ദേശീയപാത വികസനം, ജി.എസ്.ടിയിലെ സംസ്ഥാന വിഹിതം, റോയൽറ്റി എന്നിവ ഒഴിവാക്കും ; മുഖ്യമന്ത്രി

ഭാവിയിൽ ദേശീയ പാതാ അതോറിറ്റി കേരളത്തിൽ നടപ്പിലാക്കുന്ന എല്ലാ പദ്ധതികൾക്കും നിർമ്മാണ വസ്തുക്കളുടെ ജി.എസ്.ടിയിലെ സംസ്ഥാനവിഹിതം, റോയൽറ്റി എന്നിവ ഒഴിവാക്കുന്നതിന് മന്ത്രി സഭായോഗം തീരുമാനം എടുത്തതായി മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ദേശീയപാതാ വികസനത്തിൽ നാഴികകല്ലായി മാറാൻ പോകുന്ന ഒരു തീരുമാനമാണിത്.

കേരളത്തിന്റെ വികസനത്തിന് ദേശീയ പാതാ വികസന പദ്ധതികളും പുതിയ ദേശീയപാതകളും അനിവാര്യം ആണെന്നതാണ് സർക്കാരിന്റെ കാഴ്ചപ്പാട്. ഇത് സംബന്ധിച്ച വിശദമായ നിർദേശം കേന്ദ്ര ഉപരിതലഗതാഗതവകുപ്പു മന്ത്രിക്ക് സമർപ്പിച്ചിരുന്നു. സംസ്ഥാനത്തിന്റെ കൂടി പങ്കാളിത്തം ഇത്തരം പദ്ധതികളിൽ വേണം എന്ന ആവശ്യം ബഹുമാനപ്പെട്ട മന്ത്രി തന്നെ മുന്നോട്ട് വെച്ചിട്ടുണ്ട്. ഈ വിഷയം പരിശോധിക്കുകയും ഇനി വരാനിരിക്കുന്ന ദേശീയപാതാ  പ്രവൃത്തികളിൽ കൂടി സംസ്ഥാനത്തിന്റെ പങ്കാളിത്തം ഉറപ്പുവരുത്തുന്നതിന് തീരുമാനിക്കുകയും ചെയ്തു.

ആഭ്യന്തരം, വനം വന്യജീവി, ഗതാഗതം, എക്‌സൈസ് എന്നീ വകുപ്പുകളിലെ യൂണിഫോംഡ് ഫോഴ്‌സിലെ തസ്തികകളിലേയ്ക്കുള്ള തെരഞ്ഞെടുപ്പിൽ ഉന്തിയ പല്ലിന്റെ പേരിലുള്ള അയോഗ്യത ഒഴിവാക്കുന്നതിനായി, അതത് വകുപ്പുകളിലെ വിശേഷാൽ ചട്ടങ്ങളിൽ പ്രസ്തുത വ്യവസ്ഥ നിലവിലുണ്ടെങ്കിൽ ഭേദഗതി ചെയ്യുന്നതിനുള്ള അനുമതി നൽകിയതായും മുഖ്യമന്ത്രി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!