മുത്തശ്ശിപ്പാറ ഇക്കോ ടൂറിസം പദ്ധതിയില്‍; കാഴ്ചകള്‍ കൂടുതല്‍ മനോഹരമാകും

കോഴിക്കോട്: പ്രകൃതിയിലേക്ക് വാതില്‍ തുറക്കുന്ന മുഖമാണ് കായണ്ണ ഗ്രാമപഞ്ചായത്തിലെ മുത്തശ്ശിപ്പാറക്ക്. ഇക്കോടൂറിസം പദ്ധതിയില്‍ ഉള്‍പ്പെടുത്തിയതോടെ മുഖം മിനുക്കലിനൊരുങ്ങുകയാണ് വിനോദ സഞ്ചാരികളുടെ ഇഷ്ട ഇടങ്ങളിലൊന്നായ മുത്തശ്ശിപ്പാറ. വനം വകുപ്പുമായി കായണ്ണ ഗ്രാമപഞ്ചായത്ത് അധികൃതര്‍ നടത്തിയ ചര്‍ച്ചയിലാണ് ഇക്കോ ടൂറിസം പദ്ധതിയില്‍ ഉള്‍പ്പെടുത്താന്‍ ധാരണയായത്.

പാറയുടെ മുകളിലെത്തിയാല്‍ അറബിക്കടലും മലനിരകളും കാണാം. കൂടുതല്‍ ഹരിതഭംഗിയോടെ വയനാടിന്റെ വനപ്രദേശങ്ങളും വയലടയും ദൃശ്യമാകും. പയ്യോളി കടല്‍ തീരമാണ് മറുവശം. ശൈത്യകാലത്തെ കാഴ്ചകളാണ് കൂടുതല്‍ മനോഹരം.

ടൂറിസം കേന്ദ്രത്തിന്റെ വികസനത്തിന് 10 ലക്ഷം രൂപയാണ് വനം വകുപ്പ് അനുവദിച്ചത്. ഇതുപയോഗിച്ച് നടപ്പാത, ഹാന്‍ഡ് റെയില്‍, ഇരിപ്പിടം തുടങ്ങിയവ നിര്‍മിക്കും. ടിക്കറ്റ് കൗണ്ടര്‍ സ്ഥാപിക്കുന്നതോടൊപ്പം മൂന്ന് ടൂറിസം ഗൈഡുകളെയും അനുവദിക്കും. കുടിവെള്ളം, ശുചിമുറി എന്നിവക്കായി കായണ്ണ ഗ്രാമപഞ്ചായത്ത് 10 ലക്ഷം രൂപയാണ് വകയിരുത്തിയത്. ഈ കേന്ദ്രത്തിലെത്തുന്ന 800 മീറ്റര്‍ റോഡ് വികസനത്തിന് 10 ലക്ഷവും നീക്കിവെച്ചു. സംരക്ഷണ വേലി, ഇരിപ്പിടം, സോളാര്‍ ലൈറ്റ്, പ്രവേശന കവാടം, ടിക്കറ്റ് കൗണ്ടര്‍ ശില്‍പം എന്നിവ വനം വകുപ്പ് ഒരുക്കും. റോഡ്, കുടിവെള്ളം, ടോയ്‌ലറ്റ്, വേസ്റ്റ് ബിന്‍ എന്നിവ പഞ്ചായത്തും നിര്‍മിക്കും.

മുത്തശ്ശിപ്പാറയുടെ സമീപത്തെ ഗുഹയും ടൂറിസം സാധ്യത പരിശോധിച്ച് വികസിപ്പിക്കും. കുത്തനെയുള്ള പാറയിലൂടെ മുകളില്‍ കയറാന്‍ ട്രക്കിങ് സൗകര്യം ഒരുക്കും. നാടന്‍ ഭക്ഷണം നല്‍കുന്ന കഫറ്റീരിയ, ഹോം സ്റ്റേ തുടങ്ങിയ സൗകര്യങ്ങളും പൊതുജന പങ്കാളിത്തത്തോടെ നടപ്പാക്കുമെന്ന് കായണ്ണ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി കെ ശശി പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!