കോഴിക്കോട് കാൻസർ കെയർ സൊസൈറ്റി പ്രവർത്തനം ആരംഭിച്ചു

കോഴിക്കോട്: ജില്ലയിലെ കാൻസർ രോഗികളുടെ ക്ഷേമത്തിനും സമ്പൂർണ്ണ ക്യാൻസർ രോഗപ്രതിരോധത്തിനുമായി ജില്ലാ പഞ്ചായത്ത് രൂപം കൊടുത്ത കോഴിക്കോട് കാൻസർ കെയർ സൊസൈറ്റിയുടെ പ്രവർത്തനമാരംഭിച്ചു.

ആദ്യഘട്ടത്തിൽ രോഗം നേരത്തെ കണ്ടുപിടിച്ച് ചുരുങ്ങിയ ചെലവിൽ പൂർണ്ണമായും ഭേദമാക്കാനുള്ള സാഹചര്യം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടുകൂടി ജില്ലയിലെ മുഴുവൻ തദ്ദേശസ്വമരണ സ്ഥാപനങ്ങളിലും ക്യാൻസർ രോഗനിർണയ ക്യാമ്പുകൾ നടത്തുന്നതിൻ്റെ ജില്ലാതല ഉദ്ഘാടനം കക്കോടി കുടുംബാരോഗ്യ കേന്ദ്രത്തിൽ നടന്നു. കക്കോടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ പി ഷീബ അധ്യക്ഷയായ ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ഷീജ ശശി ഉദ്ഘാടനം നിർവഹിച്ചു.

ജില്ലാ പഞ്ചായത്ത് 2012ൽ ആരംഭിച്ച സ്നേഹസ്പർശം പദ്ധതിയുടെ മാതൃകയിൽ കാൻസർ രോഗ, ചികിത്സാരംഗങ്ങളിലൂടെയും ബോധവൽക്കരണ പരിപാടികളിലൂടെയും സമൂഹത്തിൽ ശക്തമായ ഇടപെടൽ നടത്തുകയാണ് ലക്ഷ്യം.

മലബാർ കാൻസർ കെയർ സൊസൈറ്റിയുടെ സാങ്കേതിക സഹായങ്ങൾ ഉപയോഗിച്ച് നടത്തിയ ക്ലിനിക്കിൽ കോഴിക്കോട് മെഡിക്കൽ കോളേജ് റേഡിയോതെറാപ്പി ഡിപ്പാർട്ട്മെൻറ് ഹെഡ് ഡോ. അജയ് കുമാർ നേതൃത്വം കൊടുത്തു. പരിശോധനാ ക്യാമ്പിൽ ഡോ. നർമിന, ഡോ. വി സി രവീന്ദ്രൻ, ഡോ. ഹർഷ ഗംഗാധരൻ എന്നിവർക്കൊപ്പം കക്കോടി കുടുംബാരോഗ്യ കേന്ദ്രത്തിലെ ജീവനക്കാരും ആശാവർക്കർമാരും സജീവമായി പങ്കെടുത്തു. മാമോഗ്രാം, അൾട്രാ സൗണ്ട് സ്കാനിംഗ് ഉൾപ്പെടെ സെർവിക്കൽ, ബ്രസ്റ്റ്, ഓറൽ പരിശോധനകൾ തുടങ്ങിയ ക്യാമ്പിന്റെ സൗജന്യ സേവനങ്ങൾ സർക്കാറിൻ്റെ ശൈലി ആപ്പിൽ രജിസ്റ്റർ ചെയ്തവരിൽ നിന്ന് തെരഞ്ഞെടുത്ത 350 ഓളം ഗുണഭോക്താക്കൾ ഉപയോഗപ്പെടുത്തി.

ജില്ലാ പഞ്ചായത്ത് ഡിവിഷൻ മെമ്പർ ഇ ശശീന്ദ്രൻ, ആർ സി എച്ച് ഓഫീസർ ഡോ. സച്ചിൻ ബാബു, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി ഗവാസ്, ജില്ലാ പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ നിഷ പുത്തൻപുരയിൽ, വി പി ജമീല, കെ വി റീന, പി സുരേന്ദ്രൻ, കക്കോടി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ടി ടി വിനോദ്, കക്കോടി ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ താഴത്തയിൽ ജുമൈലത്ത്, കൈതമോളി മോഹനൻ, പുനത്തിൽ മല്ലിക, സുജ അശോകൻ, വാർഡ് മെമ്പർ എം ശോഭ, നാഷണൽ ഹെൽത്ത് മിഷൻ പ്രോഗ്രാം മാനേജർ ഡോ. ഷാജി സി കെ, ആർദ്ര കേരളം നോഡൽ ഓഫീസർ ഡോ. അഖിലേഷ്, ലോകാരോഗ്യ സംഘടന ജില്ലാ നോഡൽ ഓഫീസർ ഡോ. ശ്രീജിത്ത് സി ബി, കോഴിക്കോട് കാൻസർ കെയർ സൊസൈറ്റി ട്രഷറർ ബി എസ് സനാഥ് എന്നിവർ സംസാരിച്ചു. കുടുംബാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ. ജിനീബ് ചടങ്ങിൽ നന്ദി അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!