ചൂരല്‍മല ദുരന്തത്തിലെ രക്ഷാപ്രവര്‍ത്തനം പുനരാവിഷ്‌കരിച്ച് അഗ്‌നിരക്ഷ സേന
ചൂരല്‍മല ദുരന്തത്തില്‍ മുണ്ടക്കൈയില്‍ അകപ്പെട്ട കൈകുഞ്ഞിനെ കയറിലൂടെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റുന്ന അഗ്‌നിരക്ഷ സേനയുടെ ചിത്രം ആരുടെയും മനസ്സില്‍നിന്ന് മാഞ്ഞിട്ടുണ്ടാവില്ല. ദുരന്തത്തില്‍ അഗ്‌നിരക്ഷാ സേന നടത്തിയ രക്ഷാപ്രവര്‍ത്തനത്തിന്റെ വര്‍ക്കിങ് മോഡല്‍ ഒരുക്കി ഒരിക്കല്‍കൂടി അന്നത്തെ ഓര്‍മകളിലേക്ക് കൂട്ടിക്കൊണ്ടുപോകുകയാണ് എന്റെ കേരളം പ്രദര്‍ശന-വിപണന മേളയിലെ അഗ്‌നിരക്ഷാ സേനയുടെ സ്റ്റാള്‍.
വെള്ളാര്‍മലയും മുണ്ടക്കൈയും സെന്റിനെന്റല്‍ റോക്കും ടീ ഫാക്ടറിയും അടയാളപ്പെടുത്തിയ മോഡല്‍ രക്ഷാദൗത്യത്തില്‍ പങ്കെടുത്ത ഫയര്‍ഫോഴ്‌സ് അംഗങ്ങള്‍ തന്നെ അക്കാര്യം വിശദീകരിക്കുമ്പോള്‍ ഒരേസമയം ആകാംക്ഷയും ഭീതിയും വന്നുനിറയും.
അഗ്‌നിരക്ഷാ സേനയുടെ മറ്റു പ്രധാന രക്ഷാദൗത്യങ്ങളായ ആമഴിയഞ്ചാം തോടും ബ്രഹ്‌മപുരവും പ്രളയ കാലത്തെ പ്രവര്‍ത്തനങ്ങളും സ്റ്റാളില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. സ്‌കൂബ ഡൈവിങ്, തീയില്‍നിന്ന് രക്ഷ നേടുന്നതിനുള്ള പ്രത്യേക വസ്ത്രം, റിമോട്ട് കൊണ്ട് നിയന്ത്രിക്കുന്ന വെള്ളത്തിനടിയില്‍ പോകുന്ന പ്രത്യേക വാഹനം എന്നിവയെല്ലാം പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.