ബേപ്പൂര്‍ നിയോജക മണ്ഡലത്തിലെ പട്ടയ പ്രശ്‌നങ്ങള്‍ക്ക് അടിയന്തര പരിഹാരം കാണും -മന്ത്രി മുഹമ്മദ് റിയാസ്

കോഴിക്കോട് : ബേപ്പൂര്‍ നിയോജക മണ്ഡലത്തില്‍ ഉള്‍പ്പെട്ട ഫറോക്ക്, ബേപ്പൂര്‍, രാമനാട്ടുകര, കടലുണ്ടി, ചെറുവണ്ണൂര്‍, കരുവന്തിരുത്തി വില്ലേജുകളിലെ പട്ടയ പ്രശ്‌നങ്ങള്‍ക്ക് അടിയന്തര പരിഹാരം കാണുമെന്ന് പൊതുമരാമത്ത്, വിനോദസഞ്ചാര വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്. ഇതുസംബന്ധിച്ച് മന്ത്രി ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി. ബേപ്പൂര്‍ നിയോജക മണ്ഡലം പട്ടയം അസംബ്ലി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

പട്ടയ സംബന്ധമായ 240 അപേക്ഷകളാണ് മണ്ഡലത്തില്‍ പരിഗണനയിലുള്ളത്. അതില്‍ 188 എണ്ണം കടലുണ്ടി ഭാഗത്തെ തീരദേശത്തെ പട്ടയങ്ങളും എട്ടെണ്ണം ചെറുവണ്ണൂര്‍ ഭാഗത്തെ മിച്ചഭൂമിയില്‍ പെടുന്നവയുമാണ്. എല്‍എ ഇനത്തിലുള്ള എട്ട് പട്ടയങ്ങളിലും സര്‍പ്ലസ് ലാന്‍ഡില്‍ പെടുന്ന 38 പട്ടയങ്ങളിലും സര്‍വേ നടപടികള്‍ പൂര്‍ത്തിയാകുന്നതായും രണ്ടാഴ്ചക്കകം വിതരണത്തിന് സജ്ജമാകുമെന്നും മന്ത്രി അറിയിച്ചു.

സംസ്ഥാനത്തെ എല്ലാ നിയോജക മണ്ഡലങ്ങളിലും നോഡല്‍ ഓഫീസര്‍മാരെ നിശ്ചയിച്ച് അതത് നിയമസഭാംഗങ്ങളുടെ നേതൃത്വത്തില്‍ ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും കൂട്ടായ്മയില്‍ പരമാവധി അര്‍ഹരെ കണ്ടെത്തി എല്ലാവര്‍ക്കും സ്വന്തമായി ഭൂമി ഉറപ്പാക്കുകയാണ് പട്ടയ അസംബ്ലിയിലൂടെ ലക്ഷ്യമിടുന്നത്.

കോര്‍പ്പറേഷന്‍ മേയര്‍ ബീന ഫിലിപ്പ് അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി ഗവാസ്, കോഴിക്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി കെ ശൈലജ ടീച്ചര്‍, രാമനാട്ടുകര നഗരസഭ ചെയര്‍പേഴ്‌സണ്‍ വി എം പുഷ്പ, കടലുണ്ടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി അനുഷ, കോര്‍പ്പറേഷന്‍ പൊതുമരാമത്ത് സ്ഥിരം സമിതി അധ്യക്ഷന്‍ പി സി രാജന്‍, ടൗണ്‍പ്ലാനിങ് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ കൃഷ്ണകുമാരി, ബേപ്പൂര്‍ നിയോജക മണ്ഡലം നോഡല്‍ ഓഫീസറും ദുരന്ത നിവാരണ വിഭാഗം ഡെപ്യൂട്ടി കളക്ടറുമായ ഇ അനിതകുമാരി, തഹസില്‍ദാര്‍ പ്രേംലാല്‍ എന്നിവര്‍ സംബന്ധിച്ചു. റവന്യൂ, വനം, ഫിഷറീസ്, പോര്‍ട്ട്, സര്‍വേ വകുപ്പുകളിലെ ഉദ്യോഗസ്ഥരും പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!