കാപ്പാട് തീരത്ത് ചരിത്ര മ്യൂസിയത്തിന് തുടക്കമിടുന്നു: സ്ഥലം പരിശോധിക്കാനായി ധനകാര്യ മന്ത്രി കെ എന്‍ ബാലഗോപാലെത്തി


കൊയിലാണ്ടി: കാപ്പാട് തീരത്ത് ചരിത്ര മ്യൂസിയത്തിന് തുടക്കമിടുന്നു. കാപ്പാട് മുനമ്പത്തിനടുത്ത് സ്ഥലം പരിശോധിക്കാനായി ധനകാര്യ മന്ത്രി കെ എന്‍ ബാലഗോപാലെത്തി.10 കോടി രൂപയാണ് ഇതിന്റെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ക്കായി സംസ്ഥാന ബജറ്റില്‍ അനുവദിച്ചിട്ടുള്ളത്. വിദേശികളടക്കം ആയിരക്കണക്കിന് സഞ്ചാരികള്‍ വര്‍ഷംതോറും എത്താറുള്ള കാപ്പാടിന്റെ ചരിത്ര പ്രാധാന്യം പഠിക്കാന്‍ കഴിയുന്ന രീതിയിലുള്ള ആഗോളതലത്തിലുള്ള ഒരു പഠന കേന്ദ്രമാണ് കാപ്പാട് അനുവദിക്കപ്പെട്ടിരിക്കുന്നത്.
മലബാറിന്റെ ചരിത്രം, പഴയ കാല കേരളത്തിന്റെ ചരിത്രം, അക്കാലത്തെ ഇന്ത്യാ ചരിത്രമടക്കമുള്ള യഥാര്‍ത്ഥ ചരിത്രങ്ങള്‍ പുതിയ തലമുറയ്ക്കും ഭാവിതലമുറയ്ക്കും പീന വിധേയമാക്കാന്‍ കഴിയുന്ന തരത്തിലുള്ള ചരിത്ര മ്യൂസിയമാണ് കാപ്പാട് ഒരുങ്ങുക. പോര്‍ച്ചുഗലിലും മറ്റ് യൂറോപ്യന്‍ രാജ്യങ്ങളിലും വാസ്‌കോ എന്ന പേരില്‍ നിര്‍മ്മിച്ച ഒരു പാട് ചരിത്ര സ്മാരകങ്ങള്‍ കേരളത്തിലേക്കുള്ള കടന്നു വരവിനെ ഓര്‍മ്മിപ്പിക്കുന്നതായും യഥാര്‍ത്ഥ ചരിത്രം വിദ്യാര്‍ത്ഥികളിലേക്കെത്തിക്കുന്ന രീതിയിലുള്ള മ്യൂസിയമാണ് കാപ്പാട് ഒരുക്കുകയെന്നും മന്ത്രി പറഞ്ഞു.
സ്വാതന്ത്ര്യ സമരത്തിന്റെ അവസാന ഭാഗമായ ക്വിറ്റിന്ത്യാ സമരത്തിലെ ഏറ്റവും തീഷ്ണമായ സമരം നടന്ന ചേമഞ്ചേരിയിലാണ് കാപ്പാട് എന്നതും കാപ്പാടിലെ ചരിത്ര സ്മാരകത്തിന് പ്രാധാന്യം വര്‍ധിപ്പിക്കുന്നു. ലോകത്തെ ചുരുക്കം കടലോരങ്ങള്‍ക്കു മാത്രം ലഭിക്കുന്ന ബ്‌ളു ഫ്‌ളാഗ് പദവിയിലാണ് കാപ്പാട് തീരമുള്ളത്. മനോഹരമായ ഈ തീരം കാണാനും ഒപ്പം പഴയ കാല ചരിത്രം മനസ്സിലാക്കാനും പഠിക്കാനും കഴിയുന്ന ഒരിടമായി കാപ്പാടിനെ മാറ്റി തീര്‍ക്കുന്നതിന്റെ തുടക്കമാണ് മ്യൂസിയം നിര്‍മ്മിക്കുന്നതിലൂടെ നടപ്പാക്കുകയെന്ന് കാനത്തില്‍ ജമീല എംഎല്‍എ പറഞ്ഞു
നാവികനായ വാസ്‌കോഡ ഗാമ ഇവിടെ 1498 മെയ് 27-നു 170 നാവികരുമൊത്ത് കപ്പല്‍ ഇറങ്ങി. ഇന്ത്യയും യൂറോപ്പും തമ്മിലുള്ള നീണ്ടതും കോളിളക്കം നിറഞ്ഞതുമായ രാഷ്ട്രീയ ബന്ധത്തിന്റെ തുടക്കമായിരുന്നു അത്. ഇന്ത്യയിലെ സുഗന്ധവ്യഞ്ജനങ്ങളും സമ്പത്തുമായിരുന്നു പുരാതനകാലം മുതല്‍ക്കേ തന്നെ അറബികള്‍, ഫിനീഷ്യര്‍, ഗ്രീക്കുകാര്‍, റോമാക്കാര്‍, പില്‍ക്കാലത്ത് പോര്‍ച്ചുഗീസുകാര്‍, ഡച്ചുകാര്‍, ഇംഗ്ലീഷുകാര്‍, ഫ്രഞ്ചുകാര്‍ തുടങ്ങിയവരെ ഇങ്ങോട്ട് ആകര്‍ഷിച്ചത്. വാസ്‌കോഡ ഗാമ കപ്പല്‍ ഇറങ്ങിയതിന്റെ ഓര്‍മ്മക്കായി സമീപകാലത്തുണ്ടാക്കിയ ഒരു ചെറിയ സ്മാരകം മാത്രമാണ് കാപ്പാടുള്ളത്. ”വാസ്‌കോഡ ഗാമ ഇവിടെ കപ്പക്കടവില്‍ 1498ല്‍ കപ്പല്‍ ഇറങ്ങി” എന്ന് ഈ സ്മാരകത്തില്‍ എഴുതിയിരിക്കുന്നു.”വാസ്‌കോഡഗാമയുടെ യാത്ര യൂറോപ്യന്മാര്‍ക്ക് മലബാര്‍ തീരത്തേക്ക് സമുദ്രമാര്‍ഗ്ഗം നല്‍കുകയാണുണ്ടായത്. ഇന്ത്യയിലെ 450 വര്‍ഷത്തോളം നീണ്ട യൂറോപ്യന്‍ അധിനിവേശത്തിനും ഇത് കാരണമായി. വാസ്‌കോഡഗാമ കപ്പല്‍ ഇറങ്ങുമ്പോള്‍ കോഴിക്കോട് ഭരിച്ചിരുന്നത് ശക്തരായ സാമൂതിരിമാര്‍ ആയിരുന്നു. മലബാര്‍ അന്ന് സുഗന്ധവ്യഞ്ജനങ്ങള്‍, കാലിക്കോ പട്ടുതുണികള്‍ എന്നിവയ്ക്ക് പ്രശസ്തമായിരുന്നു.







