പിതാവിന്റെ മരണത്തില്‍ സംശയം; പയ്യോളി അങ്ങാടി സ്വദേശിയുടെ മൃതദേഹം പുറത്തെടുത്തു

പയ്യോളി: പിതാവിന്റെ മരണത്തില്‍ സംശയം മകന്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ഖബര്‍ തുറന്ന് പോസ്റ്റ്‌മോര്‍ട്ടം ചെയ്തു. തുറയൂര്‍ അട്ടക്കുണ്ട് ഈളുവയലില്‍ മുഹമ്മദി (58) ന്റെ മൃതദേഹമാണ് ഖബറില്‍ നിന്നും പുറത്തെടുത്ത് പോസ്റ്റ്‌മോര്‍ട്ടം ചെയ്തത്.

കഴിഞ്ഞ 27 വര്‍ഷങ്ങളായി ഭാര്യയുമായോ മക്കളുമായോ ബന്ധമില്ലാതെ ഒറ്റയ്ക്ക് താമസിച്ചുവരികയായിരുന്നു, മുമ്പ് പ്രവാസിയായിരുന്ന മുഹമ്മദ്.

മെയ് 26 ന് മുഹമ്മദിനെ വീടിന് പുറത്തു കാണാതായതോടെ, അയല്‍വാസി മരിച്ച നിലയില്‍ കാണുകയായിരുന്നു. കസേരയില്‍ ഇരിക്കുന്ന നിലയിലായിരുന്നു മൃതദേഹം. തുടര്‍ന്ന്, വിവരം നാട്ടുകാരെ അറിയിക്കുകയിരുന്നു. ഓടിക്കൂടിയ നാട്ടുകാര്‍ മുന്‍വാതില്‍ പൊളിച്ച് അകത്ത് കടന്ന് പരിശോധിക്കുകയായിരുന്നു. മരിച്ചെന്ന് കണ്ടെത്തിയതോടെ ഇദ്ദേഹത്തിന്റെ അനുജനെ വിവരമറിയിക്കുകയും, ഡോക്ടറെ വിളിച്ചു വരുത്തി മരണം സ്ഥിരീകരിക്കുകയും മൃതദേഹം അനുജന്‍ സ്വന്തം വീട്ടിലേക്ക് കൊണ്ടു പോവുകയും വൈകീട്ട് അട്ടക്കുണ്ട് ചെരിച്ചില്‍ പള്ളി ഖബര്‍സ്ഥാനില്‍ ഖബര്‍ അടക്കുകയും ചെയ്തു.

പിതാവിന്റെ മരണ വിവരം അറിയിച്ചതിനെ തുടര്‍ന്ന് സ്ഥലത്തെത്തിയ മകന്‍ മരണത്തില്‍ സംശയം പ്രകടിപ്പിച്ചു. മരണം നടന്നു എന്നു പറയുന്ന വീട്ടിലെ വാതില്‍ തകര്‍ന്നതായി കണ്ടില്ലെന്നും മൃതദേഹം തിരക്കുപിടിച്ച് സഹോദരന്റെ വീട്ടിലേക്ക് മാറ്റിയതിലും സംശയമുണ്ടെന്നും മരണശേഷവും പിതാവിന്റെ അക്കൗണ്ടില്‍ നിന്നും പണം പിന്‍വലിക്കപ്പെട്ടിട്ടുണ്ടെന്നും മകന്‍ പയ്യോളി കണ്ണംകുളം കുഴിച്ചാലില്‍ മുഫീദ് പോലീസിന് നല്‍കിയ പരാതിയില്‍ ആരോപിക്കുന്നു.

ഇതേ തുടര്‍ന്നാണ് ഖബര്‍സ്ഥാനില്‍ മറവ് ചെയ്ത മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്‌മോര്‍ട്ടം ചെയ്തത്‌.

മെഡിക്കല്‍ കോളേജ് ഫോറെന്‍സിക് ഡോ. സഞ്ജയ് പി, ആര്‍ഡിഒ അന്‍വര്‍ സാദത് പി, പയ്യോളി പോലീസ് ഇന്‍സ്പെക്ടര്‍ സജീഷ് എ കെ, സബ് ഇന്‍സ്പെക്ടര്‍ റഫീഖ്. പി. എന്നിവര്‍ മേല്‍നടപടികള്‍ക്ക് നേതൃത്വം നല്‍കി

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!