ദേശീയപാതകളില്‍ടോളിനു പകരം വാര്‍ഷിക പാസ് നടപ്പിലാക്കുമെന്ന് റോഡ് ഗതാഗത, ഹൈവേ മന്ത്രി നിതിന്‍ ഗഡ്കരി

ദേശീയപാതകളില്‍ ടോളിനു പകരം വാർഷിക പാസ് നടപ്പിലാക്കുമെന്ന് റോഡ് ഗതാഗത, ഹൈവേ മന്ത്രി നിതിൻ ഗഡ്കരി. 3000 രൂപ വിലയുള്ള ഫാസ്ടാഗ് അധിഷ്ഠിത വാർഷിക പാസാണ് സർക്കാർ അവതരിപ്പിക്കുകയെന്നും ഗഡ്കരി, ഓഗസ്റ്റ് 15 മുതലാണിത് പുറത്തിറങ്ങുക. ഈ പാസ് സ്വകാര്യ വാഹനങ്ങളിലാണ് നടപ്പാക്കുക, വാണിജ്യ വാഹനങ്ങൾക്കു ബാധകമല്ല. വാർഷിക പാസ് എടുത്ത തീയതി മുതൽ ഒരു വർഷം വരെ, അല്ലെങ്കിൽ 200 യാത്രകൾ വരെ പാസ് ഉപയോഗിക്കാം. ഇതിൽ ആദ്യം വരുന്നതാണു പരിഗണിക്കുകയെന്നും അദ്ദേഹം പറഞ്ഞു.

സംവിധാനം നടപ്പിലാകുന്നതോടുകൂടി ടോൾ ബൂത്തുകളിൽ ഇനി കാത്തുനിൽക്കാതെ സുഗമമായ സഞ്ചാരം യാഥാർഥ്യമാകും. ഒരു വശത്തേക്കുള്ള യാത്രയ്ക്ക് 15 രൂപയേ ചെലവാകുകയുള്ളൂ. ടോൾബൂത്തുകളിൽ തിങ്ങിനിറഞ്ഞുള്ള കാത്തിരിപ്പ് ഒഴിവാക്കാനാകും. തർക്കങ്ങൾ ഒഴിവാക്കാം. വാർഷിക പാസ് നിലവിൽ വരുന്നതോടെ രാജ്യത്തുടനീളമുള്ള ദേശീയ പാതകളിലൂടെ സുഗമവും ചെലവു കുറഞ്ഞതുമായ യാത്ര സാധ്യമാകുമെന്നും ഗഡ്കരി കുറിപ്പിൽ പറഞ്ഞു. 200 യാത്രകൾ കഴിഞ്ഞാലും അക്കൗണ്ട് റീചാർജ് ചെയ്ത് ഉപയോഗിക്കാം.

നിലവിൽ ഫാസ്ടാഗ് ഉപയോഗിക്കുന്നവർക്ക് മറ്റൊരു രേഖകളും കാണിക്കാതെതന്നെ പുതിയ സംവിധാനത്തിലേക്കു മാറാം. ആക്ടിവേഷനും പാസ് പുതുക്കുന്നതിനുമുള്ള ലിങ്ക് ഉടൻതന്നെ രാജ്‌മാർഗ് യാത്ര ആപ്പിലും എംഎച്ച്എഐ (നാഷനൽ ഹൈവേസ് അസോസിയേഷൻ ഓഫ് ഇന്ത്യ), റോഡ് ട്രാൻസപോർട് ആൻഡ് ഹൈവേസ് മന്ത്രാലയം (MoRTH) എന്നിവയുടെ ഔദ്യോഗിക വെബ്സൈറ്റിലും ലഭ്യമാക്കുമെന്നും ഗഡ്കരി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!