ലോക പിതൃദിനത്തില്‍ കൈന്‍ഡ് പാലിയേറ്റീവ് കെയറിന്റെ സ്നേഹാദരം


കീഴരിയൂർ: മുപ്പത് വര്‍ഷം മുമ്പ് അപകടത്തെ തുടര്‍ന്ന് നട്ടെല്ലിന് ക്ഷതംപറ്റി കിടപ്പിലായ മകന് വേണ്ടി ജീവിതം ഉഴിഞ്ഞുവെച്ച ഈ അച്ഛനെ ലോക പിതൃദിനത്തില്‍ കൈന്‍ഡ് പാലിയേറ്റീവ് കെയര്‍ സ്‌നേഹാദരം നല്‍കി. ഡ്രൈവറായി ജോലി ചെയ്യവേ ഇരുപത്തിരണ്ടാം വയസ്സിലാണ് മകന്‍ അശോകന് അപകടം പറ്റിയത്. മകന്‍ കിടപ്പിലായതോടെ കൂലിപ്പണിക്കാരനായ കുഞ്ഞിക്കേളപ്പന്‍ പിന്നീട് ജോലിക്കൊന്നും പോകാതെ മുഴുവന്‍ സമയവും അശോകനെ പരിചരിച്ച് വീട്ടില്‍ തന്നെ കഴിയുകയാണ്.
കൈന്‍ഡ് ചെയര്‍മാന്‍ കെ. പ്രഭാകരക്കുറുപ്പ് മാസ്റ്റര്‍ കുഞ്ഞിക്കേളപ്പനെ പൊന്നാട അണിയിച്ചു. ജനറല്‍ സെക്രട്ടറി അഷ്‌റഫ് എരോത്ത് ഉപഹാരം നല്‍കി. കൈന്‍ഡ് രക്ഷാധികാരി ഇടത്തില്‍ ശിവന്‍ മാസ്റ്റര്‍, വൈസ് ചെയര്‍മാന്‍ ശശി പാറോളി, സെക്രട്ടറി യു. കെ. അനീഷ്, കെ. അബ്ദുറഹ്‌മാന്‍, അര്‍ജുന്‍ ഇടത്തില്‍ എന്നിവര്‍ സംബന്ധിച്ചു.










