സമകാലിക ഇന്ത്യന്‍ അവസ്ഥകള്‍ക്കെതിരെ പ്രഹരശേഷിയുള്ള അരങ്ങാവിഷ്‌കാരമായി ‘മാടന്‍ മോക്ഷം’

കൊയിലാണ്ടി: പൊയില്‍കാവ് ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ അങ്കണത്തില്‍ അരങ്ങേറിയ മാടന്‍ മോക്ഷം നാടകം സമകാലിക ഇന്ത്യന്‍ അവസ്ഥകള്‍ക്കെതിരെ ഏറ്റവും പ്രഹരശേഷിയുള്ള അരങ്ങാവിഷ്‌കാരമായി. പരിമിതമായ ജീവിതാവശ്യങ്ങള്‍ മാത്രമുണ്ടായിരുന്ന കീഴാള ജനതയ്ക്ക് വിശ്വാസം എന്നത് അതിജീവനത്തിന് കാവലാളാകുന്ന ദേവതാസങ്കല്‍പ്പമായിരുന്നു. ഇത്തരം വിശ്വാസങ്ങളുടെ അടിത്തറയില്‍ അവര്‍ പ്രതിഷ്ഠിച്ച ദൈവങ്ങള്‍ക്ക് അവരുടെ തന്നെ ഉടലും നിറവും ഭാഷയും ഉണ്ടാകുന്നത് അതുകൊണ്ടാണ്.

സ്വന്തം ദൈന്യതകള്‍ തങ്ങളുടെ മൂര്‍ത്തികളോട് വിനിമയം ചെയ്യേണ്ടി വരുമ്പോള്‍ അവരുടെ ഭാഷ തന്നെയായിരുന്നു ദൈവത്തിനും കരണീയം. മദ്യവും കരിങ്കോഴിയും ദൈവങ്ങള്‍ക്ക് സമര്‍പ്പിക്കുമ്പോള്‍ ജൈവികമായ എല്ലാ സാധ്യതകളെയും അവര്‍ തങ്ങളുടെ വിശ്വാസങ്ങളുമായി കൂട്ടിയിണക്കുകയായിരുന്നു. എന്നാല്‍ കീഴാളന്റെ ലോകവീക്ഷണത്തെ ബോധപൂര്‍വ്വമായ ശ്രമങ്ങളിലൂടെ മാറ്റിയെടുക്കാനും ഏകീകരിക്കപ്പെട്ട മതബോധത്തിന്റെ ചരടില്‍ കോര്‍ത്തിടാനുമുള്ള ശ്രമങ്ങള്‍ നിരന്തരം നടന്നുകൊണ്ടിരിക്കുന്ന വര്‍ത്തമാനകാലത്ത് പകരം വയ്ക്കലുകളുടെ സങ്കീര്‍ണ്ണതകളില്‍ ശ്വാസം മുട്ടുന്നത് മനുഷ്യര്‍ക്ക് മാത്രമല്ല അവര്‍ ജീവിതത്തോട് ചേര്‍ത്തുവെച്ച സകലതിനുമാണെന്ന വലിയ യാഥാര്‍ത്ഥ്യത്തിന് രംഗഭാഷ്യം ഒരുക്കുകയായിരുന്നു ആലപ്പുഴ മരുതം തീയേറ്റേഴ്‌സ് മാടന്‍മോക്ഷത്തിലൂടെ.

മാറ്റിമറിക്കപ്പെടുന്ന സ്വത്വത്തിന്റെ വീണ്ടെടുപ്പിനായി അലമുറയിടേണ്ടിവരുന്ന മനുഷ്യരുടെ ദൈന്യതകള്‍ അരങ്ങില്‍ നിന്ന് പ്രേക്ഷകരിലേക്ക് പടരുന്ന വൈകാരിക അനുഭവത്തിന് ഇന്നലെ പൊയില്‍കാവിലെ നാടക സദസ്സ് സാക്ഷികളായി. ജയമോഹന്റെ നോവലിന് നാടക ഭാഷ്യം രചിച്ച രാജ്‌മോഹന്‍ നീലേശ്വരവും അക്ഷരങ്ങളെ കയ്യൊതുക്കമുള്ള അരങ്ങനുഭവം ആക്കി മാറ്റിയ ജോബ് മഠത്തിലും ആംഗികചലനങ്ങളിലൂടെയും സംഭാഷണങ്ങളിലൂടെയും അടിമുടി കഥാപാത്രങ്ങളായി തീര്‍ന്ന അഭിനേതാക്കളും നാടകീയതയ്ക്ക് ഏറ്റവും അഭികാമ്യമായ സെറ്റ് ഡിസൈന്‍ ചെയ്ത നിധീഷ് പൂക്കാടും ശബ്ദ-ദീപ വിന്യാസങ്ങളിലൂടെ അരങ്ങിനെ അമ്പരപ്പിച്ച സാങ്കേതിക പ്രതിഭകളും അഭിനന്ദനങ്ങള്‍ അര്‍ഹിക്കുന്നു.

വേരറുക്കപ്പെട്ട ചരിത്രത്തിന് മുകളില്‍ ആകാശം മുട്ടെ ഗോപുരമുയരുമ്പോള്‍ നിസ്സഹായതയുടെ ഉയിര് പൊട്ടുന്ന നിലവിളി ഓരോ പ്രേക്ഷകനും ഏറ്റുവാങ്ങി. കണ്ടു നിന്ന ഓരോ മനസ്സിലും ഓരോ മാടത്തറയും വയല്‍ വരമ്പും സ്വാതന്ത്ര്യത്തിന്റെയും അസ്വാതന്ത്ര്യത്തിന്റെയും വ്യത്യസ്ത ഇടങ്ങളും സൃഷ്ടിക്കാന്‍ നാടകത്തിനു കഴിഞ്ഞു. അമ്പലങ്ങളിലൊ ആകാശത്തോ ഇരിക്കുന്ന ദൈവങ്ങള്‍ക്ക് ഒന്നും ചെയ്യാനില്ലെന്നും മണ്ണിലും ചേറിലും ആനന്ദത്തിലും ആധികളിലും കൂടെ നില്‍ക്കുന്ന കരുണയുടെ സ്‌നേഹത്തിന്റെ പേരാണ് ദൈവമെന്നും നാടകം സാക്ഷ്യപ്പെടുത്തുന്നു.. ചരിത്രത്തോടൊപ്പം വളര്‍ന്ന് അതാത്കാലത്തെ സാമൂഹ്യവസ്ഥകളോട് സര്‍ഗാത്മകമായി കലഹിച്ചുകൊണ്ട് മുന്നേറിയ നാടകം എന്ന കലാരൂപത്തെ ഒരുപറ്റം നാടക ആസ്വാദകര്‍ക്ക് മുന്നില്‍ എത്തിച്ച് തങ്ങളുടെ സാമൂഹ്യ ബാധ്യത നിറവേറ്റിയ കൊയിലാണ്ടിയിലെ കെഎസ്ടിഎയുടെ പ്രവര്‍ത്തകരോടൊപ്പം സംഘാടക സമിതിയും കാല ദൗത്യം നിര്‍വഹിക്കുകയായിരുന്നു..

നാടക വേദിയില്‍ വെച്ച് പ്രശസ്ത നാടക പ്രതിഭ എം നാരായണന്‍ മാസ്റ്ററെ സംഘടക സമിതി ആദരിച്ചു. കന്മന ശ്രീധരന്‍ മാസ്റ്റര്‍ സ്‌നേഹോപഹാരം സമര്‍പ്പിച്ചു. നാടക സമിതിക്കുള്ള ഉപഹാരം കെ എസ് ടി എ സംസ്ഥാന എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം വി പി രാജീവന്‍ നല്‍കി. നാടകത്തിന്റെ സെറ്റ് ഡിസൈനര്‍ നിധീഷ് പൂക്കാടിനുള്ള ഉപഹാരം കെ എസ് ടി എ ജില്ലാ സെക്രെട്ടറി ആര്‍എം രാജനും, കളര്‍ ബോക്‌സിനു വേണ്ടിയുള്ള ഉപഹാരം അപ്പുണ്ണി ശശിയും വിതരണം ചെയ്തു. സി. അശ്വനിദേവ് അധ്യക്ഷം വഹിച്ചു. മനോജ് വിപി, ഡോ. പികെ ഷാജി, ശിവദാസ് പൊയില്‍കാവ്, ഡികെ ബിജു, സി ഉണ്ണികൃഷ്ണന്‍, കെ ഗീതാനന്ദന്‍, സിവി ബാലകൃഷ്ണന്‍, വിജയന്‍ അരങ്ങാടത്ത്, സത്യചന്ദ്രന്‍ പൊയില്‍കാവ് എന്നിവര്‍ ചടങ്ങില്‍ സംസാരിച്ചു. സബ്ജില്ലാ പ്രസിഡന്റ് പവിന പി നന്ദി പറഞ്ഞു

 

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!