പ്രീമെട്രിക്/പോസ്റ്റ്മെട്രിക് ഹോസ്റ്റലുകളില്‍ കുക്ക്, വാച്ച്മാന്‍ നിയമനം



പ്രീമെട്രിക്/പോസ്റ്റ്മെട്രിക് ഹോസ്റ്റലുകളില്‍ കുക്ക്, വാച്ച്മാന്‍ നിയമനം
കോഴിക്കോട് പട്ടികവര്‍ഗ വികസന ഓഫീസിന് കീഴിലെ പ്രീമെട്രിക്, പോസ്റ്റ്മെട്രിക് ഹോസ്റ്റലുകളില്‍ 2025-26 അധ്യയന വര്‍ഷത്തേക്ക് ദിവസവേതനാടിസ്ഥാനത്തില്‍ കുക്ക്, വാച്ച്മാന്‍, മെസ്ബോയ് തസ്തികകളില്‍ പട്ടികവര്‍ഗക്കാരായ യുവതീ-യുവാക്കളെ നിയമിക്കും. ഹോസ്റ്റലില്‍ താമസിച്ച് ജോലി ചെയ്യാന്‍ തയാറുള്ളവര്‍ക്ക് അപേക്ഷിക്കാം.
കുക്ക്- പുതുപ്പാടി, വടകര പ്രീമെട്രിക് ഹോസ്റ്റലുകളില്‍ ഒരു ഒഴിവ് വീതവും കുന്ദമംഗലത്ത് രണ്ടും ഈസ്റ്റ്ഹില്ലില്‍ മൂന്നും പൂളക്കടവ് പോസ്റ്റ്മെട്രിക് ഹോസ്റ്റലില്‍ രണ്ടും ഒഴിവാണുള്ളത്. യോഗ്യത: ഏഴാം ക്ലാസ് പാസ്. ഗവ. അംഗീകൃത സ്ഥാപനത്തില്‍നിന്ന് ഫുഡ് പ്രൊഡക്ഷനില്‍ കെജിസിഇ അഭിലഷണീയം.
വാച്ച്മാന്‍- കുന്ദമംഗലം പ്രീമെട്രിക് ഹോസ്റ്റലിലും പൂളക്കടവ് പോസ്റ്റ്മെട്രിക് ഹോസ്റ്റലിലും ഒരോ ഒഴിവ് വീതം. യോഗ്യത: ഏഴാം ക്ലാസ് പാസ്.
മെസ്ബോയ്- പൂളക്കടവ് പോസ്റ്റ്മെട്രിക് ഹോസ്റ്റലില്‍ ഒരു ഒഴിവ്. യോഗ്യത -ഏഴാം ക്ലാസ് പാസ്.
പ്രായപരിധി: 2025 ജനുവരി ഒന്നിന് 20-45. പിഎസ്‌സി/എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് മുഖേന നിയമനം വരുന്നത് വരെയാകും താല്‍ക്കാലിക നിയമനം. വെള്ളക്കടലാസില്‍ തയാറാക്കിയ അപേക്ഷ, ജാതി, വിദ്യാഭ്യാസ യോഗ്യത, ജനന തിയതി എന്നിവ തെളിയിക്കുന്ന രേഖകളുടെ ഒറിജിനല്‍, പകര്‍പ്പ് എന്നിവ സഹിതം ജൂണ്‍ പത്തിന് കോഴിക്കോട് ട്രൈബല്‍ ഡെവവലപ്മെന്റ് ഓഫീസില്‍ രാവിലെ 11ന് വാക്ക്-ഇന്‍ ഇന്റര്‍വ്യൂവിനെത്തണം. ഫോണ്‍: 0495 2376364.

അധ്യാപക അഭിമുഖം
മാനന്തവാടി ഗവ. കോളേജില്‍ ഹിസ്റ്ററി ഗസ്റ്റ് അധ്യാപക നിയമനത്തിനുള്ള അഭിമുഖം ജൂണ്‍ ഒമ്പതിന് രാവിലെ 10.30ന് കോളേജ് ഓഫീസില്‍ നടക്കും. കോഴിക്കോട് കോളേജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസ് പാനലില്‍ ഉള്‍പ്പെട്ടവര്‍ യോഗ്യതാ സര്‍ട്ടിഫിക്കറ്റിന്റെ അസ്സലും പകര്‍പ്പുമായി എത്തണം. ഫോണ്‍: 04935 240351.

അധ്യാപക നിയമനം
പുതുപ്പാടി ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ഹൈസ്‌കൂള്‍ വിഭാഗത്തില്‍ സോഷ്യല്‍ സയന്‍സ് അധ്യാപക നിയമനത്തിനുള്ള അഭിമുഖം ജൂണ്‍ ഒമ്പതിന് രാവിലെ 10.30ന് നടക്കും. ഫോണ്‍: 9447892607, 8921262859.
കല്ലായി ഗവ. ഗണപത് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ എച്ച്എസ്എ ഹിന്ദി അധ്യാപക നിയമനത്തിനുള്ള അഭിമുഖം ജൂണ്‍ 11ന് രാവിലെ 11ന് നടക്കും. ഫോണ്‍: 0495 2323962.

പാരമ്പര്യേതര ട്രസ്റ്റി നിയമനം
അമൃതമംഗലം ശിവക്ഷേത്രത്തില്‍ പാരമ്പര്യേതര ട്രസ്റ്റി നിയമനത്തിന് ഹിന്ദുമതം ആചരിക്കുന്ന തദ്ദേശവാസികളില്‍നിന്ന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകള്‍ ജൂണ്‍ 20ന് വൈകീട്ട് അഞ്ചിനകം കോഴിക്കോട് അസിസ്റ്റന്റ് കമീഷണറുടെ ഓഫീസില്‍ ലഭിക്കണം. അപേക്ഷ ഫോം മലബാര്‍ ദേവസ്വം ബോര്‍ഡിന്റെ www.malabardevaswom.kerala.gov.in വെബ്‌സൈറ്റില്‍ ലഭിക്കും. ഫോണ്‍: 0495 2374547.

മുന്‍ഗണനാ റേഷന്‍ കാര്‍ഡ്: 15 വരെ അപേക്ഷിക്കാം
പൊതുവിഭാഗം റേഷന്‍ കാര്‍ഡുകള്‍ മുന്‍ഗണനാ വിഭാഗത്തിലേക്ക് മാറ്റുന്നതിനുള്ള അപേക്ഷ ജൂണ്‍ 15 വരെ സ്വീകരിക്കുമെന്ന് ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു. അക്ഷയ കേന്ദ്രം, സിവില്‍ സപ്ലൈസ് വകുപ്പ് വെബ്‌സൈറ്റിലെ സിറ്റിസണ്‍ ലോഗിന്‍ എന്നിവ വഴി അപേക്ഷ സമര്‍പ്പിക്കാം. തദ്ദേശ സ്വയംഭരണ സെക്രട്ടറി നല്‍കുന്ന ബിപിഎല്‍ സര്‍ട്ടിഫിക്കറ്റുള്ളവര്‍, മാരക രോഗമുള്ളവര്‍, പട്ടികജാതിക്കാര്‍, പരമ്പരാഗത മേഖലയില്‍ തൊഴിലെടുക്കുന്നവര്‍, നിര്‍ധന ഭൂരഹിത-ഭവനരഹിതര്‍, സര്‍ക്കാര്‍ ധനസഹായത്തോടെ ലഭ്യമായ വീടുള്ളവര്‍, ഭിന്നശേഷിക്കാര്‍ എന്നിവര്‍ക്ക് മുന്‍ഗണന ലഭിക്കും. ഇവര്‍ അപേക്ഷയില്‍ ബന്ധപ്പെട്ട രേഖകള്‍ കൂടി സമര്‍പ്പിക്കണം.
ആയിരം ചതുരശ്ര അടിയിലധികം വിസ്തീര്‍ണമുള്ള വീടുള്ളവര്‍, ഒരേക്കറിലധികം ഭൂമിയുള്ളവര്‍, സര്‍ക്കാര്‍/അര്‍ധ സര്‍ക്കാര്‍/പൊതുമേഖല/സഹകരണ സ്ഥാപനങ്ങളിലെ ജീവനക്കാര്‍, സര്‍വീസ് പെന്‍ഷന്‍കാര്‍ (പാര്‍ട്ട് ടൈം ജീവനക്കാര്‍, താല്‍ക്കാലിക ജീവനക്കാര്‍, ക്ലാസ് ഫോര്‍ തസ്തികയില്‍ പെന്‍ഷനായവര്‍, 5000 രൂപയില്‍ താഴെ പെന്‍ഷന്‍ വാങ്ങുന്നവര്‍, 10,000 രൂപയില്‍ താഴെ സ്വാതന്ത്ര്യസമര പെന്‍ഷന്‍ വാങ്ങുന്നവര്‍ ഒഴികെ), ആദായനികുതി ദാതാക്കള്‍, കുടുംബത്തിന്റെ പ്രതിമാസ വരുമാനം 25,000 രൂപയിലധികമുള്ളവര്‍, നാലുചക്ര വാഹനം സ്വന്തമായുള്ളവര്‍ (ഏക ഉപജീവന മാര്‍ഗമായ ടാക്സി ഒഴികെ), കുടുംബത്തില്‍ ആര്‍ക്കെങ്കിലും വിദേശ ജോലിയില്‍ നിന്നോ സ്വകാര്യ സ്ഥാപനത്തിലെ ജോലിയില്‍ നിന്നോ പ്രതിമാസം 25,000 രൂപയിലധികം വരുമാനമുള്ളവര്‍ എന്നിവര്‍ക്ക് മുന്‍ഗണനാ റേഷന്‍കാര്‍ഡിന് അര്‍ഹത ഉണ്ടാകില്ല. സംശയ നിവാരണത്തിന് അതത് താലൂക്ക് സപ്ലൈ/സിറ്റി റേഷനിങ് ഓഫീസുമായി ബന്ധപ്പെടണം.
താലൂക്ക് സപ്ലൈ ഓഫീസ്, കോഴിക്കോട്- 0495 2374885, സിറ്റി റേഷനിങ് ഓഫീസ് (നോര്‍ത്ത്) -0495 2374565, സിറ്റി റേഷനിങ് ഓഫീസ് (സൗത്ത്) -0495 2374807, താലൂക്ക് സപ്ലൈ ഓഫീസ്, കൊയിലാണ്ടി -0496 2620253, താലൂക്ക് സപ്ലൈ ഓഫീസ്, വടകര -0496 2522472, താലൂക്ക് സപ്ലൈ ഓഫീസ്, താമരശ്ശേരി -0495 2224030.

മുന്‍കരുതല്‍ നടപടികള്‍ പിന്‍വലിച്ചു
ജില്ലയില്‍ കനത്ത മഴയെത്തുടര്‍ന്ന് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ച സാഹചര്യത്തില്‍ ക്വാറികളുടെ പ്രവര്‍ത്തനം, മണ്ണെടുക്കല്‍, ഖനനം, കിണര്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍, മണലെടുക്കല്‍ എന്നിവക്ക് ഏര്‍പ്പെടുത്തിയിരുന്ന നിരോധനം മഴ കുറഞ്ഞതിനാല്‍ പിന്‍വലിച്ചതായി ദുരന്ത നിവാരണ അതോറിറ്റി ചെയര്‍മാന്‍ കൂടിയായ ജില്ലാ കലക്ടര്‍ സ്‌നേഹില്‍ കുമാര്‍ സിംഗ് അറിയിച്ചു. ജലാശയങ്ങളില്‍ ഇറങ്ങുന്നവര്‍ ജാഗ്രത പുലര്‍ത്തണമെന്നും അറിയിച്ചു.

മണ്‍പാത്ര നിര്‍മാണ തൊഴിലാളി ധനസഹായ പദ്ധതി: തീയതി നീട്ടി
പിന്നാക്ക വിഭാഗ വികസന വകുപ്പ് മുഖേന നടപ്പാക്കുന്ന പരമ്പരാഗത മണ്‍പാത്ര നിര്‍മാണ തൊഴിലാളികള്‍ക്കുള്ള ധനസഹായ പദ്ധതിക്ക് അപേക്ഷിക്കാനുള്ള അവസാന തീയതി ജൂണ്‍ 15 വരെ നീട്ടി. കുടുംബ വാര്‍ഷിക വരുമാനം 2.5 ലക്ഷം രൂപയില്‍ കവിയാത്തവരും 1.06.2025ല്‍ 60വയസ്സ് പിന്നിടാത്തവരുമായ പിന്നാക്ക വിഭാഗത്തില്‍ ഉള്‍പ്പെട്ട മണ്‍പാത്ര നിര്‍മാണം കുലത്തൊഴിലായി ചെയ്യുന്നവര്‍ക്ക് www.bwin.kerala.gov.in വഴി അപേക്ഷിക്കാം.
മുന്‍ വര്‍ഷങ്ങളില്‍ ആനുകൂല്യം ലഭിച്ചവരും കുടുംബാംഗങ്ങളും 2024-25 വര്‍ഷം ഓണ്‍ലൈനായി അപേക്ഷിച്ചവരും പുതുതായി അപേക്ഷിക്കേണ്ടതില്ല. കൂടുതല്‍ വിവരങ്ങള്‍ www.bcddkerala.gov.in, www.bwin.kerala.gov.inഎന്നീ വെബ്‌സൈറ്റുകളില്‍ ലഭ്യമാണ്.

റിസോഴ്‌സ് അധ്യാപക നിയമനം
സര്‍ക്കാര്‍ പ്രൈമറി സ്‌കൂള്‍ വിദ്യാര്‍ഥികളുടെ ഇംഗ്ലീഷ് മെച്ചപ്പെടുത്തുന്നതിനായി കോഴിക്കോട് വിദ്യാഭ്യാസ ഉപഡയറക്ടറുടെ ഓഫീസ്, റിസോഴ്‌സ് അധ്യാപകരെ നിയമിക്കും. യോഗ്യത: ബിഎ ഇംഗ്ലീഷ് (കമ്യൂണിക്കേറ്റീവ്/ലിറ്ററേച്ചര്‍/ഫങ്ഷണല്‍), ടിടിസി/ഡിഎഡ്/ഡിഎല്‍എഡ്/ബിഎഡ് ഇന്‍ ഇംഗ്ലീഷ്.
ജൂണ്‍ പത്തിന് രാവിലെ 10.30ന് കോഴിക്കോട് വിദ്യാഭ്യാസ ഉപഡയറക്ടറുടെ കാര്യാലയത്തില്‍ നടക്കുന്ന അഭിമുഖത്തിന് യോഗ്യത തെളിയിക്കുന്ന രേഖകള്‍ സഹിതം എത്തണം. ഫോണ്‍: 0495 2722297.

സംരംഭകത്വ ശില്‍പശാല അഞ്ചിന്
കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ എന്റര്‍പ്രണര്‍ഷിപ്പ് ഡെവലപ്‌മെന്റ്, സംരംഭകര്‍ക്കായി ഒരു ദിവസത്തെ വര്‍ക്കിങ് ക്യാപിറ്റല്‍ മാനേജ്മെന്റ് വിഷയത്തില്‍ ശില്‍പശാല സംഘടിപ്പിക്കും. ജൂണ്‍ അഞ്ചിന് കളമശ്ശേരിയിലെ കെഐഇഡി ക്യാമ്പസില്‍ നടക്കുന്ന പരിശീലനത്തില്‍ പങ്കെടുക്കാന്‍ താല്‍പര്യമുള്ളവര്‍ ജൂണ്‍ മൂന്നിനകം http://kied.info/training-calender/ വെബ്സൈറ്റ് വഴി അപേക്ഷിക്കണം. ഫോണ്‍: 0484 2532890/2550322/7994903058.








