നടേരി ലക്ഷ്മി നരസിംഹ ക്ഷേത്രത്തിന്റെ ശ്രീകോവിലില്‍ പാരമ്പര്യ ചുമര്‍ചിത്രങ്ങള്‍ പുനര്‍ നിര്‍മ്മിക്കപ്പെടുന്നു

കൊയിലാണ്ടി: നടേരി ലക്ഷ്മി നരസിംഹ ക്ഷേത്രത്തിന്റെ ശ്രീകോവിലില്‍ പാരമ്പര്യ ചുമര്‍ചിത്രങ്ങള്‍ പുനര്‍ നിര്‍മ്മിക്കപ്പെടുന്നു.

ചിര പുരാതനമായ ക്ഷേത്രത്തില്‍ 300 ഓളം വര്‍ഷം പഴക്കമുണ്ടായിരുന്ന പൗരാണിക ചുമര്‍ചിത്രങ്ങള്‍ ഉണ്ടായിരുന്നു. പൂര്‍ണ്ണമായി നശിച്ച ചിത്രങ്ങളും ചുമരുകളും പുനരുദ്ധരിക്കുന്നതിന്റെ ഭാഗമായാണ് ചിത്രരചന. വിസ്തൃതി കൊണ്ട് വളരെ വലുതായ ക്ഷേത്ര സമുച്ചയം ആണിത്. പൗരാണികമായി ചുറ്റുമതിലും ഗോപുരവും ഉള്‍പ്പെടെ ശ്രേഷ്ഠമായ ഘടന സംവിധാനമായിരുന്നു ഇവിടെ ഉണ്ടായിരുന്നതെന്ന് ക്ഷേത്രം സെക്രട്ടറി കൈപ്പുറത്തു കുനി കെ കെ ബാലന്‍ പറഞ്ഞു.

രണ്ട് നിലകളിലുള്ള വട്ടശ്രീകോവിലില്‍ ജീര്‍ണോധാരണത്തിന്റെ ഭാഗമായി ചുമര്‍ ചിത്രങ്ങള്‍ പൂര്‍ണ്ണതയോടെ പുനരാവിഷ്‌കരിക്കുകയാണ് ചിത്രകാരന്‍ നവീണ്‍കുമാറും സംഘവും. നിറയെ പഞ്ചരങ്ങള്‍ കൊണ്ട് അലങ്കൃതമായ ശ്രീകോവിലില്‍ 20 പാനലുകളില്‍ ആയാണ് ചിത്രങ്ങള്‍ രചിക്കപ്പെടുന്നത്. കിരാധാര്‍ജുനീയം കഥ മുതല്‍ ശ്രീരാമ പട്ടാഭിഷേകം തുടങ്ങി വിഷ്ണു കല്‍പം, ശിവ കല്‍പം, ദേവികല്പം, നാനാ കല്‍പ്പം, ധ്യാന സങ്കല്‍പ്പത്തിലുള്ള മുപ്പതോളം ദേവി ദേവ സങ്കല്പങ്ങളാണ് ചുമര്‍ ചിത്രങ്ങളായി രൂപാന്തരപ്പെടുന്നത്. ശ്രീകോവിലിന് മുകളിലും താഴെയുമായാണ് ചുമര്‍ചിത്രങ്ങളുടെ നിര്‍മ്മാണം പുരോഗമിക്കുന്നത്. മുകളിലത്തെ നിലയിലെ ചിത്രാലങ്കാരങ്ങള്‍ പൂര്‍ത്തിയായി കഴിഞ്ഞു. താഴത്തെ ചുവരിലാണ് ഏറ്റവും വിപുലമായ രീതിയില്‍ ചിത്രങ്ങള്‍ വരയ്ക്കുന്നത്.

കേരളീയ പാരമ്പര്യ ചുമര്‍ ചിത്ര സമ്പ്രദായത്തിലുള്ള താലപ്രമാണ രീതിയിലാണ് ചിത്രങ്ങള്‍ രചിക്കപ്പെടുന്നത്. കേരളത്തിലെ പാരമ്പര്യ ചുമര്‍ ചിത്രകാരന്‍ മാരില്‍ പ്രധാനിയും മ്യൂറല്‍ പെയിന്റിംഗ് കണ്‍സര്‍വേറ്ററുമായ നവീണ്‍ കുമാറിന്റെ നേതൃത്വത്തില്‍ കുഞ്ഞന്‍ മണാശ്ശേരി, സജു മഞ്ചേരി, സുനില്‍ ഗുരുവായൂര്‍, വിജീഷ് താനൂര്‍ കൂടാതെ കലാ പഠന വിദ്യാര്‍ത്ഥികളും ഈ ചിത്രരചന സംഗമത്തില്‍ പങ്കുചേരുന്നു.

മാര്‍ച്ചില്‍ തുടക്കം കുറിച്ച ചിത്ര നിര്‍മ്മാണം മെയ് പകുതിയോടെ പൂര്‍ത്തീകരിക്കാന്‍ ആകുമെന്ന് ചിത്രകാരന്മാര്‍ പറയുന്നു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!