‘കിതാബ്’ ലിറ്ററേച്ചര്‍ ഫെസ്റ്റ് 28,29,30 തിയതികളില്‍ കൊയിലാണ്ടിയില്‍

കൊയിലാണ്ടി: യുവകലാസാഹിതി കോഴിക്കോട് ജില്ലാ കമ്മിറ്റിയും കൊയിലാണ്ടി റെഡ് കര്‍ട്ടനും സംയുക്തമായി ഏപ്രില്‍ 28 ,29, 30 തീയതികളില്‍ കിതാബ് ഫെസ്റ്റിന്റെ രണ്ടാം പതിപ്പ് കൊയിലാണ്ടിയില്‍ വെച്ച് സംഘടിപ്പിക്കുകയാണ്. 28 ന് വൈകുന്നേരം 5 മണിക്ക് കൊയിലാണ്ടി ബസ്റ്റാന്റിലെ യു.എ.ഖാദര്‍ പാര്‍ക്കില്‍ വെച്ച് പ്രശസ്ത സിനിമ നടനും എഴുത്തുകാരനുമായ മധുപാല്‍ ഉദ്ഘാടനം നിര്‍വഹിക്കും. കിതാബ് 2024 ഓര്‍മ്മ പുസ്തകം കവി പി കെ ഗോപി പ്രകാശനം ചെയ്യും. മുന്‍സിപ്പാലിറ്റി ചെയര്‍പേഴ്‌സണ്‍ സുധ കിഴക്കേപാട്ട് ഏറ്റുവാങ്ങും. സംഘാടകസമിതി ചെയര്‍മാന്‍ ഡോ. അബൂബക്കര്‍ കാപ്പാട് അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ ഇ.കെ. വിജയന്‍ എംഎല്‍എ പുസ്തകോത്സവത്തിന്റെ ഉദ്ഘാടനം നിര്‍വഹിക്കും. കെ വി രാജന്‍, മധു കിഴക്കയില്‍, ബാബുരാജ് തുടങ്ങിയവര്‍ പരിപാടിയില്‍ പങ്കെടുക്കും. ഉദ്ഘാടന സമ്മേളനത്തില്‍ മധുപാലിന്റെ ഇരുകരകള്‍ക്കിടയില്‍ ഒരു ബുദ്ധന്‍ എന്ന കഥാസമാഹാരം ചര്‍ച്ച ചെയ്യും. ഡോ. ശശികുമാര്‍ പുറമേരി പുസ്തകാ അവതരണം നടത്തും. തുടര്‍ന്ന് പ്രശസ്ത ബാവുല്‍ ഗായിക ശാന്തി പ്രിയ ബാവുല്‍ ഗീതങ്ങള്‍ അവതരിപ്പിക്കും.

29 ന് ആര്‍. രാജശ്രീയുടെ ആത്രേയകം, മിനി എം.ബി.യുടെ ഞാന്‍ ഹിഡിംബി, നിമ്‌ന വിജയിന്റെ ഏറ്റവും പ്രിയപ്പെട്ട എന്നോട്, ബിനീഷ് പുതുപ്പണത്തിന്റെ പ്രേമനഗരം, ജിസ ജോസിന്റെ ആനന്ദഭാരം, അനൂപ് ദാസിന്റെ മറ്റൊരു മഹാഭാരതം, മണിയൂര്‍ ഇ. ബാലന്റെ ഇവരും ഇവിടെ ജനിച്ചവര്‍, യു.എ. ഖാദറിന്റെ തൃക്കോട്ടൂര്‍ പെരുമ, സോമന്‍ കടലൂരിന്റെ പുള്ളിയന്‍, സുകുമാരന്‍ ചാലിഗദ്ദയുടെ ബേത്തിമാരന്‍, ആദിയുടെ പെണ്ണപ്പന്‍ തുടങ്ങിയ പുസ്തകങ്ങള്‍ ചര്‍ച്ച ചെയ്യും.
തുടര്‍ന്ന് വൈകുന്നേരം 6 മണിക്ക് കൊയിലാണ്ടി ബസ്റ്റാന്‍ഡിലെ യു.എ. ഖാദര്‍ പാര്‍ക്കില്‍ വെച്ച് നടക്കുന്ന കാവ്യോത്സവം കവി കല്‍പ്പറ്റ നാരായണന്‍ ഉദ്ഘാടനം ചെയ്യും. ചടങ്ങില്‍ വീരാന്‍കുട്ടി, ബാപ്പു വാവാട് എന്നിവര്‍ പ്രഭാഷണം നടത്തും. ഡോ. വി.എന്‍. സന്തോഷ് കുമാര്‍ അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ ശ്രീനി എടച്ചേരി, സുനില്‍ തിരുവങ്ങൂര്‍ , ദീപ പിഎം, അഡ്വ. കെ. ടി. ശ്രീനിവാസന്‍ അനിവേദ എ.ആര്‍. എന്നിവര്‍ കവിതകള്‍ അവതരിപ്പിക്കും.

30 ന് ഷംസുദ്ദീന്‍ കുട്ടോത്തിന്റെ മുഹമ്മദ് പേരാമ്പ്രയെക്കുറിച്ചെഴുതിയ കെടാത്ത ചൂട്ട്, എമില്‍ മാധവിയുടെ കുമരു നാടകം, മാധവന്‍ പുറച്ചേരിയുടെ അമ്മയുടെ ഓര്‍മ്മ പുസ്തകം, ഡോ. ഷംഷാദ് ഹുസൈന്റെ ഒരു മലപ്പുറം പെണ്ണിന്റെ ആത്മകഥ, ഡോ.ഐസക് ഈപ്പന്റെ സെര്‍ട്ടോ ഏലിയോസ്, ഹാന്‍ കാങ്ങിന്റെ സി.വി. ബാലകൃഷ്ണന്‍ വിവര്‍ത്തനം ചെയ്ത വെജിറ്റേറിയന്‍ , ഉദയകുമാറിന്റെഡോ .എന്‍.എം. സണ്ണി വിവര്‍ത്തനം ചെയ്ത മഞ്ഞക്കുട ചൂടിയ പെണ്‍കുട്ടി, എന്‍.പി . ഹാഫ്‌സ് മുഹമദിന്റെ ഹാര്‍മോണിയം, വി.ടി. മുരളി പി ഭാസ്‌ക്കരനെ കുറിച്ചെഴുതിയ കണ്ണീരും സ്വപ്നങ്ങളും, ആലങ്കോട് ലീലാകൃഷ്ണന്റെ കവിതകള്‍ തുടങ്ങിയ പുസ്തകങ്ങള്‍ ചര്‍ച്ച ചെയ്യും.പുസ്തക ചര്‍ച്ചകളില്‍ ഗ്രന്ഥകര്‍ത്താക്കളും മോഡറേറ്റര്‍മാരും പങ്കെടുക്കും. ഫെസ്റ്റില്‍ പങ്കെടുക്കുന്ന എല്ലാവര്‍ക്കും ചര്‍ച്ചയില്‍ പങ്കെടുക്കാനുള്ള അവസരം ഉണ്ടാകും.

ഫെസ്റ്റിന്റെ ഭാഗമായി 29ന് യുപി, ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് 29ന് സാഹിത്യ ശില്പശാലയും മുപ്പതിന് നാടക ശില്പശാലയും സംഘടിപ്പിക്കും. സാഹിത്യ ശില്പശാലയുടെ ഡയറക്ടര്‍ എം എം സജീന്ദ്രനും നാടക ശില്പശാലയുടെ ഡയറക്ടര്‍ അബു മാഷുമാണ്. സാഹിത്യ ശില്പശാല കേരള ഹൗസിംഗ് ബോര്‍ഡ് ചെയര്‍മാന്‍ ടി.വി. ബാലന്‍ ഉദ്ഘാടനം ചെയ്യും . നാടകാശില്പശാല കേരള നാളികേര വികസന കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ ടി.കെ. രാജന്‍ മാസ്റ്റര്‍ ഉദ്ഘാടനം നിര്‍വഹിക്കും.അജിത നമ്പ്യാര്‍, എല്‍സി സുകുമാരന്‍, ഗിരിജാ കായലാട്ട് , കെ .വി .അലി അരങ്ങാടത്ത് തുടങ്ങിയവര്‍ പങ്കെടുക്കും.

മുപ്പതിന് വൈകുന്നേരം 6 മണിക്ക് കൊയിലാണ്ടി യു.എ. ഖാദര്‍ പാര്‍ക്കില്‍ നടക്കുന്ന സമാപന സമ്മേളനം യുവകലാസാഹിതി സംസ്ഥാന പ്രസിഡണ്ടും കവിയും പ്രഭാഷകനുമായ ആലങ്കോട് ലീലാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് അഡ്വ. പി. ഗവാസ് മുഖ്യാതിഥിയായി പങ്കെടുക്കും . കെ കെ സുധാകരന്‍ അധ്യക്ഷനാകുന്ന ചടങ്ങില്‍ അഡ്വ. സുനില്‍മോഹന്‍, പി കെ സുരേഷ്, അഷ്‌റഫ് കുരുവട്ടൂര്‍ തുടങ്ങിയവര്‍ സംസാരിക്കും. തുടര്‍ന്ന് ഡോ. വി. എന്‍.സന്തോഷ് കുമാര്‍ രചനയും സാക്ഷാത്കാരവും നടത്തിയ എംടി നിലയ്ക്കാത്ത ഓളങ്ങള്‍ ലൈറ്റ് ആന്‍ഡ് ഷാഡോ അവതരിപ്പിക്കും.

12 സെഷനുകളിലായി 23 പുസ്തകങ്ങള്‍ ചര്‍ച്ച ചെയ്യും. പുസ്തകങ്ങള്‍ സ്വതന്ത്രമായി ചര്‍ച്ച ചെയ്യാനും സംവദിക്കാനുമുള്ള പൊതു ഇടമാകും കിതാബ് ഫെസ്റ്റിന്റെ വേദി. ഇതോടനുബന്ധിച്ച് പുസ്തകോത്സവവും സംഘടിപ്പിക്കും. ഫെസ്റ്റില്‍ ചര്‍ച്ച ചെയ്യുന്ന പുസ്തകങ്ങള്‍ ഉള്‍പ്പെടെയുള്ള പുസ്തകങ്ങളുടെ പ്രദര്‍ശനവും വില്പനയും നടക്കും. പത്രസമ്മേളനത്തില്‍ ഡോ. ശശികുമാര്‍ പുറമേരി, ഡോ. അബൂബക്കര്‍ (കാപ്പാട്), അഷ്‌റഫ് കുരുവട്ടൂര്‍, പ്രദീപ് കണിയാരിക്കല്‍ എന്നിവര്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!