സ്കൂൾ വാൻ ട്രെയിനിൽ ഇടിച്ച് രണ്ട് വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം
തമിഴ്നാട് കടലൂരിൽ സ്കൂൾ വാൻ ട്രെയിനിൽ ഇടിച്ച് രണ്ട് വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം. തിരുച്ചെന്തൂർ-ചെന്നൈ എക്സ്പ്രസ് ട്രെയിൻ ഇടിച്ചാണ് അപകടമുണ്ടായത്. അപകടത്തിൽ പത്തോളം കുട്ടികൾക്ക് പരിക്കേറ്റു. രാവിലെ 7.45 ഓടെയാണ് അപകടമുണ്ടായത്. .
കടലൂർ കൃഷ്ണസ്വാമി മെട്രിക്കുലേഷൻ സ്കൂളിലെ വിദ്യാർത്ഥികൾ സഞ്ചരിച്ചിരുന്ന വാനാണ് അപകടത്തിൽപ്പെട്ടത്. മരിച്ച രണ്ട് കുട്ടികളുടെ മൃതദേഹം തിരിച്ചറിഞ്ഞു. ആറാം ക്ലാസ് വിദ്യാർത്ഥി നിവാസ്, പതിനൊന്നാം ക്ലാസ് വിദ്യാർത്ഥിനി ചാരുമതി എന്നിവരുടെ മൃതദേഹങ്ങളാണ് തിരിച്ചറിഞ്ഞത്.
അപകടത്തിൽ ഖേദം അറിയിച്ച റെയിൽവേ മരിച്ചവരുടെ കുടുംബത്തിന് 5 ലക്ഷം രൂപ ധനസഹായം നൽകുമെന്ന് പ്രഖ്യാപിച്ചു. ഗുരുതരമായി പരിക്കേറ്റവർക്ക് 2.5 ലക്ഷം രൂപയും പരിക്കേറ്റവർക്ക് 50,000 രൂപയും ധനസഹായം നൽകും. അപകടത്തിൽ തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിനും അനുശോചിച്ചു. മരിച്ചവരുടെ കുടുംബത്തിന് 5 ലക്ഷം സര്‍ക്കാരും ധനസഹായം പ്രഖ്യാപിച്ചു. ഗുരുതരമായി പരിക്കേറ്റവർക്ക് 1 ലക്ഷം രൂപയും, പരിക്കേറ്റ മറ്റുള്ളവർക്ക് 50,000 രൂപയും ധനസഹായം നല്‍കും.