കൊയിലാണ്ടി ഫിഷിങ് ഹാര്‍ബറില്‍ മത്സ്യത്തൊഴിലാളികളുടെ സുരക്ഷ ഉറപ്പാക്കും

കൊയിലാണ്ടി: കൊയിലാണ്ടി ഫിഷിങ് ഹാര്‍ബറിന്റെ പ്രവര്‍ത്തക്ഷമതയും മത്സ്യത്തൊഴിലാളികളുടെ സുരക്ഷയും ഉറപ്പുവരുത്താന്‍ ജില്ലാ കലക്ടര്‍ സ്നേഹില്‍ കുമാര്‍ സിംഗിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന കൊയിലാണ്ടി ഹാര്‍ബര്‍ മാനേജ്‌മെന്റ് സൊസൈറ്റി യോഗത്തില്‍ തീരുമാനം.

മൂന്നുമാസത്തിനകം 28 സിസിടിവി ക്യാമറകള്‍ സ്ഥാപിക്കും. അനധികൃത പാര്‍ക്കിങ് നിയന്ത്രിക്കുന്നതിനും വരുമാനം കണ്ടെത്തുന്നതിനുമായി പാര്‍ക്കിങ് ഫീസ് ഏര്‍പ്പെടുത്തുകയും ഐസ് ക്രഷര്‍ ചെയ്യുന്നതിന് സ്ഥലവാടക ഈടാക്കുകയും ചെയ്യും. അനധികൃത ഐസ് ബോക്‌സുകള്‍, ഫൈബര്‍ ബോക്‌സുകള്‍ എന്നിവ നീക്കം ചെയ്യും. ഹാര്‍ബറും പരിസരപ്രദേശങ്ങളും എന്‍എസ്എസ് യൂണിറ്റുമായി ചേര്‍ന്ന് ശുചീകരിക്കും. ഹാര്‍ബര്‍ കേന്ദ്രീകരിച്ചുള്ള ലഹരി ഉപയോഗം തടയാന്‍ പോലീസുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കും. ഹാര്‍ബറിലെ ഡ്രെഡ്ജിങ് കൃത്യമായി നടത്തും. ഹാര്‍ബര്‍ തീരത്തടിഞ്ഞ കണ്ടെയ്‌നറുകളും മറ്റും നീക്കം ചെയ്യുന്നതിന് നടപടി സ്വീകരിക്കും. ഹാര്‍ബറില്‍ ജോലി ചെയ്യുന്ന ഇതരസംസ്ഥാന തൊഴിലാളികളെ അതിഥി തൊഴിലാളി പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യിക്കണമെന്ന് ജില്ലാ കലക്ടര്‍ നിര്‍ദേശിച്ചു.

കലക്ടറുടെ ചേംബറില്‍ ചേര്‍ന്ന യോഗത്തില്‍ ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടര്‍ വി സുനീര്‍, ഫുഡ് സേഫ്റ്റി ഓഫീസര്‍ ഡോ. വിജി വിത്സണ്‍, മത്സ്യഫെഡ് അസിസ്റ്റന്റ് മാനേജര്‍ അനില്‍ കുമാര്‍, ഫിഷറീസ് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ ആതിര, ഡോ. രാജാറാം, കെ പി രാജേഷ്, എം എസ് രാകേഷ്, എ സതീശന്‍, സി എം സുനിലേശന്‍, വി പി ഇബ്രാഹിംകുട്ടി, യു കെ രാജന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!