പ്രതിരോധ കുത്തിവയ്പ്പ് എടുത്തിട്ടും പേവിഷബാധ; അഞ്ചു വയസ്സുകാരി മരിച്ചു
പ്രതിരോധ കുത്തിവയ്പ്പ് എടുത്തിട്ടും പേവിഷബാധയേറ്റ് അഞ്ചു വയസ്സുകാരി മരിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ അതീവ ഗുരുതരാവസ്ഥയില്‍ ചികിത്സയിലിരിക്കെയായിരുന്നു കുട്ടിയുടെ മരണം. കഴിഞ്ഞ മാര്‍ച്ച് 29-നാണ് കുട്ടിയ്ക്ക് തെരുവുനായയുടെ കടിയേറ്റത്.
തലയ്ക്കും കാലിനും കടിയേറ്റ കുട്ടിയെ ഉടന്‍ തന്നെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ച് ഐഡിആര്‍ബി വാക്‌സിന്‍ എടുത്തെങ്കിലും പിന്നീട് പേ വിഷബാധ സ്ഥിരീകരിക്കുകയായിരുന്നു. കഴുത്തിന് മുകളിലേക്കേറ്റ പരിക്ക് ഗുരുതരവും ആഴത്തിലുള്ളതുമായതിനാലാണ് വാക്‌സിന്‍ ഫലപ്രദമാകാത്ത സാഹചര്യം ഉണ്ടായതെന്നാണ് വിഷയത്തില്‍ ആരോഗ്യവിദഗ്ധര്‍ പറയുന്നത്.
അറിയണം ഈ കാര്യങ്ങള്‍
റാബിസ് വൈറസ്
ദരിദ്ര രാജ്യങ്ങളുടെ രോഗമായാണ് റാബിസ് ഏറെക്കുറെ അറിയപ്പെടുന്നത്. വികസിത രാജ്യങ്ങള്‍ പേവിഷബാധയെ ഏറെക്കുറെ തുടച്ചുനീക്കിയിട്ടുണ്ട്. എന്നാല്‍ ഇന്ത്യയില്‍ റാബിസ് ഇപ്പോഴും വലിയ പൊതുജനാരോഗ്യ പ്രശ്‌നമാണ്. റാബ്‌ഡോവിറിഡേ കുടുംബത്തില്‍പ്പെട്ട ആര്‍.എന്‍.എ. വൈറസാണ് റാബിസ് വൈറസ്.
വൈറസുകള്‍ ശരീരത്തില്‍ പ്രവേശിച്ചാല്‍, സാധാരണയായി 20 മുതല്‍ 90 ദിവസങ്ങള്‍ക്കുള്ളിലാണ് രോഗലക്ഷണങ്ങള്‍ പ്രകടമാകുന്നത്. ചിലപ്പോള്‍ ഏതാനും ദിവസങ്ങള്‍ക്കുള്ളിലോ മറ്റുചിലപ്പോള്‍ ഒരുവര്‍ഷംവരെയോ സമയമെടുത്തെന്നുംവരാം. കടിയേറ്റ ഭാഗത്തുനിന്ന് നാഡികളിലൂടെയാണ് വൈറസിന്റെ യാത്ര. അതുകൊണ്ടാണ് മുഖത്തും മറ്റും കടിയേറ്റാല്‍ പെട്ടെന്ന് രോഗലക്ഷണങ്ങള്‍ പ്രകടമാകുന്നത്. സുഷുമ്‌നാ നാഡിയിലും തലച്ചോറിലുമെത്തിച്ചേരുന്ന വൈറസ് അവിടെവെച്ച് പെരുകുന്നു. അവിടെനിന്ന് തിരിച്ച് നാഡികളിലൂടെത്തന്നെ യാത്രചെയ്ത് ഉമിനീര്‍ഗ്രന്ഥി, ഹൃദയം, ചര്‍മം എന്നിവിടങ്ങളിലെത്തിച്ചേരുന്നു.
ലക്ഷണങ്ങൾ
ധാരണ പനി ലക്ഷണങ്ങളായ ശരീരത്തിന് ചൂട്, തലവേദന, ക്ഷീണം, ഓക്കാനം, ഛര്‍ദി തുടങ്ങിയവയാണ് റാബിസിന്റെയും പ്രാരംഭ ലക്ഷണം. റാബിസും ഒരു മസ്തിഷ്‌ക ജ്വരം (എന്‍സിഫലൈറ്റിസ്) ആണ്. പനി റാബിസാണെന്ന് സംശയിപ്പിക്കുന്ന സവിശേഷ ലക്ഷണം പിന്നീടാണുണ്ടാകുക. കടിയേറ്റഭാഗത്ത് തരിപ്പ്, വേദന, ചൊറിച്ചില്‍ എന്നിവയുണ്ടാകുന്നത് വൈറസ് ബാധ നാഡികളെ ബാധിച്ചു എന്നതിന്റെ സൂചനയാണ്. റാബിസ് ബാധയുണ്ടായ 60 മുതല്‍ 80 ശതമാനംവരെ ആളുകളിലും ഈ ലക്ഷണമുണ്ടാകാം.
രോഗം പകരുന്നത് എങ്ങിനെ
രോഗബാധിതനായ പട്ടി കടിക്കുന്നതിലൂടെയാണ് പ്രധാനമായും മനുഷ്യരില്‍ റാബിസ് ഉണ്ടാകുന്നത്. പട്ടിയെക്കൂടാതെ പൂച്ച, കുരങ്ങ്, കുതിര, ആടുമാടുകള്‍ എന്നിവ കടിച്ചാലും രോഗം ബാധിക്കാം. പട്ടി നക്കിയാലും രോഗം പകരാം. ചെറുമുറിവുകളുള്ള ചര്‍മത്തിലൂടെയും കട്ടികുറഞ്ഞ ശ്ലേഷ്മസ്തരത്തിലൂടെയും വൈറസ് ശരീരത്തില്‍ കടക്കാം. മനുഷ്യരില്‍നിന്നും മനുഷ്യരിലേക്ക് രോഗം പകരാന്‍ വിദൂര സാധ്യത മാത്രമാണുള്ളത്. എങ്കിലും രോഗിയെ പരിചരിക്കുന്നവര്‍ എല്ലാ സുരക്ഷാമാനദണ്ഡങ്ങളും പാലിക്കുന്നതാണ് ഉചിതം.
വാക്സിനേഷന്‍
റാബിസ് ഒരു മാരകമായ മസ്തിഷ്‌കജ്വരമായതുകൊണ്ടും ഫലപ്രദമായ ചികിത്സയില്ലാത്തതിനാലും വാക്സിനേഷന്‍ തന്നെയാണ് ഏക രക്ഷാമാര്‍ഗം. ഗര്‍ഭിണികള്‍ക്കും മുലയൂട്ടുന്ന അമ്മമാര്‍ക്കും പ്രായമേറിയവര്‍ക്കുമെല്ലാം വാക്സിനെടുക്കാം. കടിച്ച പട്ടിക്ക് വാക്സിന്‍ എടുത്തിട്ടുണ്ടെങ്കിലും അതിന്റെ ഇമ്മ്യൂണിറ്റിയെക്കുറിച്ച് ഉറപ്പില്ലാത്തതുകൊണ്ട് മനുഷ്യര്‍ വാക്സിന്‍ എടുക്കാതിരിക്കരുത്.