സഹമിത്ര; ഭിന്നശേഷി രോഗനിർണ്ണയ ക്യാമ്പുകൾ തുടരുന്നു


കോഴിക്കോട്: ജില്ലാ ഭരണകൂടത്തിൻ്റെയും ജില്ലാ സാമൂഹ്യസുരക്ഷ മിഷൻ്റെയും സാമൂഹ്യ നീതി വകുപ്പിൻ്റെയും സംയുക്ത ആഭിമുഖ്യത്തിൽ ജില്ലയിലെ ഭിന്നശേഷി വ്യക്തികളുടെ സമഗ്ര പുരോഗതി ലക്ഷ്യമാക്കി ആരംഭിച്ച സഹമിത്ര പദ്ധതിയുടെ ഭാഗമായുള്ള ഭിന്നശേഷി രോഗ നിർണ്ണയ ക്യാമ്പുകൾ തുടരുന്നു. പദ്ധതിയുടെ കീഴിൽ നാലാമത്തെ ക്യാമ്പാണ് ചൊവ്വാഴ്ച തളി മുഹമ്മദ് അബ്ദുറഹ്മാൻ സാഹിബ് മെമ്മോറിയൽ ജൂബിലി ഹാളിൽ നടന്നത്.
നേരത്തേ അംഗനവാടി ടീച്ചർമാർ മുഖാന്തിരം ഗൃഹസന്ദർശനങ്ങളിലൂടെ ശേഖരിച്ച് മാസങ്ങൾ നീണ്ട പ്രയത്നത്തിലൂടെ ജില്ലയിലെ വിവിധ കോളേജുകളുടെ നേതൃത്വത്തിൽ ഡിജിറ്റലൈസ് ചെയ്ത അപേക്ഷകളാണ് ജില്ലാ ഭരണകൂടത്തിൻ്റെ നേരിട്ടുള്ള മേൽനോട്ടത്തിൽ സംഘടിപ്പിക്കുന്ന ഈ ക്യാമ്പുകളിൽ പരിഗണിക്കുന്നത്.
ഭിന്നശേഷി വ്യക്തികളുടെ അടിസ്ഥാന തിരിച്ചറിയൽ രേഖയായ ഏകീകൃത സവിശേഷ തിരിച്ചറിയൽ കാർഡിന് (യുഡിഐഡി) ആവശ്യമായ മെഡിക്കൽ പരിശോധനകൾ പൂർത്തിയാക്കി ഭിന്നശേഷി നിർണയമാണ് ഇതിലൂടെ നിർവഹിക്കുന്നത്.
ഭിന്നശേഷി വ്യക്തികളുടെ സമഗ്ര പരിരക്ഷ ഉറപ്പാക്കുക, അടിസ്ഥാന രേഖകളുടെ വിതരണം പൂർത്തിയാക്കുക, അനുകൂലമായ സാമൂഹ്യ അന്തരീക്ഷം വളർത്തിയെടുക്കുക, സംസ്ഥാന-കേന്ദ്ര തലത്തിലെ സർക്കാർ പദ്ധതികളുടെയും സ്‌കീമുകളുടെയും വിതരണം ഉറപ്പാക്കുക, ഭിന്നശേഷി സൗഹൃദ കെട്ടിടങ്ങൾ സാധ്യമാക്കുക തുടങ്ങിയ ബഹുമുഖങ്ങളായ കർമ്മപരിപാടികൾ ഉൾപ്പെടുത്തിയതാണ് ജില്ലാ ഭരണകൂടം ആവിഷ്കരിച്ച സഹമിത്ര പദ്ധതി.
112 അപേക്ഷകൾക്ക് മെഡിക്കൽ ബോർഡ് അംഗീകാരം നൽകി. അമ്പതോളം അപേക്ഷകൾ തുടർപരിശോധനകൾക്കായി ശുപാർശ ചെയ്തു.
കോഴിക്കോട് ബ്ലോക്കിലെ കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രം, ഗവ. ജനറൽ ആശുപത്രി എന്നീ ആശുപത്രികൾക്ക് കീഴിൽ രജിസ്റ്റർ ചെയ്ത അപേക്ഷരെയാണ് ചൊവ്വാഴ്ച നടന്ന ക്യാമ്പിൽ പരിഗണിച്ചത്.
വരും ആഴ്ചകളിലും ഭിന്നശേഷി നിർണ്ണയ ക്യാമ്പുകൾ തുടരും. ജില്ലാ കലക്ടറുടെ നേരിട്ട മേൽനോട്ടത്തിൽ യോജിച്ച ശ്രമത്തിൽ വരും മാസങ്ങളോടെ ഭിന്നശേഷി അംഗീകാര രേഖകളുടെ വിതരണം പൂർത്തിയാക്കാനാണ് ജില്ലാ ഭരണകൂടം ലക്ഷ്യമിടുന്നത്.
ജില്ലാ കലക്ടർ സ്നേഹിൽ കുമാർ സിങ്ങ് ക്യാമ്പ് സന്ദർശിച്ചു. ഡോ. നിജീഷ് എ, സാമൂഹ്യ സുരക്ഷാ മിഷൻ റീജ്യണൽ ഡയറക്ടർ ഡോ. സൗമ്യ പി സി, റീജ്യണൽ പ്രോഗ്രാം കോർഡിനേറ്റർ മുഹമ്മദ് ഫൈസൽ, കോർഡിനേറ്റർമാരായ ജിഷോ ജെയിംസ്, രാജീവ് മരുതിയൊട്ട്, നമൃത, ജിൻഷി പി, ജില്ലാ കലക്ടറുടെ ഇൻ്റെർൺസ് തുടങ്ങിയവർ ക്യാമ്പിന് നേതൃത്വം നൽകി. കോഴിക്കോട് ബേബി മെമ്മോറിയൽ ആശുപത്രിയിലെ വിദ്യാർത്ഥികളുടെ പിന്തുണയിലാണ് ക്യാമ്പ് സംഘടിപ്പിച്ചത്.






