പരാതിക്കാരുടെ പ്രശ്നങ്ങള്‍ക്കുള്ള പരിഹാരം സമയബന്ധിതമായി നടപ്പിലാക്കണം -നിയമസഭമിതി


കോഴിക്കോട്: പരാതിക്കാരുടെ പ്രശ്നങ്ങള്‍ക്കുള്ള പരിഹാരം സമയബന്ധിതമായി നടപ്പിലാക്കണമെന്ന് നിയമസഭ ഹര്‍ജികള്‍ സംബന്ധിച്ച സമിതിയുടെ നിർദേശം. കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന സിറ്റിംഗിലാണ് നിര്‍ദേശം നൽകിയത്. സമിതിയുടെ പരിഗണനയിലുള്ളതും ജില്ലയില്‍ നിന്ന് ലഭിച്ചതുമായ ഹര്‍ജികളില്‍ ബന്ധപ്പെട്ട വകുപ്പുകളിലെ ജില്ലാതല ഉദ്യോഗസ്ഥര്‍, ഹര്‍ജിക്കാര്‍ എന്നിവരുമായി സമിതി ചര്‍ച്ചയും തെളിവെടുപ്പും നടത്തി. പുതിയ പരാതികളും സമിതി സ്വീകരിച്ചു.
കാസർകോട് ജില്ലയിലെ ഹോസ്ദുർഗ്ഗ് താലൂക്കിൽ പകരം ഭൂമി നൽകി പട്ടയം ലഭ്യമാകാതിരുന്ന പരാതിയിൽ 40 ദിവസത്തിനകം പരിഹാരം കാണാൻ റവന്യൂ ഉദ്യോഗസ്ഥർക്ക് സമിതി നിര്‍ദേശം നൽകി. സമിതിയുടെ ഇടപെടൽ മൂലമാണ് പരാതിക്കാർക്ക് പട്ടയം നൽകാൻ സർക്കാരിൽ നിന്നും ഉത്തരവായത്. ഹിയറിങ് അടക്കമുള്ള നടപടികൾ പൂർത്തീകരിച്ച് പട്ടയം കൈമാറാനാണ് നിര്‍ദേശം നൽകിയത്.
കോഴിക്കോട് ഷിബ ആശുപത്രിയില്‍ ചികിത്സ തേടി കിടപ്പിലായ രോഗിക്ക് നീതി ലഭ്യമാക്കാനുള്ള നടപടികള്‍ സമിതി സ്വീകരിച്ചു. ആശുപത്രി അധികൃതര്‍, രോഗിയുടെ ബന്ധുക്കള്‍, ആരോഗ്യവകുപ്പിലെ ഉദ്യോഗസ്ഥര്‍ തുടങ്ങിയവരില്‍ നിന്നും തെളിവെടുത്തു. ഐഎംഎയുമായി സംസാരിച്ച് രണ്ടാഴ്ചക്കകം രോഗിക്ക് ന്യായമായ നഷ്ടപരിഹാരം നല്കുന്ന കാര്യത്തില്‍ തീരുമാനം എടുക്കാനും സമിതി നിര്‍ദേശം നല്കി.
കാരായ്മ കുടിയാന് പ്രശ്നം സംബന്ധിച്ച ഹര്‍ജികളില്‍ തീരുമാനം കാണാന്‍ റവന്യൂ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്കി. ഗെയില്‍ പൈപ്പ്ലൈന് സ്ഥാപിച്ചതുമായി ബന്ധപ്പെട്ട് നിലനില്‍ക്കുന്ന പരാതികളിലും റവന്യൂ, തദ്ദേശസ്വയംഭരണ വകുപ്പ് ഉദ്യോഗസ്ഥരോട് പരിശോധന നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സമിതി ആവശ്യപ്പെട്ടു.
സമിതി ചെയര്മാന് ആന്റണി രാജു എംഎല്‍എ, അഹമ്മദ് ദേവര്‍കോവില്‍ എംഎൽഎ, സമിതി അംഗങ്ങളും എംഎല്‍എമാരുമായ തോട്ടത്തില്‍ രവീന്ദ്രന്, ജി എസ് ജയലാല്‍, എം രാജഗോപാലന്‍, കെ കെ രമ, ജില്ലാ കലക്ടര്‍ സ്നേഹില്‍കുമാര്‍ സിംഗ്, എഡിഎം പി സുരേഷ്, ഡെപ്യൂട്ടി സെക്രട്ടറി വിജയ് അമൃതരാജ്, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.









