ദേശീയപാതയിലെ വെള്ളക്കെട്ട്; അടിയന്തര നടപടികൾ കൈക്കൊള്ളാൻ നിർദ്ദേശം

മന്ത്രിയുടെ നിർദ്ദേശപ്രകാരം ജില്ലാ കളക്ടർ പ്രത്യേക യോഗം ചേർന്നു

കോഴിക്കോട്: ദേശീയപാതയിലെയും സർവീസ് റോഡുകളിലെയും വെള്ളക്കെട്ടുകളും കുഴികളും ഒഴിവാക്കാനും അടിയന്തര അറ്റകുറ്റപ്പണികൾ നടത്താനും ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് ജില്ലാ കളക്ടർ സ്‌നേഹിൽ കുമാർ സിംഗ് നിർദ്ദേശം നൽകി. പൊതുമരാമത്ത് വിനോദ സഞ്ചാര വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസിന്റെ നിർദ്ദേശപ്രകാരം അടിയന്തരമായി വിളിച്ചു ചേർത്ത ഓൺലൈൻ യോഗത്തിലാണ് ദേശീയ പാത അതോറിറ്റിക്കും കരാർ കമ്പനികൾക്കും ഇതുമായി ബന്ധപ്പെട്ട നിർദ്ദേശം നൽകിയത്. രണ്ടു ദിവസത്തിനകം അടിയന്തര അറ്റകുറ്റപ്പണികൾ നടത്താനാണ് നിർദ്ദേശം. വരും ദിവസങ്ങളിൽ മഴ കനക്കാൻ സാധ്യതയുള്ളതിനാൽ താൽക്കാലിക അറ്റകുറ്റപ്പണികൾ നടത്തി റോഡുകളിലെ വെള്ളക്കെട്ടുകൾ ഒഴിവാക്കാനും കുഴികൾ അടയ്ക്കാനും നിർദ്ദേശം നൽകി. പ്രശ്നങ്ങളുള്ള പ്രദേശങ്ങൾ ദേശീയ പാത അതോറിറ്റി ഉദ്യോഗസ്ഥർ സന്ദർശിച്ച് കരാറുകാരെ കൊണ്ട് നടപടികൾ എടുപ്പിക്കണമെന്നും ജില്ലാ കളക്ടർ ആവശ്യപ്പെട്ടു.

ദേശീയപാത കടന്നുപോകുന്ന പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും അധ്യക്ഷന്മാർ യോഗത്തിൽ പങ്കെടുത്തു. ദേശീയപാതയിലും സർവീസ് റോഡിലും വലിയ കുഴികളും വെള്ളക്കെട്ടും നിറഞ്ഞത് യാത്രക്കാരെ ദുരിതത്തിലാക്കുന്നുണ്ടെന്ന് അധ്യക്ഷന്മാർ ചൂണ്ടിക്കാട്ടി. സർവീസ് റോഡുകൾ പൊട്ടിപ്പൊളിഞ്ഞുകിടക്കുന്നതും ഡ്രെയിനേജ് സംവിധാനം പൂർത്തിയാവാത്തതും വലിയ വെള്ളക്കെട്ടുകൾക്ക് കാരണമാവുന്നുണ്ട്. പ്രധാനപ്പെട്ട ജംഗ്ഷനുകളിൽ വലിയ ഗതാഗതക്കുരുക്ക് ഇതുമൂലം ഉണ്ടാകുന്നതായും അവർ പറഞ്ഞു. ശാശ്വത പരിഹാരത്തിനായി മഴ കുറയുന്നതുവരെ കാത്തുനിൽക്കാതെ താൽക്കാലിക അറ്റകുറ്റപ്പണികൾ അടിയന്തരമായി നടത്താനാണ് ജില്ലാ കളക്ടറുടെ നിർദ്ദേശം. അടുത്ത ദിവസം തന്നെ വീണ്ടും യോഗം ചേർന്ന് പ്രവൃത്തി പുരോഗതി വിലയിരുത്തും.

ദേശീയപാത അതോറിറ്റിയുടെ ഉദ്യോഗസ്ഥർ, കരാർ കമ്പനി പ്രതിനിധികൾ, പഞ്ചായത്ത് ഉദ്യോഗസ്ഥർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!