2026ഓടെ നവകേരളം സാക്ഷാത്കരിക്കാന്‍ ലക്ഷ്യം: മുഖ്യമന്ത്രി പിണറായി വിജയന്


2026ല്‍ സര്‍ക്കാര്‍ പത്ത് വര്‍ഷം പൂര്‍ത്തിയാക്കുന്ന ഘട്ടത്തില്‍ നവകേരളം സാക്ഷാത്കരിക്കാനാണ് ലക്ഷ്യമിടുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. രണ്ടാം പിണറായി വിജയന് സര്‍ക്കാറിന്റെ നാലാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി കോഴിക്കോട്ട് സംഘടിപ്പിച്ച ജില്ലാതല യോഗത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
സംസ്ഥാനം ആധുനിക വിജ്ഞാന ഉല്പാദന കേന്ദ്രമായി മാറി. ഡിജിറ്റല്‍ സയന്‍സ് പാര്ക്കിന് പുറമെ 200 കോടി വീതം ചെലവിട്ട് മൂന്ന് സയന്‍സ് പാര്‍ക്കുകള്‍ സ്ഥാപിക്കുന്നതിനുള്ള പദ്ധതികൾ പുരോഗമിക്കുകയാണ്. ഐടി പാര്‍ക്കുകളിലെ സ്ഥാപനങ്ങളുടെയും ജീവനക്കാരുടെയും എണ്ണം വര്‍ധിപ്പിക്കാനായി. സ്റ്റാര്‍ട്ടപ്പ് മേഖലയില്‍ കേരളം ലോകത്തിനാകെ മാതൃകയാണിന്ന്. 3000 സ്റ്റാര്‍ട്ടപ്പുകളില്‍നിന്ന് 6300 ആയി വര്‍ധിച്ചു.
5800 കോടി രൂപയുടെ നിക്ഷേപവും 60,000 തൊഴിലവസരങ്ങളും ഇതുവഴി സാധ്യമായി. ദേശീയ തലത്തില്‍ ആദ്യത്തെ ഡിജിറ്റല്‍ യൂനിവേഴ്സിറ്റി, ഡിജിറ്റല്‍ സയന്‍സ് പാര്‍ക്ക്, ഗ്രഫീന്‍ ഇന്നൊവേഷന് സെന്റര്‍, കൊച്ചി വാട്ടര്‍ മെട്രൊ, തിരുവനന്തപുരം വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ട് എല്ലാം കേരളത്തിന്റെ സംഭാവനകളാണ്. ഇന്നൊവേഷണല്‍ ആയുര്‍വേദ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട്, ജിനോ ഡാറ്റ സെന്റര്‍, മെഡിക്കല്‍ ടെക്നോളജി കണ്‍സോര്‍ഷ്യം തുടങ്ങിയ മേഖലകളില്‍ ഉള്‍പ്പെടെ തയാറെടുപ്പുകള്‍ നടന്നു വരുന്നു. കഴിഞ്ഞ ഒമ്പത് വര്‍ഷത്തിനിടെ സംസ്ഥാനം സര്‍വ മേഖലകളിലും വലിയ പുരോഗതി കൈവരിച്ചു. എന്നാല്‍, യഥാര്‍ഥ ചിത്രം ജനങ്ങള്‍ക്ക് മുന്നില്‍ പലപ്പോഴും അവതരിപ്പിക്കപ്പെടുന്നില്ല. യഥാര്‍ഥ ചിത്രം മറച്ചുവെച്ച് മറ്റൊരു ചിത്രം അവതരിപ്പിക്കാനാണ് ചിലര്‍ ശ്രമിക്കുന്നത്. സാമ്പത്തിക പ്രതിസന്ധികള്‍ കാരണം വികസന പ്രവര്‍ത്തനങ്ങള്‍ക്കുള്‍പ്പെടെ തടസ്സം നേരിടുന്നതായാണ് പ്രചാരണം. എന്നാല്‍, വസ്തുത ഇതല്ലെന്ന് സമൂഹത്തിലെ മാറ്റങ്ങള്‍ പരിശോധിക്കുന്നവര്‍ക്ക് ബോധ്യപ്പെടുമെന്നും മുഖ്യമന്ത്രി പറഞ്ഞു. കേരളം വ്യവസായത്തിന് അനുയോജ്യമല്ലെന്ന ധാരണ വ്യവസായ സൗഹൃദാന്തരീക്ഷം സൃഷ്ടിക്കുന്നതിലൂടെ മാറ്റിയെടുക്കാനായി.
നിയമങ്ങളിലും ചട്ടങ്ങളിലും മാറ്റം വരുത്തി അതില്‍ വിജയിക്കുകയും ചെയ്തു. ആളുകളുടെ മനോഭാവത്തിലും മാറ്റമുണ്ടായി. നിരവധി സംരംഭങ്ങള്‍ ആരംഭിക്കുകയും തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുകയും ചെയ്തു. ആഭ്യന്തര നികുതി വരുമാനത്തില്‍ വര്‍ധനവുണ്ടാക്കാനായി. മൂന്ന് വര്‍ഷംകൊണ്ട് നികുതി വരുമാനം 47,000 കോടിയില്‍നിന്ന് 81,000 കോടിയിലേക്കും തനത് വരുമാനം 55,000 കോടിയില്‍നിന്ന് 1,04,000 കോടിയിലേക്കും ഉയര്‍ത്താനായെന്നും മുഖ്യമന്ത്രി പറഞ്ഞു.
ദാരിദ്യനിര്‍മാര്‍ജനത്തിന് നടപടികള്‍ സ്വീകരിച്ചതും മാര്‍ക്കറ്റില്‍ ഇടപെടല്‍ നടത്തി പൊതുവിതരണം ശക്തിപ്പെടുത്താനായതും വലിയ മുന്നേറ്റത്തിന് കാരണമായി. 4.25 ലക്ഷത്തോളം മുന്‍ഗണന കാര്‍ഡുകള്‍ ലഭ്യമാക്കി. 6,80,000 പേര്‍ക്ക് ചികിത്സ ധനസാഹയം നല്‍കാനായി. ക്ഷേമപെന്ഷന് തുക വര്‍ധിപ്പിക്കുകയും 60 ലക്ഷം പേര്‍ക്ക് നല്‍കുകയും ചെയ്യുന്നു. ലൈഫ് മിഷന്റെ ഭാഗമായി നാലര ലക്ഷത്തിലധികം വീടുകള്‍ നല്‍കാനായി. പട്ടയ വിതരണം നാല് ലക്ഷം കടക്കുകയും തുടര്‍ന്നുള്ളത് അതിവേഗം നല്കാന് നടപടികള്‍ സ്വീകരിച്ചു വരികയും ചെയ്യുന്നു. നവംബര്‍ ഒന്നിന് ഇന്ത്യയില്‍ അതിദരിദ്രര്‍ ഇല്ലാത്ത സംസ്ഥാനമായി കേരളത്തെ പ്രഖ്യാപിക്കാനിരിക്കുകയുമാണ്. മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് ക്രമസമാധാന രംഗത്തും കേരളം മുമ്പിലാണ്.
ആരോഗ്യ രംഗത്തും നിര്‍ണായക ഇടപെടലുകളാണ് നടത്തിയത്. കാരുണ്യ ആരോഗ്യ സുരക്ഷ പദ്ധതി വഴി 73 ലക്ഷം പേര്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ ഉറപ്പാക്കാനാകുന്നു. 2016ല്‍ പ്രഖ്യാപിച്ച ആര്‍ദ്രം മിഷന് പദ്ധതിയുടെ ഭാഗമായി 886 പ്രൈമറി ഹെല്‍ത്ത് സെന്ററുകളില്‍ 674 എണ്ണം കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി ഉയര്‍ത്തി. പൊതുവിദ്യാഭ്യാസ രംഗത്ത് 5000 കോടിയോളം രൂപ ചിലവഴിച്ചു. ഉന്നത വിദ്യാഭ്യാസ മേഖലയില്‍ രാജ്യത്തെ സര്‍വകലാശാല റാങ്കിങ്ങില്‍ ആദ്യ പന്ത്രണ്ടില്‍ മൂന്നെണ്ണം കേരളത്തിലാണ്. കാര്‍ഷിക രംഗത്തെ വളര്‍ച്ച 4.64 ശതമാനം ആയി ഉയര്‍ന്നെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
ജനങ്ങള്‍ക്ക് പറയാനുള്ളത് കേള്‍ക്കാനും അതിലൂടെ മികച്ച തീരുമാനങ്ങളെടുത്ത് നടപ്പാക്കാനുമുള്ള ശ്രമമാണ് ഒമ്പത് വര്‍ഷമായി സര്‍ക്കാര്‍ നടത്തുന്നതെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച പൊതുമരാമത്ത്, ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു. സർക്കാരിൻ്റെ നാലാം വാര്‍ഷികം ആഘോഷിക്കുന്നതിന്റെ ഭാഗമായി 14 ജില്ലകളിലും വിവിധ മേഖലയിലുള്ളവര്‍ക്ക് പറയുള്ളത് കേള്‍ക്കാനും അവരോട് മുഖ്യമന്ത്രിക്കും സര്‍ക്കാരിനും പറയാനുള്ളത് പറയാനുമാണ് മുഖ്യമന്ത്രിയുടെ ജില്ലാതല യോഗങ്ങള്‍. ഉദ്യോഗസ്ഥ തലത്തില്‍ മേഖലാതല യോഗങ്ങള്‍ സംഘടിപ്പിച്ച് ഓരോ ജില്ലയിലും നടത്തേണ്ട വികസന പ്രവര്‍ത്തനങ്ങളുടെ വേഗത വര്‍ധിപ്പിക്കാനുള്ള കാര്യങ്ങള്‍ നടന്നുകൊണ്ടിരിക്കുകയാണെന്നും മന്ത്രി പറഞ്ഞു. 2016ല്‍ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം കോഴിക്കോട് ജില്ലയിലെ എല്ലാ വികസന പ്രവര്‍ത്തനങ്ങളിലും വലിയ പരിഗണന നല്‍കിക്കൊണ്ടാണ് മുന്നോട്ടുപോകുന്നതെന്നും അര്‍ഹതപ്പെട്ട എല്ലാ കാര്യങ്ങളും നടപ്പാക്കാനുള്ള ശ്രമങ്ങള്‍ നടന്നുകൊണ്ടിരിക്കുന്നുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു..







