കേരള സംഗീത നാടക അക്കാദമി ഗുരുപൂജ പുരസ്‌ക്കാരം നേടിയ മേപ്പയ്യൂര്‍ ബാലന് സ്‌നേഹാദരം

മേപ്പയ്യൂരില്‍ പുരോഗമന കലാസാഹിത്യസംഘവും കെ.പി. കായലാട് ട്രസ്റ്റും ചേര്‍ന്ന് കേരള സംഗീത നാടക അക്കാദമി ഗുരുപൂജ പുരസ്‌ക്കാരം നേടിയ മേപ്പയ്യൂര്‍ ബാലന് സ്‌നേഹാദരം പരിപാടി കേരള സാഹിത്യ അക്കാദമി സെക്രട്ടറി പ്രൊഫ: സി.പി.അബൂബക്കര്‍ ഉദ്ഘാടനം ചെയ്തു.

ട്രസ്റ്റ് ചെയര്‍മാന്‍ കെ. കുഞ്ഞിരാമന്‍ അധ്യക്ഷനായിരുന്നു. മേപ്പയ്യൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ. ടി. രാജന്‍ ഉപഹാരം നല്‍കി. മുഹമ്മദ് പേരാമ്പ്ര, കെ. രാജീവന്‍, സുരേഷ് കല്‍പ്പത്തൂര്‍, ശിവദാസ് ചെമ്പ്ര, എന്‍. കെ. ചന്ദ്രന്‍, എന്‍. രാമദാസ്, പി. കെ. ഷിംജിത്ത് എന്നിവര്‍ സംസാരിച്ചു. കെ. രതീഷ് സ്വാഗതവും എ. എം. കുഞ്ഞിരാമന്‍ നന്ദിയും പറഞ്ഞു.

അനുബന്ധമായി നടന്ന സംഗീതസായാഹ്നത്തില്‍ രതീഷ് മേപ്പയ്യൂര്‍, ശോണിമ ബാലന്‍, പ്രവീണ്‍ കാമ്പ്രം, രാജപാലന്‍ പേരാമ്പ്ര, സായന്ത, ശധ ഷാനവാസ്, ബിന്ദു തുടങ്ങിയ കലാകാരന്‍മാര്‍ വിവിധ ഗാനങ്ങള്‍ ആലപിച്ചു.

മേപ്പയ്യൂർ ബാലൻ അതുല്യനായ പ്രതിഭ; കെ.രതീഷ് മേപ്പയ്യൂർ

പ്രതിഭകളെ സൃഷ്‌ടിക്കുന്നത്‌ ഓരോ ചരിത്രസന്ദർഭങ്ങളാണ്. നിർണ്ണായകമായ ചരിത്രഘട്ടങ്ങളിൽ പ്രതിഭകൾ അവരുടെ കഴിവുകൾ സമൂഹം ആവശ്യപ്പെടുന്ന നിലകളിൽ സർഗ്ഗാത്മകമായി വിനിയോഗിക്കുകയും മനുഷ്യവംശത്തിന് മുന്നോട്ടുകുതിക്കാനുള്ള വഴിയൊരുക്കുകയും ചെയ്യുന്നു. എല്ലാ പ്രതിഭകളും ഈ ജനുസ്സിൽ ഉൾപ്പെടുമോ? ഒരിക്കലും ഇല്ല. കാരണം തന്റെ കഴിവുകളെ മനുഷ്യവംശത്തിനും നാടിനും മുന്നേറാനുള്ള പ്രവർത്തനങ്ങൾക്കായി സമർപ്പിക്കുന്നതിനു പകരം വൈയക്തികവും തികച്ചും സ്വാർത്ഥവുമായ ഉദ്ദേശ്യങ്ങൾക്കും ലക്ഷ്യങ്ങൾക്കുമായി വിനിയോഗിക്കുന്ന മറ്റൊരു കൂട്ടരെയും കാണാം. വ്യവസ്ഥയുടെ തടവുകാരായി മത്സരിക്കുകയാണവർ ചെയ്യുക. തങ്ങളുടെ കഴിവുകളെ മനുഷ്യവംശത്തിനായി നിസ്വാർത്ഥമായി സമർപ്പിച്ച ആദ്യം പരാമർശിച്ച ജനുസ്സിൽ ഉൾപ്പെട്ടവരാണ് ജൈവപ്രതിഭകൾ. അവർ തന്നെയാണ് യഥാർത്ഥ പ്രതിഭകൾ. കാരണം ഏതൊരുവന്റെ പ്രതിഭയുടെ ചെറിയ അംശം പോലും ഈ സമൂഹത്തിന്റെ സംഭാവനയാണെന്ന വസ്‌തുത സ്വയം തിരിച്ചറിയുക എന്നതാണ് പ്രധാനം. അവിടെയാണ് സാമൂഹ്യപുനർനിർമ്മാണത്തിന് തന്റെ പ്രതിഭ വിനിയോഗിക്കണമോ അതോ യഥാസ്ഥിതി തുടരാനും അതിന്റെ ആനുകൂല്യങ്ങൾ പറ്റാനും ശ്രമിക്കണമോ എന്ന വിശകലനങ്ങൾ ഉയർന്നു വരുന്നത്. ഇത്തരത്തിൽ ഉയർന്നു വന്ന പ്രതിഭകൾ സമൂഹത്തെ വലിയ തോതിൽ സ്വാധീനിക്കുകയും മറിച്ചും ഈ സമൂഹം പ്രതിഭകളെ വീണ്ടും സൃഷ്‌ടിക്കുകയും ചെയ്യുന്നു.

മേപ്പയ്യൂർ ബാലൻ യഥാർത്ഥത്തിൽ ഒരു ജൈവപ്രതിഭയാണ്. സമൂഹത്തിൽ നിന്നും ലഭിച്ചതിലേറെ സമൂഹത്തിനു നിസ്വാർത്ഥമായി നൽകിയ പ്രതിഭ. അറുപതുകളുടെ തീഷ്‌ണമായ രാഷ്‌ട്രീയ സാഹചര്യത്തിൽ ഹൈസ്‌കൂൾ വിദ്യാർത്ഥിയായിരുന്ന കാലത്ത് രൂപപ്പെടുത്തിയ രാഷ്ട്രീയ-സംഘടനാ ബോധത്തിൽ പിറവികൊണ്ടതാണ് ആ കലാകാരൻ. പിതാവ് ഇ. പി. നാരായണൻ ഭാഗവതരുടെ സംഗീതപാരമ്പര്യത്തിന്റെ സ്വാധീനവും അന്നത്തെ തിളച്ചു മറിഞ്ഞ രാഷ്ട്രീയവുമാണ് ഈ ജനകീയ കലാകാരനെ വാർത്തെടുത്തത്.

കെ. പി. കായലാട്, സി. പി. അബൂബക്കർ, പി. ബി. മണിയൂർ, കായലാട്ട് രവീന്ദ്രൻ, ടി. പി. വേലായുധൻ, മേപ്പയ്യൂർ കുഞ്ഞമ്മദ്, സുരേഷ് മേപ്പയ്യൂർ തുടങ്ങിയ നിരവധി ഗാനരചയിതാക്കളുടെ വരികൾക്ക് മേപ്പയ്യൂർ ബാലൻ സംഗീതം നൽകി അവതരിപ്പിച്ചു. മേപ്പയ്യൂരിലും പരിസരദേശങ്ങളിലും മലബാറിലുമാകെ കഥാപ്രസംഗവും നാടകവും ഗാനങ്ങളും പതിറ്റാണ്ടുകളോളം അവതരിപ്പിച്ചു.  ഇ. ആർ. അനുസ്മരണങ്ങളിൽ കമ്മ്യൂണിസ്റ് പാർട്ടി സമ്മേളനങ്ങളിൽ ജാഥകളിൽ തെരഞ്ഞെടുപ്പ് വേളകളിൽ ഗായകനായി സംഗീത ഉപകരണങ്ങൾ വായിച്ചുകൊണ്ട് അഭിനേതാവായി നാടക സംവിധായകനായി ചിത്രകാരനായി അങ്ങനെ വ്യത്യസ്ത തലങ്ങളിൽ കലാസാംസ്കാരിക പ്രവർത്തനങ്ങളെ വിന്യസിച്ച മഹാപ്രതിഭ. ജീവിത പ്രതിബന്ധങ്ങൾ മറന്ന് പ്രത്യയശാസ്‌ത്ര പ്രചാരകനായി പ്രസ്ഥാനത്തിന്റെ മുന്നേറ്റത്തിന് തന്റെ പ്രതിഭയെ ജനഹൃദയങ്ങളിലേക്ക് വിദഗ്ദമായി സന്നിവേശിപ്പിച്ച കലാജീവിതം. വർഷങ്ങൾക്കിപ്പുറം മേപ്പയ്യൂർ ബാലൻ കേരള സംഗീതനാടക അക്കാദമിയുടെ ഗുരുപൂജ അംഗീകാരത്തിന് അർഹനായിരിക്കുന്നു.
യാതൊന്നും പ്രതീക്ഷിക്കാത്ത ആ സമർപ്പിത ജീവിതത്തിന് കാലം കരുതിവെച്ച സമ്മാനം.

ഈ സന്ദർഭം നമുക്ക് ഏറെ ആഹ്ലാദം പകരുന്നതാണ്. മേപ്പയ്യൂർ ബാലേട്ടനിലൂടെ സമ്പന്നമായ പാരമ്പര്യമുള്ള മേപ്പയൂരിന്റെ കലാസാംസ്‌കാരിക രംഗം ചരിത്രപരമായി അംഗീകരിക്കപ്പെടുകയാണ്. ഐതിഹാസികമായ കൂത്താളി സമരത്തിന്റെ കേന്ദ്രബിന്ദുവായി മാറിയ ഈ നാട്ടിൽ ഉജ്ജ്വല രക്തസാക്ഷികൾ കെ. ചോയി, കുയിമ്പിൽ കണ്ണൻ, ഉണ്ണരയേട്ടൻ, എടത്തിൽ ഇബ്രാഹിം എന്നിവരുടെ ഹൃദയരക്തം ഒഴുകിയ മണ്ണിൽ കൊടികുത്തി അബ്ദുള്ള എന്നറിയപ്പെടുന്ന കൂത്താളി സമരനായകൻ സഖാവ് സി. കെ. അബ്‌ദുള്ളയുടെ നാട്ടിൽ രാഷ്ട്രീയം കൂടുതൽ തീഷ്ണവും സമരപോരാട്ടങ്ങളാൽ ഉജ്ജ്വലവുമായിരുന്നു.

പ്രകൃതിരമണീയതകൾ കൊണ്ടോ ആകാശനീലിമകൊണ്ടോ ജീവിതം മനോഹരമാകില്ലെന്ന് തിരിച്ചറിഞ്ഞ കമ്മ്യൂണിസ്റ്റ് പോരാളികളാണ് ഇതിഹാസപൂർണ്ണമായ സമരജീവിതം നയിച്ചത്. അതുകൊണ്ടു തന്നെ ഈ മണ്ണിലെ എഴുത്തുകാർ അവരുടെ വാക്കുകളിൽ സമരാഹ്വാനം നിറച്ചു വെച്ചു. കലാകാരന്മാരുടെ ഈണങ്ങളിൽ ജീവിതം കൂടുതൽ ചുമന്നു നിന്നു. സമരഭരിതമായ ചരിത്രമാണ് ഈ നാടിന്റേത്. കലാസാംസ്കാരിക പ്രവർത്തനങ്ങൾ കൊണ്ട് സർഗ്ഗാത്മകമായിരുന്നു അക്കാലത്തെ രാഷ്ട്രീയ മുന്നേറ്റങ്ങൾ. മേപ്പയൂരിൽ ഇ.രാമൻ മാസ്റ്റർ തുടക്കമിട്ട ഈ മുന്നേറ്റത്തിന്റെ നേരവകാശിയാണ് മേപ്പയ്യൂർ ബാലൻ. അതുകൊണ്ടുതന്നെ ഈ അംഗീകാരം ആ തലമുറയ്ക്കും ത്യാഗനിർഭരമായ പ്രവർത്തനങ്ങൾക്കും ലഭിച്ചതാണ്. കെട്ടുകഥകളും നുണക്കഥകളും പറഞ്ഞ് നമ്മുടെ സമൂഹത്തെ ധ്രുവീകരിക്കാൻ കടന്നുവരുന്ന വെറുപ്പിന്റെ വർത്തമാന സ്റ്റോറികൾക്ക് മുൻപിൽ നമ്മുടെ നാട് വിളിച്ച് പറയേണ്ട അഭിമാനത്തോടെ ഉയർത്തിപ്പിടിക്കേണ്ട ഈ കരുത്തുറ്റ റിയൽ സ്റ്റോറികളാണ് ഭാവിയിലേക്കുള്ള ഈ നാടിന്റെ ഈടുവെപ്പ്.

ഈ നാടിന്റെ വഴിത്താരയിൽ ഇവരുടെ ശബ്‌ദമുണ്ട്. സംഗീതമുണ്ട്. ആ തലമുറയുടെ ത്യാഗമുണ്ട്. സഹനമുണ്ട്. ആ അടിത്തറയിലാണ് ഇക്കാണുന്നതെല്ലാം നമ്മൾ കെട്ടിപ്പൊക്കിയത്. എല്ലാ പ്രദേശങ്ങൾക്കും ഇത്തരത്തിലുള്ള ചരിത്രമുണ്ട്. ഈ ചരിത്രത്തെ വിസ്‌മരിച്ചുകൊണ്ട് ഒരിഞ്ചു പോലും മുന്നോട്ട് പോകാൻ കഴിയില്ല. പി സായിനാഥിന്റെ ഏറ്റവും പുതിയ പുസ്തകമാണ്. ‘ദി ലാസ്റ്റ് ഹീറോസ്: ഫൂട്ട് സോൾജേഴ്‌സ് ഓഫ് ഇന്ത്യൻ ഫ്രീഡം’. സ്വാതന്ത്ര്യസമരചരിത്രത്തിൽ രേഖപ്പെടുത്താതെ പോയ പോരാളികളെയും അവരുടെ ത്രസിപ്പിക്കുന്ന പോരാട്ടങ്ങളും ശ്രമകരമായി സമാഹരിച്ച വസ്തുതകൾ ഉള്ളടക്കം ചെയ്തതാണ് ഈ ഗ്രന്ഥം. ഇത്തരത്തിലുള്ള പരിശ്രമങ്ങൾ ഇക്കാലത്ത് വളരെയേറെ പ്രസക്തമാണ്. ബോധപൂർവ്വമായ തിരസ്കാരങ്ങളുടെ കാലത്ത് വീണ്ടെടുപ്പുകൾ വിലപ്പെട്ടതാണ്. ചരിത്രത്തെ ബോധപൂർവ്വം അവഗണിക്കുന്ന ചരിത്രരേഖകൾ വെട്ടിത്തിരുത്തുന്ന ഫാസിസ്റ്റ് വർത്തമാനത്തിൽ ഈ പുരസ്‌കാരലബ്‌ധിയിലൂടെ വീണ്ടെടുക്കപ്പെടുന്ന സ്മരണകൾ വളരെ വിലയേറിയതാവുന്നു. നാടിന്റെ ജനാധിപത്യവും മതനിരപേക്ഷതയും സംരക്ഷിക്കാൻ ഇത്തരം വീണ്ടെടുപ്പുകൾ കൂടിയേ തീരൂ.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!