200 പേർക്ക് കുരുമുളക്, മഞ്ഞൾ നടീൽ വസ്തുക്കൾ വിതരണം ചെയ്തു

കോഴിക്കോട് ജില്ലാ പഞ്ചായത്തിൻ്റെയും ഭാരതീയ സുഗന്ധവിള ഗവേഷണ സ്ഥാപനത്തിൻ്റെയും സംയുക്ത ആഭിമുഖ്യത്തിൽ പട്ടിക ജാതി വിഭാഗത്തിൽ നിന്നുള്ള തെരഞ്ഞെടുത്ത ഗുണഭോക്താക്കൾക്കായി കാർഷിക ബോധവത്കരണ പരിപാടി സംഘടിപ്പിച്ചു. പരിപാടി ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് ഷീജ ശശി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡൻ്റ് പി ഗവാസ് അധ്യക്ഷത വഹിച്ചു.

കുരുമുളക്, മഞ്ഞൾ എന്നിവയുടെ മികച്ച കൃഷി രീതികൾ എന്ന വിഷയത്തിലാണ് ബോധവത്കരണ ക്ലാസ്സുകൾ നടത്തിയത്. ക്ലാസ്സുകൾക്ക് ഭാരതീയ സുഗന്ധ വിള ഗവേഷണ സ്ഥാപനത്തിലെ ഗവേഷകൻ ഡോ. സജേഷ്, ഡോ. ബിജു, ഡോ. ബിജു തോമസ് എന്നിവർ നേതൃത്വം നൽകി.

പട്ടികവിഭാഗത്തിലെ വ്യക്തികളിൽ നിന്ന് തെരഞ്ഞെടുത്ത 200 പേർക്കാണ് 10 കുരുമുളക് തൈകളും പച്ചക്കറി വിത്തുകളും രണ്ട് കിലോ വരുന്ന മഞ്ഞൾ കിറ്റുകളും വളങ്ങളും വിതരണം ചെയ്യുന്നത്.

കാർഷിക രംഗത്ത് താത്പര്യമുള്ളവർക്ക് ലക്ഷങ്ങൾ വിലമതിക്കുന്ന പദ്ധതികളാണ് വിവിധ സ്ഥാപനങ്ങളോട് സഹകരിച്ച് ജില്ലാ പഞ്ചായത്തിൻ്റെ ആഭിമുഖ്യത്തിൽ ആവിഷ്‌കരിച്ചിട്ടുള്ളത്. പുതിയ കാർഷിക സംസ്കൃതി പ്രോത്സാഹിപ്പിക്കുന്നതിനും ഉത്പാദന വർദ്ധനവിനും ശേഷി വികസനത്തിനുമാണ് ഇതുവഴി ലക്ഷ്യമിടുന്നത്.

പട്ടികജാതി വിദ്യാർത്ഥികൾക്കായി ജില്ലാ പഞ്ചായത്ത് സംഘടിപ്പിച്ചു വരുന്ന പി എസ് സി പരിശീലനത്തിലെ വിദ്യാർത്ഥികൾക്ക് 3300 ഓളം രൂപ വരുന്ന റാങ്ക് ഫയൽ, മുൻ ചോദ്യപേപ്പറുകൾ ഉൾപ്പെടെയുള്ള 10 പുസ്തകങ്ങളും നോട്ട് ബുക്കുകളും പേനയുമുൾപ്പെടുന്ന കിറ്റുകളുടെ വിതരണവും ചടങ്ങിൽ നിർവഹിച്ചു.

വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ നിഷ പുത്തൻപുരയിൽ, പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷ കെ വി റീന, പട്ടികജാതി വികസന ഓഫീസർ ഷാജി, ജില്ലാ എംപ്ലോയ്മെൻ്റ് ഓഫീസർ രവികുമാർ എന്നിവർ ആശംസ നേർന്നു.

ക്ഷേമ കാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ പി സുരേന്ദ്രൻ സ്വാഗതവും ജില്ലാ പഞ്ചായത്ത് അംഗം സി എൻ ബാബു നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!