സംസ്ഥാനത്ത് ട്രെയിൻ സർവീസിൽ നിയന്ത്രണം ഏർപ്പെടുത്തി സതേൺ റെയിൽവേ
കോഴിക്കോട്: സംസ്ഥാനത്ത് ട്രെയിൻ സർവീസിൽ നിയന്ത്രണം ഏർപ്പെടുത്തി സതേൺ റെയിൽവേ. തിരുവനന്തപുരം ഡിവിഷന് കീഴിൽ തിരുവല്ലക്കും ചങ്ങനാശേരിക്കും ഇടയിലുള്ള പാലം നമ്പർ 174ന്റെ ഗാർഡർ മാറ്റിസ്ഥാപിക്കുന്ന പ്രവൃത്തി നടക്കുന്നതിനാലാണ് ക്രമീകരണം. കൊല്ലം-എറണാകുളം മെമു സർവീസ് പൂർണമായും റദ്ദാക്കി.
തിരുവനന്തപുരം – ബെംഗളൂരു ഹംസഫർ എക്‌സ്പ്രസ്, തിരുവനന്തപുരം – മംഗളൂരു മലബാർ, തിരുവനന്തപുരം – മംഗളൂരു മംഗലാപുരം എക്സ്പ്രസ്, തിരുവനന്തപുരം – മധുരൈ അമൃത എന്നീ ട്രെയിനുകൾ ആണ് കോട്ടയത്തിന് പകരം ആലപ്പുഴ വഴി സർവീസ് നടത്തുക.
26ന് വൈകീട്ട് പുറപ്പെടുന്ന തിരുവനന്തപുരം – ബെംഗളൂരു ഹംസഫർ എക്‌സ്പ്രസ് ആലപ്പുഴ വഴി സർവീസ് നടത്തുന്നതിനാൽ ചെങ്ങന്നൂർ, കോട്ടയം സ്റ്റേഷനുകൾ ഒഴിവാക്കുകയും പകരം ആലപ്പുഴ, എറണാകുളം എന്നിവിടങ്ങളിൽ സ്റ്റോപ്പ് അനുവദിക്കുകയും ചെയ്തിട്ടുണ്ട്. മലബാർ എക്‌സ്പ്രസിന്റെ മാവേലിക്കര, ചെങ്ങന്നൂർ, തിരുവല്ല, ചങ്ങനാശേരി, കോട്ടയം, പിറവം റോഡ്, തൃപ്പൂണിത്തുറ സ്റ്റോപ്പുകൾ ഒഴിവാക്കിയപ്പോൾ പകരം ഹരിപ്പാട്, അമ്പലപ്പുഴ, ആലപ്പുഴ, ചേർത്തല, എറണാകുളം എന്നിവിടങ്ങളിൽ സ്റ്റോപ്പ് അനുവദിച്ചിട്ടുണ്ട്.
ശനിയാഴ്ച വൈകീട്ട് തിരുവനന്തപുരത്ത് നിന്ന് പുറപ്പെടുന്ന മംഗളൂരു എക്‌സ്പ്രസിന്റെ മാവേലിക്കര, ചെങ്ങന്നൂർ, തിരുവല്ല, ചങ്ങനാശേരി, കോട്ടയം സ്റ്റോപ്പുകൾ ഒഴിവാക്കിയപ്പോൾ ഹരിപ്പാട്, അമ്പലപ്പുഴ, ആലപ്പുഴ, ചേർത്തല എന്നിവിടങ്ങളിൽ പകരം സ്റ്റോപ്പുകൾ അനുവദിച്ചിട്ടുണ്ട്. ഏപ്രിൽ 26ന് വൈകീട്ടത്തെ തിരുവനന്തപുരം – മധുര അമൃത എക്‌സ്പ്രസിന്റെ മാവേലിക്കര, ചെങ്ങന്നൂർ, തിരുവല്ല, ചങ്ങനാശേരി, കോട്ടയം സ്റ്റോപ്പുകൾ ഒഴിവാക്കി ഹരിപ്പാട്, അമ്പലപ്പുഴ, ആലപ്പുഴ, ചേർത്തല എന്നിവിടങ്ങളിൽ സ്റ്റോപ്പ് അനുവദിച്ചു.
ഇവയ്ക്ക് പുറമെ ഗുരുവായൂർ- മധുര എക്‌സ്പ്രസ്, മധുര – ഗുരുവായൂർ എക്‌സ്പ്രസ് എന്നിവ ഭാഗികമായി റദ്ദാക്കുകയും ചെയ്തിട്ടുണ്ട്. ഏപ്രിൽ 26ന് മധുരയിൽ നിന്ന് പുറപ്പെടുന്ന ഗുരുവായൂർ എക്സ്പ്രസ് കൊല്ലം സ്റ്റേഷനിൽ യാത്ര അവസാനിപ്പിക്കും. ഏപ്രിൽ 27ന് രാവിലെ ഗുരുവായൂർ സ്റ്റേഷനിൽ നിന്ന് പുറപ്പെടേണ്ട മധുര എക്സ്പ്രസ് കൊല്ലം സ്റ്റേഷനിൽ നിന്നായിരിക്കും യാത്ര ആരംഭിക്കുക.