അടിസ്ഥാന ജനവിഭാഗങ്ങളുടെ മുഖ്യധാരാ പ്രവേശനത്തിന് സർക്കാർ പ്രതിജ്ഞാബദ്ധം: മന്ത്രി ഒ ആർ കേളു

അംബേദ്കർ ഗ്രാമവികസന പദ്ധതിയുടെ ഭാഗമായി ഇരിങ്ങൽ കോട്ടക്കുന്ന് നഗർ കേന്ദ്രീകരിച്ച് വിവിധ വികസന പ്രവർത്തികളുടെ ഉദ്ഘാടനം നിർവഹിച്ചു

അടിസ്ഥാന ജനവിഭാഗങ്ങളുടെ സമഗ്ര ഉന്നമനം സാധ്യമാകുമ്പോഴാണ് സാമൂഹിക മുന്നേറ്റവും വികസനവും യാഥാർഥ്യമാകുന്നതെന്നും അടിസ്ഥാന ജനവിഭാഗങ്ങളുടെ മുഖ്യധാരാ പ്രവേശനത്തിന് സംസ്ഥാന സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും പട്ടികജാതി പട്ടികവർഗ വികസന വകുപ്പ് മന്ത്രി ഒ ആർ കേളു.

അംബേദ്കർ ഗ്രാമവികസന പദ്ധതിയുടെ ഭാഗമായി ഇരിങ്ങൽ കോട്ടക്കുന്ന് നഗർ കേന്ദ്രീകരിച്ച് നടത്തിയ വികസന പ്രവർത്തികളുടെ ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.

സംസ്ഥാന സർക്കാരിൻ്റെ നേതൃത്വത്തിൽ സമസ്ത മേഖലകളിലും അതിവേഗത്തിലുള്ള വികസനം സാധ്യമാക്കാനും അതിദരിദ്രർ ഇല്ലാത്ത സംസ്ഥാനം എന്ന അപൂർവ്വ നേട്ടത്തിനുമായാണ് നാം പരിശ്രമിക്കുന്നത്.
കൊയിലാണ്ടി പ്രദേശത്ത് അടുത്ത ഒരു നഗർ കൂടെ തെരഞ്ഞെടുത്ത് അംബേദ്കർ ഗ്രാമവികസന പദ്ധതി നടപ്പിലാക്കുമെന്ന് മന്ത്രി അറിയിച്ചു. ഈ സാമ്പത്തിക വർഷം തന്നെ സാധ്യമായ എല്ലാ പദ്ധതികളും സാമ്പത്തിക സ്രോതസ്സുകളും സംയോജിപ്പിച്ച് സമഗ്ര വികസനം കൊണ്ടുവരാനാണ് ശ്രമിക്കുന്നത്.

പട്ടികജാതി ജനവിഭാഗങ്ങൾക്കിടയിൽ നിന്ന് 800 വിദ്യാർത്ഥികളെ വിദേശ പഠനത്തിന് സർക്കാർ നേതൃത്വത്തിൽ അയച്ചതായി മന്ത്രി ചൂണ്ടിക്കാട്ടി. അവർക്ക് ജോലി ചെയ്യുന്നതിനുള്ള സാഹചര്യവും ഉറപ്പാക്കി കൊണ്ടിരിക്കുന്നു. കാലത്തിനൊത്ത് മാറാൻ നമുക്ക് സാധിക്കണമെന്നും മന്ത്രി കേളു ഓർമ്മപ്പെടുത്തി.

ഒരു കോടി രൂപ ചിലവിലാണ് കോട്ടക്കുന്ന് നാല് സെൻ്റ് നഗർ, ലക്ഷം വീട് നഗർ, കിളച്ച പറമ്പ് റോഡ് എന്നിവിടങ്ങളിൽ നടപ്പാതകൾ, കോട്ടപ്പറമ്പ് പെരിങ്ങാട് റോഡ് നിർമ്മാണം, കോട്ടപ്പറമ്പ് പുത്തൻ പുരയിൽ റോഡിൽ കോട്ടക്കുന്ന് ലക്ഷം വീട് നഗറിൽ കിണർ പുനരുദ്ധാരണം, കിളച്ചപ്പറമ്പ് റോഡ് നഗറിൽ കുഴൽ കിണർ നിർമ്മാണം, കോട്ടക്കുന്ന് അംഗനവാടി മുറ്റത്ത് വയോജനങ്ങൾക്കുള്ള ഇരിപ്പിടവും വിശ്രമ കേന്ദ്രവും, മൂന്ന് സോളാർ തെരുവ് വിളക്കുകളും എന്നിവ വികസന പദ്ധതിയുടെ ഭാഗമായി സാധ്യമാക്കിയത്.

സർക്കാരിൻ്റെ പൊതുമേഖല സ്ഥാപനമായ കേരള ഇലക്ട്രിക്കൽ & അലീഡ്‌ എഞ്ചിനീയറിങ് കമ്പനി ലിമിറ്റഡിനാണ് പദ്ധതിയുടെ നിർവഹണ ചുമതല. 2023 സെപ്തംബറിൽ ആരംഭിച്ച പ്രവർത്തികൾ സമയബന്ധിതമായി പൂർത്തിയാക്കി.

കാനത്തിൽ ജമീല എംഎൽഎ അധ്യക്ഷയായി. പയ്യോളി നഗരസഭ ചെയർമാൻ വി കെ അബ്ദുറഹ്മാൻ, മേലടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് സുരേഷ് ചങ്ങാടത്ത് എന്നിവർ മുഖ്യാതിഥികളായി. ജില്ലാ പട്ടിക വികസന ഓഫീസർ കെ പി ഷാജി പദ്ധതി അവതരണം നടത്തി. കെൽ പ്രൊജക്ട് മാനേജർ കെ അബ്ദുറഹ്മാൻ റിപ്പോർട്ടവതരണം നടത്തി.

പയ്യോളി നഗരസഭ വൈസ് ചെയർപേഴ്സൺ പത്മശ്രീ പള്ളിവളപ്പിൽ, വിവിധ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺമാരായ മഹിജ എളോടി, അഷറഫ് കോട്ടക്കൽ എന്നിവരും പി ഷാജി, എ രാജൻ, മത്തത്ത് സുരേന്ദ്രൻ, കെ കെ ഹമീദ്, കെ പി രവീന്ദ്രൻ, പി പി മോഹൻദാസ്, എസ് വി റഹ്മത്തുള്ള, എം റഷീദ്, സി പി ഉമ്മർകുട്ടി, കെ കെ ബാബു, മേലടി ബ്ലോക്ക് എസ് സി പ്രമോട്ടർ രമ്യ കുമാരൻ എന്നിവരും സംസാരിച്ചു. നഗരസഭ കൗൺസിലർ കെ കെ സ്മിതേഷ് സ്വാഗതവും മേലടി ബ്ലോക്ക് എസ് സി ഡി ഒ അസീസ് ടി നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!