ഉന്നതി സൂപ്പർ ലീഗ് ഫുട്ബോൾ; ഷൂട്ടൗട്ടിൽ ബെലിയാരംസ് എഫ്സി ജേതാക്കൾ
-ലഹരിക്കെതിരെ കായികം ലഹരിയാക്കുക എന്ന ആശയത്തിലാണ് ടൂർണമെൻറ് സംഘടിപ്പിച്ചത്
ജില്ലാ ഭരണകൂടത്തിൻ്റെയും ജില്ലാ സാമൂഹ്യനീതി വകുപ്പിൻ്റെയും പട്ടികവർഗ വികസന വകുപ്പിൻ്റെയും സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിച്ച ഉന്നതി സൂപ്പർ ലീഗ് ഫുട്ബോൾ ടൂർണമെന്റിൽ ബെലിയാരംസ് എഫ് സി ജേതാക്കൾ.
വട്ടച്ചിറ കോടഞ്ചേരി സാംസ്കാരിക നിലയത്തിൻ്റെ സമീപം മൈതാനിയിൽ സംഘടിപ്പിച്ച ടൂർണമെന്റിലെ ഫൈനലിൽ ഷൂട്ടൗട്ടിലാണ് ബെലിയാരംസ് തുഷാരഗിരി എഫ്സി യെ ഒരു ഗോളിന് കീഴടക്കിയത്.
മികച്ച കളിക്കാരനായി തുഷാരഗിരി എഫ് സിയിലെ വിമലിനേയും മികച്ച ഗോൾ കീപ്പറായി ബെലിയാരംസ് എഫ് സി യിലെ മനുവിനേയും തെരഞ്ഞെടുത്തു.
നഷാമുക്ത് ഭാരത് അഭിയാൻ കേന്ദ്ര പദ്ധതിയുടെ ഭാഗമായാണ് മത്സരം സംഘടിപ്പിച്ചത്. പരിപാടിക്ക് വി കെ സി ഗ്രൂപ്പ് പിന്തുണയേകി. വട്ടച്ചിറ, ചെമ്പുകടവ്, തെയ്യപ്പാറ, മേലെ പൊന്നങ്കയം തുടങ്ങിയ ഉന്നതികളിലെ ക്ലബുകൾക്കായാണ് ടൂർണമെന്റ് സംഘടിപ്പിച്ചത്.
ശരീരത്തിനും മനസ്സിനും ഹാനികരമാകുന്ന ലഹരിപദാർത്ഥങ്ങൾക്കെതിരെ കായിക ശീലങ്ങളെ ലഹരിയാക്കുക എന്ന ആശയം മുൻനിർത്തിയാണ് ടൂർണമെന്റ് സംഘടിപ്പിച്ചത്.
ജില്ലാ കലക്ടർ സ്നേഹിൽ കുമാർ സിംഗിൻ്റെ നേതൃത്വത്തിലുള്ള ഡി സി റേഞ്ചേഴ്സ് എഫ് സി മത്സരത്തിൽ മാറ്റുരച്ചത് പ്രധാന ആകർഷണമായി.
ഫൈനൽ മത്സരത്തിലെ ടീമുകൾ കൂടാതെ ഡി സി റേഞ്ചേഴ്സ് എഫ് സി, സ്പാർക്സ് എ ഫ് സി എന്നീ ടീമുകളാണ് സെമി കളിച്ചത്. ആകെ 8 ടീമുകൾ പങ്കെടുത്തു.
ലിൻ്റോ ജോസഫ് എംഎൽഎ കിക്കോഫ് ചെയ്ത് മത്സരം ഉദ്ഘാടനം ചെയ്തു. കോടഞ്ചേരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ജമീല അസീസ് സമാപന ചടങ്ങിൽ മുഖ്യാതിഥിയായി. വാർഡ് മെമ്പർമാരായ റോസിലി മാത്യു, സിസിലി ജേക്കബ്, ചിന്ന അശോകൻ, പട്ടികവർഗ വികസന വകുപ്പ് ജില്ലാ ഓഫീസർ, കോടഞ്ചേരി മേഖല എക്സ്റ്റൻഷൻ ഓഫീസർ സലീഷ്, പേരാമ്പ്ര മേഖല എക്സ്റ്റൻഷൻ ഓഫീസർ ഷമീർ, ഊര് മൂപ്പൻ അയ്യപ്പൻ, ഡോ. നിജീഷ് എ തുടങ്ങിയവർ പരിപാടിയിൽ സംബന്ധിച്ചു.
ജില്ലാ കലക്ടറുടെ ഇൻ്റേൺഷിപ്പ് പ്രോഗ്രാം അംഗങ്ങളാണ് പരിപാടിയുടെ ഏകോപനം നിർവഹിച്ചത്.
ദുരുപയോഗത്തിനിടയാക്കുന്ന പൊതുവിടങ്ങൾ സൗന്ദര്യവൽക്കരിച്ച് ഗുണപ്രദമായ പരിപാടികൾക്ക് പ്രയോജനപ്പെടുത്തുക എന്ന ലക്ഷ്യത്തിൽ ആവിഷ്കരിച്ച ജില്ലാ ഭരണകൂടത്തിന്റെ ‘ഓപ്പറേഷൻ സൽസമുക്ക്’ പദ്ധതിയുടെ ഭാഗമായി കോടഞ്ചേരി സാംസ്കാരിക നിലയത്തിൻ്റെ ചുവരിൽ വാൾ പെയിൻ്റിംഗും നടത്തി. പെയിൻ്റിംഗിന് ശാരൂപ്, അഭി, സാന്ദ്ര, അനുപ്രിയ എന്നിവർ നേതൃത്വം നൽകി.
രാവിലെ 7.30 മുതൽ വൈകീട്ട് 4.30 വരെ നീണ്ട ടൂർണമെന്റിലുടനീളം പ്രദേശവാസികളുടെ നിറഞ്ഞ സാന്നിധ്യമുണ്ടായി.