തിയാഗോ അല്‍മാഡ നേടിയ ഏക ഗോളിന് യുറൂഗ്വായെ പരാജയപ്പെടുത്തി ലോക ചാമ്പ്യന്‍മാരായ അര്‍ജന്റീന 2026-നുള്ള ലോക കപ്പ് യോഗ്യത ഏതാണ്ട് ഉറപ്പിച്ചു
തിയാഗോ അല്‍മാഡ നേടിയ ഏക ഗോളിന് യുറൂഗ്വായെ പരാജയപ്പെടുത്തി ലോക ചാമ്പ്യന്‍മാരായ അര്‍ജന്റീന 2026-നുള്ള ലോക കപ്പ് യോഗ്യത ഏതാണ്ട് ഉറപ്പിച്ചു. 26ന് ബ്രസീലുമായുള്ള മത്സരം കൂടിയാണ് അര്‍ജന്റീനക്കുള്ളത്. യുറുഗ്വായുടെ ഭാഗത്ത് നിന്നും പറയത്തക്ക മുന്നേറ്റങ്ങളൊന്നും ഇല്ലാതിരുന്ന മത്സരത്തിന്റെ 67-ാം മിനിറ്റിലായിരുന്നു അര്‍ജന്റീനയുടെ വിജയഗോള്‍. ജൂലിയന്‍ അല്‍വാരെസിന്റെ അസിസ്റ്റില്‍ ബോക്‌സിന് പുറത്ത് നിന്ന് വലത് മൂലയിലേക്ക് ലക്ഷ്യം വെച്ചുള്ള വലത് കാല്‍ ഷോട്ട് യുറുഗ്വായ് കീപ്പര്‍ സെര്‍ജിയോ റോഷറ്റിനെ കടന്ന് വലയില്‍ പതിച്ചു.
43-ാം മിനിറ്റില്‍ വലതുവിങ്ങില്‍ നിന്നുള്ള സിമിയോണിയുടെ അപകടകരമായ ക്രോസ് യുറൂഗ്വായുടെ കീപ്പര്‍ തടഞ്ഞിട്ടത് എന്‍സോ ഫെര്‍ണാണ്ടസിന്റെ മുമ്പിലേക്കായിരുന്നു. ഓടിയെത്തിയ എന്‍സോ ഫെര്‍ണാണ്ടസ് ഷോട്ട് ഉതിര്‍ത്തെങ്കിലും പ്രതിരോധനിര തടഞ്ഞു. 49-ാം മിനിറ്റില്‍ അര്‍ജന്റീനക്ക് സുവര്‍ണാവസരം. അല്‍വാരസ് അല്‍മാഡക്ക് നല്‍കിയ പാസില്‍ സമയം ഒട്ടും പാഴാക്കാതെ അല്‍മാഡ കാല്‍വെച്ചെങ്കിലും സെര്‍ജിയോ റോഷറ്റ് പുറത്തേക്ക് തട്ടിത്തെറിപ്പിച്ചു.