കൊല്ലം കുന്ന്യോറമലയിലെ അവശേഷിക്കുന്ന ഭൂമി ഏറ്റെടുക്കാന്‍ ദേശീയപാത അധികൃതര്‍ തയ്യാറാവണം; അദാനി ഓഫീസിലേക്ക് മാര്‍ച്ച് നടത്തി.
നന്തി – ചെങ്ങോട്ടുകാവ് ബൈപ്പാസ് നിര്‍മ്മാണത്തെ തുടര്‍ന്ന് മണ്ണിടിച്ചില്‍ ഭീഷണി നിലനില്‍ക്കുന്ന കൊയിലാണ്ടി കൊല്ലം കുന്ന്യോറമലയിലെ അവശേഷിക്കുന്ന ഭൂമി ഏറ്റെടുക്കാന്‍ ദേശീയപാത അധികൃതര്‍ തയ്യാറാവണം എന്നാവശ്യപ്പെട്ട് പ്രദേശവാസികള്‍ നിര്‍മ്മാണ പ്രവൃത്തി കരാര്‍ ഏറ്റെടുത്ത അദാനിയുടെ ഓഫീസിലേക്ക് മാര്‍ച്ച് നടത്തി.
അരങ്ങാടത്തുള്ള ഓഫീസിന് മുന്നില്‍ മാര്‍ച്ച് പോലീസ് തടഞ്ഞു. സ്ത്രീകള്‍ അടക്കം നൂറുകണക്കിനാളുകള്‍ സമരത്തില്‍ പങ്കെടുത്തു. മണ്ണിടിച്ചില്‍ ഭീഷണിയുള്ള സ്ഥലത്ത് സോയില്‍ നെയ്‌ലിങ്ങിന് പകരം കോണ്‍ക്രീറ്റ് വാള്‍ നിര്‍മ്മിക്കുക, ഭീഷണി നിലനില്‍ക്കുന്ന മുഴുവന്‍ വീടുകളും ഏറ്റെടുക്കുക, സ്ഥലത്തെക്കുളള റോഡ് സൗകര്യം സര്‍ക്കാര്‍ പുനസ്ഥാപിക്കുക തുടങ്ങിയ ആവശ്യമുന്നയിച്ചായിരുന്നു സമരം. നഗരസഭ കൗണ്‍സിലര്‍ കെ. എം. സുമതി അധ്യക്ഷയായി.
വിവിധ രാഷ്ട്രീയ പാര്‍ട്ടികളെ പ്രതിനിധീകരിച്ച് എന്‍. കെ. ഭാസ്‌കരന്‍, പത്മനാഭന്‍ കൊല്ലം, വി. ടി. സുരേന്ദ്രന്‍, നടേരി ഭാസ്‌കരന്‍, കെ. കെ. വൈശാഖ്, രാജന്‍, നഷജിത്ത്, പ്രജീഷ് തുടങ്ങിയവര്‍ സംസാരിച്ചു.