുടമസ്ഥര്‍/ട്രസ്റ്റുകള്‍ എന്നിവര്‍ക്ക് അപേക്ഷിക്കാം. ഉടമസ്ഥാവകാശം തെളിയിക്കുന്ന രേഖകള്‍ അപേക്ഷയോടൊപ്പം സമര്‍പ്പിക്കണം. അപേക്ഷ ഫോം www.forest.kerala.gov.in എന്ന വെബ്‌സൈറ്റിലെ Public interface/forms എന്ന പേജിലും മാത്തോട്ടം വനശ്രീ കോംപ്ലക്സിലെ സാമൂഹ്യ വനവത്കരണ വിഭാഗം അസി. ഫോറസ്റ്റ് കണ്‍സര്‍വേറ്ററുടെ ഓഫീസിലും ലഭിക്കും.
മുമ്പ് ധനസഹായം ലഭിച്ചവര്‍ അപേക്ഷിക്കേണ്ടതില്ല. അപേക്ഷകള്‍ ആഗസ്റ്റ് അഞ്ചിന് വൈകീട്ട് അഞ്ചിനകം കോഴിക്കോട് സോഷ്യല്‍ ഫോറസ്ട്രി വിഭാഗം അസി. ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ (വനശ്രീ), അരക്കിണര്‍ (പി.ഒ), മാത്തോട്ടം വിലാസത്തില്‍ സമര്‍പ്പിക്കണം. ഫോണ്‍: 0495 2416900.

സിവില്‍ സര്‍വീസ് ഓറിയന്റേഷന്‍ പ്രോഗ്രാം

നാദാപുരം ഗ്രാമപഞ്ചായത്തിന്റെ വിദ്യാഭ്യാസ പ്രവര്‍ത്തന പദ്ധതികളുടെ ഭാഗമായി സിവില്‍ സര്‍വീസ് തല്‍പരരായ വിദ്യാര്‍ഥികള്‍ക്ക് ഓറിയന്റേഷന്‍ പ്രോഗ്രാം സംഘടിപ്പിക്കും. ജൂലൈ 13ന് കല്ലാച്ചി കമ്യൂണിറ്റി ഹാളില്‍ നടക്കുന്ന പരിപാടിക്ക് ഗവ. പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. രാജു നാരായണ സ്വാമി നേതൃത്വം നല്‍കും. പെരിന്തല്‍മണ്ണ ഹൈദരലി ശിഹാബ് തങ്ങള്‍ അക്കാദമി ഫോര്‍ സിവില്‍ സര്‍വീസസ് ചീഫ് ഓപറേറ്റിങ് ഓഫീസര്‍ അഡ്വ. മുഹമ്മദ് റോഷന്‍ പങ്കെടുക്കും. താല്‍പര്യമുള്ളവര്‍ ജൂലൈ 10ന് മുമ്പ് രജിസ്റ്റര്‍ ചെയ്യണമെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി വി മുഹമ്മദലി അറിയിച്ചു. ഫോണ്‍: 80862 18311.

 

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!