ശുചിത്വപരിപാലനം സംസ്കാരത്തിൻ്റെ പ്രതിഫലനമെന്ന് വനം വന്യജീവി വകുപ്പ് മന്ത്രി എകെ ശശീന്ദ്രൻ.

കോഴിക്കോട്: ശുചിത്വപരിപാലനം സംസ്കാരത്തിൻ്റെ പ്രതിഫലനമെന്ന് വനം വന്യജീവി വകുപ്പ് മന്ത്രി എകെ ശശീന്ദ്രൻ. മാലിന്യമുക്ത നവകേരള ക്യാമ്പയിൻ്റെ ഭാഗമായി ജില്ലാ മാലിന്യമുക്ത പ്രഖ്യാപനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ദൈവത്തിൻ്റെ സ്വന്തം നാട് ശുചിത്വ പൂർണമാക്കുകയാണ് സർക്കാർ ലക്ഷ്യമിടുന്നത്. അതിനു വേണ്ട വലിയ അദ്ധ്വാനമാണ് മാലിന്യമുക്ത നവകേരള പദ്ധതി വഴി തദ്ദേശ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ നിറവേറ്റിയതെന്നൂം അത് നിലനിർത്താൻ വേണ്ട നടപടികൾ കൂടി കൈക്കൊള്ളണമെന്നും അദ്ദേഹം ഓർമ്മപ്പെടുത്തി. മാലിന്യ സംസ്കരണം ആദ്യ ഘട്ടത്തിൽ ആവശ്യമായിരുന്നെങ്കിൽ പിന്നീടത് ആവേശമായി പടരുന്ന കാഴ്ചക്കാണ് സംസ്ഥാനം സാക്ഷിയായതെന്നും പിന്നിൽ പ്രയത്നിച്ച മുഴുവൻ പേർക്കും അഭിനന്ദനം അറിയിക്കുന്നതായും മന്ത്രി പറഞ്ഞു.

നമ്മുടെ ശുചീകരണ പദ്ധതികളുടെ വിജയം നിർണയിക്കുന്നത് നമ്മുടെ പാതയോരങ്ങൾ ഉൾപ്പെടെയുള്ള പൊതു ഇടങ്ങളാണ്. സ്വന്തം ശരീരം ശുചിയാക്കാൻ കാണിക്കുന്ന സൂക്ഷ്മത മലയാളി പലപ്പോഴും പരിസര ശുചിത്വത്തിൽ കാണിക്കുന്നില്ലെന്നതാണ് വെല്ലുവിളി. അത് ഇത്തരം പ്രവർത്തനങ്ങളിലൂടെ അഭിസംബോധന ചെയ്ത് ശീലങ്ങളെ സ്വാധീനിക്കാനും കൂടുതൽ ക്രമപ്പെടുത്താനും സാധിക്കണം. അർപ്പണബോധത്തോടെയും പ്രതിബദ്ധതയോടെയുമുള്ള പ്രയത്‌നമാണ് അതിനാവശ്യം, മന്ത്രി ഓർമ്മപ്പെടുത്തി. ഉന്നതമായ ഇത്തരം സമൂഹിക ബോധ്യങ്ങളെ ശക്തിപ്പെടുത്താൻ യോജിച്ച മുന്നേറ്റം ആവശ്യമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ജില്ലയിലെ എഴുപത് ഗ്രാമപഞ്ചായത്തുകളും ഏഴ് മുനിസിപ്പാലിറ്റികളും കോഴിക്കോട് കോർപ്പറേഷനും മാർച്ച് മുപ്പതിനും  പന്ത്രണ്ട് ബ്ലോക്ക് പഞ്ചായത്തുകൾ ഏപ്രിൽ മൂന്നാം തിയ്യതിയും മാലിന്യമുക്തമായി പ്രഖ്യാപിച്ചിരുന്നു. കാമ്പയിനിൻ്റെ ഭാഗമായി ജില്ലയിൽ 5,468 ഹരിത സ്ഥാപനങ്ങളും 1,480 ഹരിത വിദ്യാലയങ്ങളും 27,618 ഹരിത അയൽകൂട്ടങ്ങളും 276 ഹരിത സുന്ദര ടൗണുകളും 808 വൃത്തിയുള്ള പൊതു സ്ഥലങ്ങളും 29 ഹരിത ടൂറിസ്റ്റ് കേന്ദ്രങ്ങളും മാലിന്യ മുക്ത കേന്ദ്രങ്ങളാക്കുക എന്ന ലക്ഷ്യം ഇതുവഴി കൈവരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!