എലിപ്പനി പ്രതിരോധ മാര്‍ഗങ്ങള്‍ സ്വീകരിക്കണം; ജില്ലാ മെഡിക്കല്‍ ഓഫീസര്‍

എലിപ്പനി പ്രതിരോധ മാര്‍ഗങ്ങള്‍ സ്വീകരിക്കണം

മഴയെ തുടര്‍ന്ന് ജില്ലയിലെ ചില പ്രദേശങ്ങളില്‍ വെള്ളക്കെട്ടുകള്‍ രൂപപ്പെടുകയും ദുരിതാശ്വാസ ക്യാമ്പുകള്‍ ആരംഭിക്കുകയും ചെയ്ത സാഹചര്യത്തില്‍ മലിനജലവുമായി സമ്പര്‍ക്കത്തിലാകുന്ന എല്ലാവരും എലിപ്പനി പ്രതിരോധ മാര്‍ഗങ്ങള്‍ സ്വീകരിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.

ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നവരും ക്യാമ്പുകളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവരും വീട്ടുപരിസരങ്ങളിലും വഴികളിലും മലിനജലത്തില്‍ ചവിട്ടി സഞ്ചരിക്കേണ്ടി വരുന്നവരും തൊഴില്‍ സാഹചര്യങ്ങളുമായി ബന്ധപ്പെട്ട് മലിനജല സമ്പര്‍ക്കമുണ്ടാകുന്നവരും ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവരും എലിപ്പനിക്കെതിരായ പ്രതിരോധ ഗുളികയായ ‘ഡോക്സിസൈക്ലിന്‍’ ആരോഗ്യപ്രവര്‍ത്തകരുടെ നിര്‍ദേശപ്രകാരം കഴിക്കണം. സര്‍ക്കാര്‍ ആശുപത്രികളിലും ആരോഗ്യ കേന്ദ്രങ്ങളിലും ഗുളിക സൗജന്യമായി ലഭിക്കും.

മുറിവുകളിലൂടെ രോഗാണു ശരീരത്തിലെത്തും

മലിനജല സമ്പര്‍ക്കമുണ്ടാകുന്നവരില്‍ കൈകാലുകളിലെ മുറിവുകളിലൂടെയാണ് പ്രധാനമായും എലിപ്പനി രോഗാണു ശരീരത്തിലെത്തുന്നത്. കൈകാലുകളില്‍ മുറിവുകളോ വിണ്ടുകീറലോ ഉള്ളവര്‍ വെള്ളക്കെട്ടുകളിലും മലിനമായ മണ്ണിലും ഇറങ്ങരുത്. കന്നുകാലികളെ കുളിപ്പിക്കുന്ന തോട്, കുളം എന്നിവിടങ്ങളുമായി സാമീപ്യമുള്ളവര്‍ ജാഗ്രത പാലിക്കണം. ജോലിക്കായി ഇറങ്ങുമ്പോള്‍ കൈയുറ, കാലുറ തുടങ്ങിയ സുരക്ഷാ മാര്‍ഗങ്ങള്‍ ഉപയോഗിക്കണം. ആഹാരസാധനങ്ങള്‍ വീടിന് പുറത്തും പൊതുസ്ഥലങ്ങളിലും കൂട്ടിയിടാതിരിക്കുകയും എലി പെരുകാനുള്ള സാഹചര്യങ്ങള്‍ ഒഴിവാക്കുകയും വേണം.

ലക്ഷണങ്ങള്‍ കണ്ടാല്‍ ചികിത്സ തേടണം

പനി, തലവേദന, ക്ഷീണം, പേശികള്‍ക്ക് കഠിനമായ വേദന, പനിയോടൊപ്പം മഞ്ഞപ്പിത്ത ലക്ഷണങ്ങള്‍ എന്നിവ കണ്ടാല്‍ എലിപ്പനി സംശയിക്കുകയും ഡോക്ടറെ കണ്ട് ചികിത്സ തേടുകയും വേണം. ചികിത്സ തേടുന്ന സമയത്ത് ഡോക്ടറോട് തൊഴില്‍ പശ്ചാത്തലവും മലിനജലവുമായി സമ്പര്‍ക്കമുണ്ടായിട്ടുണ്ടെങ്കില്‍ ആ വിവരവും അറിയിക്കണം. എലിപ്പനി നേരത്തെ കണ്ടെത്തി ചികിത്സിക്കുന്നത് രോഗം വേഗം ഭേദമാകുന്നതിനും സങ്കീര്‍ണതകള്‍ കുറക്കുന്നതിനും സഹായകമാകും.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!