വനിതാ ദിനത്തിൽ മഹാസംഗമവുമായി ആശാ വർക്കർമാർ; സമരം 27ാം ദിനം
വനിതാ ദിനത്തിൽ മഹാസംഗമം നടത്താനൊരുങ്ങി ആശാ വർക്കർമാർ. സെക്രട്ടറിയേറ്റിന് മുന്നിലെ സമരവേദിയിലേക്ക് കേരളത്തിലെമ്പാടുമുള്ള സ്ത്രീകളെ ആശാ വർക്കർമാർ സ്വാഗതം ചെയ്തിട്ടുണ്ട്.
സെക്രട്ടേറിയേറ്റിന് മുന്നിൽ എസ്.യു.സി.ഐയുടെ നേതൃത്വത്തിൽ രാപ്പകൽ സമരം നടത്തുന്ന ആശാ വർക്കർമാരുടെ സമരം ഇന്ന് 27ാം ദിനം പിന്നിട്ടു.
ആശാ വർക്കർമാരെ ഏൽപ്പിച്ച ചുമതലകൾ അവർ ഉടൻ നിർവ്വഹിക്കണമെന്നും ഏതെങ്കിലും ആശാ വർക്കർ തിരികെ ജോലിയിൽ പ്രവേശിക്കാത്ത സാഹചര്യം ഉണ്ടാവുകയാണെങ്കിൽ പകരം സംവിധാനം ഏർപ്പെടുത്താൻ വേണ്ടിയുള്ള നടപടികൾ സ്വീകരിക്കണമെന്നുമായിരുന്നു നിർദേശം. ജനങ്ങൾക്ക് ആശമാർ സേവനം ലഭ്യമാക്കുന്നുണ്ടോ എന്നകാര്യം മെഡിക്കൽ ഓഫീസർമാർ ഉറപ്പു വരുത്തണമെന്നും നാഷണൽ ഹെൽത്ത് മിഷൻ നിർദേശത്തിൽ പറയുന്നു.
ആശാ വാർക്കർമാരുടെ മഹാസംഗമത്തിന് പിന്തുണയറിയിച്ച് എഴുത്തുകാരി അരുന്ധതി റോയി, നടിമാരായ ദിവ്യപ്രഭ, കനി കുസൃതി, റിമാ കല്ലിങ്കൽ ഉൾപ്പെടെയുള്ള പ്രമുഖർ രംഗത്ത് എത്തിയിട്ടുണ്ട്. വിവിധ വനിതാ സംഘടനകളിൽ നിന്നടക്കമുള്ള പ്രതിനിധികൾ ഇന്ന് സമരവേദിയിൽ എത്തും.
വേതന വർധനവ് ഉൾപ്പെടെ വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് ആശാ വർക്കർമാർ കഴിഞ്ഞ 27 ദിവസങ്ങളായി സമരത്തിലാണ്. വേതനം 7000 രൂപയിൽ നിന്ന് 21000 രൂപയാക്കുക, പെൻഷൻ അനുവദിക്കുക, വിരമിക്കുമ്പോൾ അഞ്ച് ലക്ഷം രൂപ അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങൾ അംഗീകരിക്കണമെന്നാണ് സംഘടനയുടെ നിലപാട്.
എന്നാൽ രണ്ടുമാസത്തെ കുടിശ്ശിക അനുവദിച്ചും, ഓണറേറിയത്തിനുള്ള മാനദണ്ഡങ്ങൾ ഒഴിവാക്കിയും ആരോഗ്യവകുപ്പ് സമരത്തിൽ അനുനയനീക്കം തുടരുകയാണ്. എന്നാൽ ഓണറേറിയം വർധിപ്പിക്കാതെ മുന്നോട്ടുപോകാൻ ആകില്ല എന്നാണ് ആശാ വർക്കർമാരുടെ നിലപാട്.
അതേസമയം സെക്രട്ടേറിയേറ്റിന് മുന്നില്‍ രാപ്പകൽ സമരം ചെയ്യുന്ന ആശാ വർക്കർമാർ അടിയന്തരമായി ജോലിയിൽ പ്രവേശിക്കണമെന്ന് നാഷണൽ ഹെൽത്ത് മിഷൻ ഉത്തരവിറക്കിയിരുന്നു






