ദേശീയപാതയില്‍ ലോറി മറിഞ്ഞ് അപകടം; ഡ്രൈവര്‍ നിസ്സാര പരുക്കുകളോടെ രക്ഷപ്പെട്ടു
പയ്യോളി: ദേശീയപാതയില്‍ ലോറി മറിഞ്ഞ് അപകടം. ഡ്രൈവര്‍ കാസര്‍കോട് സ്വദേശി ഹനീഫ (60) നിസ്സാര പരുക്കുകളോടെ രക്ഷപ്പെട്ടു. മംഗലാപുരത്തുനിന്ന് കോഴിക്കോട് ഭാഗത്തേക്ക് പാമോയില്‍ കയറ്റി വന്ന ലോറിയാണ് കുഴിയില്‍ വീണ് മറിഞ്ഞത്. ഇന്ന് പുലര്‍ച്ചെ മൂന്നുമണിയോടെയാണ് അപകടം സംഭവിച്ചത്. ആറുവരി പാതയിലാണ് അപകടമുണ്ടായത്. ലോറിയുടെ മെയില്‍ ലീഫ് പൊട്ടിയതിനെത്തുടര്‍ന്ന് നിയന്ത്രണം വിട്ട് മറിഞ്ഞതെന്നാണ് പ്രാധമിക നിഗമനം.
പെരുമാള്‍പുരം മുതല്‍ തിക്കോടി കൃഷിഭവന്‍ വരെയുള്ള ആറുവരി പാത കഴിഞ്ഞ ദിവസമാണ് ഗതാഗതത്തിനായി തുറന്നുകൊടുത്തത്. ഇവിടെ റോഡ് അവസാനിക്കുന്ന തിക്കൊടിയിലെ ഭാഗത്ത് ടാറിങ് പൂര്‍ത്തിയായിട്ടില്ല. അവിടം വരെ വേഗത്തില്‍ വരുന്ന വാഹനങ്ങള്‍ യാതൊരു സൂചന ബോര്‍ഡുകളും സ്ഥാപിക്കാത്ത കുഴിയിലേക്ക് വീഴുകയാണ് ചെയ്യുന്നത്. ഭാരം കയറ്റിയ വാഹനങ്ങള്‍ക്കാണ് കൂടുതല്‍ ബുദ്ധിമുട്ടുണ്ടാവുന്നത്. ഇത് സംബന്ധമായ സൂചന ബോര്‍ഡുകള്‍ സ്ഥാപിക്കാത്തതാണ് പ്രശ്‌നത്തിന് കാരണമെന്നാണ് പറയുന്നത്.