സ്കൂൾ സമയത്ത് ടിപ്പർ വാഹനങ്ങൾക്കുള്ള നിയന്ത്രണം; ദേശീയ പാത നിർമ്മാണത്തിനുള്ള ഭാരം കൂടിയ വാഹനങ്ങൾക്ക് ഇളവ്

ടിപ്പർ ലോറികളുടെ അമിത വേഗത കണക്കിലെടുത്ത് സ്കൂൾ പ്രവൃത്തിസമയം തുടങ്ങുന്ന രാവിലെയും ക്ലാസ്സ്‌ വിടുന്ന വൈകീട്ടും നിശ്ചയിച്ച വാഹന നിയന്ത്രണത്തിൽ നിന്ന് ദേശീയപാത വികസന അതോറിറ്റിയുടെ ഭാരം കൂടിയ, റോഡ് പണികൾക്ക് ഉപയോഗിക്കുന്ന വാഹനങ്ങൾക്ക് ഇളവ് നൽകി.

റോഡ് നിർമാണത്തിനാവശ്യമായ പ്രവർത്തന സാമഗ്രികൾ നിശ്ചിത സമയത്ത് കൊണ്ട് പോകാൻ സാധിക്കാത്തത് മൂലം ദേശീയപാത നിർമ്മാണ പ്രവൃത്തികളിൽ കാലതാമസം നേരിടുന്നത് കണക്കിലെടുത്താണ് ജില്ലാ കളക്ടർ സ്നേഹിൽ കുമാർ സിംഗിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം തീരുമാനമെടുത്തത്.

കർശന ഉപാധികളോടെ ദേശീയപാത നിർമ്മാണ ആവശ്യങ്ങൾക്കായി പ്രവർത്തിക്കുന്ന 12000 കിലോ ഭാരത്തിന് മുകളിലുള്ള ഹെവി വാഹനങ്ങൾക്കാണ് ഈ ഇളവ് ബാധകമാവുക. ഇത് സംബന്ധിച്ച് മോട്ടോർ വെഹിക്കിൾ ആക്ട് 116 പ്രകാരമുള്ള ബോർഡുകളും ആവശ്യമായ സ്ഥലങ്ങളിൽ സ്ഥാപിക്കും. ഈ വാഹനങ്ങൾ തിരിച്ചറിയുന്നതിന് ആർ ടി ഒ ഒപ്പ് വെച്ച സ്റ്റിക്കറുകളും വാഹനത്തിൽ പതിക്കും. വാഹനങ്ങളുടെ രജിസ്റ്റർ നമ്പർ ഉൾപ്പെടുത്തിയ വിവരങ്ങൾ ദേശീയപാത അധികൃതർ മുൻകൂറായി ആർടിഒയ്ക്ക് സമർപ്പിക്കും.

ഈ തീരുമാനങ്ങൾ നടപ്പിലാക്കണമെന്നും തടസ്സങ്ങൾ നേരിടുന്നുവെങ്കിൽ ബന്ധപ്പെട്ടവരുടെ ശ്രദ്ധയിൽപ്പെടുത്തി പരിഹരിച്ചു മുന്നോട്ട് പോകണമെന്നും ജില്ലാ കലക്ടർ പറഞ്ഞു.

ജില്ലാ കലക്ടറുടെ ചേമ്പറിൽ ചേർന്ന യോഗത്തിൽ എഡിഎം സി മുഹമ്മദ് റഫീക്ക്, കോഴിക്കോട് റൂറൽ ക്രൈം ബ്രാഞ്ച് ഡിവൈഎസ്പി സുരേഷ് ബാബു എൽ, കോഴിക്കോട് നോർത്ത് ട്രാഫിക് എസിപി സുരേഷ് ബാബു കെ എ എന്നിവരും വിവിധ വകുപ്പുകളെ പ്രതിനിധീകരിച്ച് സന്തോഷ് കുമാർ സി എസ്, യൂസുഫ് ടി പി, അൻസാർ സി എം, ഹണി ശിവാനന്ദ്, ജനിൽ കുമാർ ടി, ഉജ്ജ്വൽ കുമാർ, മുഹമ്മദ് ഷാഫി ഇ കെ, രാജ് സി പോൾ തുടങ്ങിയവരും പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!